News - 2025
ജോര്‍ദാന്‍ രാജാവ് അബ്ദുള്ള ബിന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍ 22-12-2017 - Friday
വത്തിക്കാന്‍ സിറ്റി: ജോര്‍ദാന്‍ രാജാവ് അബ്ദുള്ള ബിന്‍ അല്‍-ഹൂസൈന്‍ രണ്ടാമന്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ 19 ചൊവ്വാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. മദ്ധ്യപൂര്‍വ്വദേശത്ത് വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളുടെയും രാഷ്ട്രീയ നീക്കങ്ങളുടെയും പശ്ചാത്തലത്തില്‍ ജറുസലേമിന്‍റെയും മറ്റു വിശുദ്ധ സ്ഥലങ്ങളുടെയും സംരക്ഷണം, ഹേഷ്മൈറ്റ് തദ്ദേശ അറബ് ജനതയുടെ സ്ഥാനം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ഇസ്രായേലിന്‍റെ തലസ്ഥാനം ടെല്‍-അവീവില്‍നിന്നും ആത്മീയ കേന്ദ്രമായ ജറുസലമിലേക്ക് മാറ്റാനുള്ള ഏകപക്ഷീയമായ തീരുമാനവും, അതിനെ പിന്‍താങ്ങുന്ന ഇപ്പോഴത്തെ അമേരിക്കന്‍ സര്‍ക്കാരിന്‍റെ നയവുമാണ് അടുത്തുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണമായതെന്ന് ജോര്‍ദാന്‍ രാജാവ് പ്രസ്താവിച്ചു. മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ ക്രൈസ്തവ പാരമ്പര്യവും ചരിത്ര കാലത്തോളം പഴക്കമുള്ള വിശ്വാസമൂല്യങ്ങളും സ്മാരകങ്ങളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
സന്ദര്‍ശനാന്തരം ഇരുവരും സമ്മാനങ്ങള്‍ കൈമാറി. പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജോര്‍ദാന്‍ രാജാവും സംഘവും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശകാര്യാലയമേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും കൂടിക്കാഴ്ച നടത്തി.