India - 2024
കുരിശിന് മുകളിൽ കാവി കൊടി ഉയർത്തിയ സംഭവം: നാളെ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്
പ്രവാചകശബ്ദം 27-01-2024 - Saturday
കൊച്ചി: ക്രൈസ്തവ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് മധ്യപ്രദേശിൽ ക്രൈസ്തവ ദേവാലയത്തിലെ കുരിശിന് മുകളിൽ കാവി കൊടി ഉയർത്തിയ സംഭവത്തെ അപലപിച്ച് നാളെ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്. കുരിശില്‍ കാവിക്കൊടി ഉയര്‍ത്തി ആർപ്പുവിളികൾ മുഴക്കി ആക്രോശിച്ച സംഘപരിവാർ പ്രവർത്തകരുടെ പ്രവർത്തി തികച്ചും അപലപനീയമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി പ്രസ്താവിച്ചു.
ഇതിനെ അപലപിച്ച് നാളെ കേരളത്തിലെ 32 രൂപതകളിലും പ്രതിഷേധ പരിപാടി നടത്തുവാൻ കെസിവൈഎം സംസ്ഥാന സമിതി ആഹ്വാനം നല്‍കി. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ച് ജനുവരി 28 ന് തൃശൂർ അതിരൂപതയുടെ ആതിഥേയത്വത്തിൽ വൈകിട്ട് 4.30 ന് തൃശ്ശൂർ ടൗണിൽ നടത്തും.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ചാണ് മധ്യപ്രദേശിൽ ക്രൈസ്‌തവ ദേവാലയങ്ങൾക്കുനേരേ അധിനിവേശവുമായി ഹിന്ദുത്വവാദികള്‍ രംഗത്ത് വന്നത്. ജാബുവ ജില്ലയിലെ ക്രൈസ്തവ ആരാധനാലയത്തിന് മുകളിൽ കയറി കുരിശിനു മുന്നിലായി ഒരു സംഘം യുവാക്കൾ കാവിക്കൊടി ഉയർത്തുകയായിരിന്നു. ജയ് ശ്രീറാം വിളികളോടെയായിരിന്നു കൊടി നാട്ടല്‍. അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് കാവി പതാക സ്ഥാപിക്കുന്നതെന്നു ഹിന്ദുത്വവാദികള്‍ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരിന്നു.