News - 2025
നോമ്പുകാല ധ്യാനം ഇത്തവണയും വ്യക്തിപരമായി നടത്താന്‍ ഫ്രാൻസിസ് മാർപാപ്പ
പ്രവാചകശബ്ദം 18-01-2024 - Thursday
വത്തിക്കാന്‍ സിറ്റി: ഈ വർഷത്തെ പരമ്പരാഗത നോമ്പുകാല ധ്യാനം ഫ്രാൻസിസ് മാർപാപ്പയും റോമൻ കൂരിയയും വെവ്വേറെ നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ കാര്യാലയം. തുടർച്ചയായ അഞ്ചാം വർഷമാണ് പരിശുദ്ധ പിതാവും കൂരിയായും തമ്മിലുള്ള സംയുക്ത ധ്യാനം റദ്ദാക്കുന്നത്. റോമന്‍ കൂരിയ അംഗങ്ങള്‍ തപസ്സുകാലധ്യാനം ആരംഭിക്കുന്നതിന് സ്വന്തമായ ക്രമീകരണങ്ങൾ നടത്തും. ഫെബ്രുവരി 18ന് നോമ്പിന്റെ ആദ്യ ഞായറാഴ്ച, മദ്ധ്യാഹ്നത്തിലെ ത്രികാലജപത്തെത്തുടർന്നു ആരംഭിക്കുന്ന ഈ വർഷത്തെ ധ്യാനം, ഫെബ്രുവരി 23ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു സമാപിക്കും.
1925-ൽ പയസ് പതിനൊന്നാമന്റെ ഭരണകാലം മുതലാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന മാർപാപ്പയുടെ ധ്യാന പാരമ്പര്യം ആരംഭിച്ചത്. 1964-ൽ പോൾ ആറാമൻ മാർപാപ്പ ധ്യാനദിവസങ്ങൾ വലിയ നോമ്പിലെ ആദ്യ ആഴ്ചയിലാക്കി പുനഃക്രമീകരിച്ചു. 2014-ല്‍ ഫ്രാൻസിസ് മാർപാപ്പയാണ് വത്തിക്കാനിൽ നിന്നും അരീസിയയിലേക്ക് ധ്യാനസ്ഥലം മാറ്റിയത്. റോമിന്റെ ഇരുപത് മൈൽ തെക്കുപടിഞ്ഞാറുള്ള ആൽബൻ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന അരിസിയ പട്ടണത്തിലാണ് ധ്യാനം നടത്താറുള്ളത്.
കഴിഞ്ഞ വര്‍ഷങ്ങളിലെപോലെത്തന്നെ ധ്യാന ദിവസങ്ങളിലെ മറ്റ് പരിപാടികളെല്ലാം മാര്‍പാപ്പ റദ്ദാക്കിയിട്ടുണ്ട്. ജലദോഷത്തെ തുടര്‍ന്നു മാർപാപ്പ 2020 ലെ ധ്യാനം റദ്ദാക്കിയിരുന്നു. കോവിഡ് -19 മഹാമാരിയെ തുടർന്നുള്ള രണ്ട് വർഷങ്ങളിൽ മാർപാപ്പയ്ക്കും റോമന്‍ കൂരിയായിലെ ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള ധ്യാനം വെവ്വേറെയാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷവും വ്യക്തിപരമായിട്ട് തന്നെയായിരിന്നു ധ്യാനം. അതേസമയം തുടര്‍ച്ചയായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധയും ബ്രോങ്കൈറ്റിസും മൂലം ഫ്രാന്‍സിസ് പാപ്പ ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
