News - 2024

ഐഎസിനെ നേരിടുവാന്‍ ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവരുടെയും ജൂതരുടെയും ഒപ്പം സംഘടിക്കണം: ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍

സ്വന്തം ലേഖകന്‍ 26-11-2016 - Saturday

കാൻബറ: ഐഎസ് തീവ്രവാദികളെ നേരിടുവാന്‍ ഇസ്ലാം മത വിശ്വാസികള്‍ ക്രൈസ്തവരോടും, ജൂതന്‍മാരോടും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കണമെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം നടത്തുന്ന അദ്ദേഹം 'ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്' നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.

"ഐഎസ് തീവ്രവാദികളെ പൂര്‍ണ്ണമായും നശിപ്പിക്കുക എന്നത് എല്ലാവരുടെയും മുഖ്യമായ ആവശ്യമാണ്. ഐഎസ് എന്നത് ഒരു ആഗോള പ്രശ്‌നമാണ്. ഇതിനെ നേരിടുവാന്‍ മുസ്ലീം വിശ്വാസികള്‍ക്ക് ക്രൈസ്തവരുടെയും, ജൂതന്‍മാരുടെ സഹായം കൂടിയേ തീരൂ. അതിനായി ഏവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യണം. മുസ്ലീങ്ങളും, ക്രൈസ്തവരും, ജൂതന്‍മാരുമെല്ലാം ഒരേ പ്രശ്‌നത്തിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് നാം മനസിലാക്കണം".

സിറിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ മാത്രമല്ല ഐഎസ് ഭീഷണി നേരിടുന്നതെന്നും അബ്ദുള്ള രണ്ടാമന്‍ രാജാവ് ചൂണ്ടികാണിച്ചു. "ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐഎസ് തീവ്രവാദികളും അതിനോട് ആശയ സമത്വം പുലര്‍ത്തുന്നവരുമായ നിരവധി പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബോക്കോഹറാം, അല്‍ ഷബാബ്, അല്‍ താലിബാന്‍ തുടങ്ങിയ നിരവധി തീവ്രവാദ സംഘടനകള്‍ ഭീഷണിയായി തുടരുന്നു. സമീപപ്രദേശങ്ങളില്‍ തീവ്രവാദികള്‍ പിടിമുറുക്കുന്നത് എല്ലാവര്‍ക്കും ഒരേ പോലെ ഭീഷണിയാണ്". അബ്ദുള്ള രണ്ടാമന്‍ രാജാവ് അഭിമുഖത്തില്‍ പറഞ്ഞു.

അമേരിക്കയുടെ നിയുക്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും, മുസ്ലീം വിശ്വാസികളെ യുഎസില്‍ കയറ്റില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലയെന്നും അബ്ദുള്ള രണ്ടാമന്‍ രാജാവ് പറഞ്ഞു. ചില മേഖലകളില്‍ ട്രംപിന്റെ ആശയത്തോട് യോജിക്കുവാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പലരും അദ്ദേഹത്തിന്റെ നയങ്ങളെ ഭീകരമായി പെരുപ്പിച്ചു കാണിക്കുന്നു. ആശങ്കയോടെ ഇതിനെ നോക്കികാണേണ്ടതില്ല. അബ്ദുള്ള രണ്ടാമന്‍ രാജാവ് പറഞ്ഞു.

തീവ്രവാദത്തെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ഓസ്‌ട്രേലിയന്‍ അറ്റോര്‍ണി ജനറല്‍ ജോര്‍ജ് ബ്രാന്‍ഡിസ്, നിയമകാര്യ വകുപ്പ് മന്ത്രി മൈക്കിള്‍ കീനന്‍ എന്നിവരുമായി ജോര്‍ദാന്‍ രാജാവ് പ്രത്യേകം ചര്‍ച്ചകള്‍ നടത്തി.


Related Articles »