News

ജോർദാൻ നദിക്കരയിൽ യേശുവിൻറെ ജ്ഞാനസ്നാന തിരുനാളിൽ പങ്കുചേര്‍ന്ന് ആയിരങ്ങൾ

പ്രവാചകശബ്ദം 15-01-2024 - Monday

ജോര്‍ദാന്‍: യേശുക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാളായി ആചരിക്കപ്പെടുന്ന ജനുവരി പന്ത്രണ്ടാം തീയതി ജോർദാൻ നദിക്കരയിൽ എത്തിച്ചേർന്നത് ആയിരക്കണക്കിന് തീർത്ഥാടകര്‍. യേശു ജ്ഞാനസ്നാനം സ്വീകരിച്ച ജോര്‍ദാനില്‍ ജെറുസലേം പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയോടൊപ്പം ക്രിസ്തുവിന്റെ ജ്ഞാനസ്നാനം സ്മരിക്കുവാനാണ് ആയിരങ്ങള്‍ എത്തിയത്. പ്രാദേശിക ഭാഷയിൽ മുങ്ങുക എന്ന അർത്ഥം വരുന്ന അൽ മാഗ്താസ് എന്ന സ്ഥലത്താണ് എല്ലാവർഷവും അനുസ്മരണത്തിനു വേണ്ടി ആളുകൾ ഒരുമിച്ചു കൂടുന്നത്. ചാവുകടലിന്റെ 9 കിലോമീറ്റർ ഉത്തരഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ വിശുദ്ധ സ്നാപക യോഹന്നാന്റെ നാമധേയത്തിലുള്ള ദേവാലയങ്ങളും, ഏലിയാ പ്രവാചകൻ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട അൽ കാർ എന്ന സ്ഥലവും സ്ഥിതി ചെയ്യുന്നു.

നാഷണൽ പാർക്ക് ആയിട്ടാണ് ഇവിടം സംരക്ഷിക്കപ്പെടുന്നത്. രാജകുടുംബാംഗവും, അബ്ദുല്ല രണ്ടാമൻ രാജാവിൻറെ സാംസ്കാരിക, മതകാര്യ ഉപദേശകനുമായ ഖാസി ബിൻ മുഹമ്മദ് രാജകുമാരൻ അധ്യക്ഷൻ ആയിട്ടുള്ള ബാപ്റ്റിസം സൈറ്റ് കമ്മീഷനാണ് പാർക്കിന്റെ മേൽനോട്ട ചുമതല വഹിക്കുന്നത്. നിരവധി ക്രൈസ്തവ വിഭാഗങ്ങൾക്ക് നദിയുടെ സമീപത്ത് ദേവാലയങ്ങൾ നിർമ്മിക്കാനുള്ള അനുമതി കമ്മീഷൻ നൽകിയിരുന്നു. തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുർബാന അർപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിൽ തുടരുന്ന ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്തണമെന്ന് ജെറുസലേം പാത്രിയാർക്കീസ് ആവശ്യപ്പെട്ടു.

ആയുധങ്ങളുടെ ഉപയോഗവും, കൊലപാതകങ്ങളും, വീടുകൾ തകർക്കുന്ന നടപടികളും അവസാനിപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. മനുഷ്യാവകാശ സഹായങ്ങൾ ഇടതടവില്ലാതെ എത്തിക്കുന്ന ജോർദാനിലെ രാജകുടുംബത്തോടും, സർക്കാരിനോടും, സൈന്യത്തോടും ജെറുസലേം പാത്രിയാർക്കീസ് പിയർബാറ്റിസ്റ്റ പിസബല്ല നന്ദി പറഞ്ഞു. ക്രിസ്തുമസ് രാത്രിയിൽ ഉത്തര ഗാസയിൽ സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഇടവക ദേവാലയത്തിലേക്ക് ക്രൈസ്തവർക്ക് വേണ്ട സഹായങ്ങൾ എത്തിച്ച ജോർദാനിയൻ ഹോസ്പിറ്റലിനോടും, ഹാഷിമേറ്റ് ചാരിറ്റബിൾ ഓർഗനൈസേഷനോടും പാത്രിയാർക്കീസ് നന്ദി രേഖപ്പെടുത്തി. വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കുന്നതിന് മുമ്പ് ജോർദാൻ നദിയിൽ നിന്ന് ഒരു പാത്രത്തിൽ ശേഖരിച്ച ജലം അദ്ദേഹം വിശ്വാസികളുടെ മേൽ ജ്ഞാനസ്നാന നവീകരണത്തിന്റെ അടയാളമായി തളിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്.


Related Articles »