News - 2024

തടങ്കലിലാക്കിയത് വചനപ്രഘോഷകർ ഉൾപ്പെടെ 17 ക്രൈസ്തവരെ; പുതുവര്‍ഷത്തിലും യു‌പിയില്‍ ക്രൈസ്തവ വേട്ട തുടര്‍ക്കഥ

പ്രവാചകശബ്ദം 29-01-2024 - Monday

ലക്നൌ: പുതുവര്‍ഷത്തില്‍ സുവിശേഷപ്രഘോഷകർ ഉൾപ്പെടെ 17 ക്രൈസ്തവരെ ഉത്തർപ്രദേശ് സര്‍ക്കാര്‍ അകാരണമായി ജയിലിൽ അടച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ ക്രിസ്ത്യന്‍ വാര്‍ത്ത ഏജന്‍സിയായ യു‌സി‌എ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ തീവ്ര ഹിന്ദുത്വ സംഘടനകളെ പ്രീണിപ്പിക്കാനായി മതപരിവർത്തനം അടക്കമുള്ള കുറ്റങ്ങൾ പോലീസ് ചുമത്തുന്നത് മൂലം വിശ്വാസം പിൻതുടരാൻ ക്രൈസ്തവർ ഭയം നേരിടുകയാണെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും ഒടുവിലായി ജനുവരി 24നു ഒരു വചനപ്രഘോഷകന്‍ ഉൾപ്പെടെ രണ്ട് ക്രൈസ്തവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിച്ചു എന്നതാണ് അവരുടെ മേൽ ചുമത്തപ്പെട്ട കുറ്റം. ജനുവരി 25നു അവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.

സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമ മറവിലാണ് ഉത്തര്‍പ്രദേശില്‍ ക്രൈസ്തവരെ കള്ളക്കേസില്‍ കുടുക്കുന്നത് വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്. പ്രദേശത്ത് ഒരു പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിക്കുക എന്നത് പോലും വളരെയധികം പ്രയാസമുള്ള ഒരു കാര്യമായി മാറിയിരിക്കുകയാണെന്ന് ഇന്ത്യൻ മിഷ്ണറി സൊസൈറ്റി അംഗമായി വാരണാസിയിൽ സേവനം ചെയ്യുന്ന ഫാ. ആനന്ദ് മാത്യു പറഞ്ഞു. മുഖ്യധാര മാധ്യമങ്ങൾ എല്ലാദിവസവും നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മകളെ മതപരിവർത്തന ലക്ഷ്യം വെച്ച് നടക്കുന്ന സംഗമങ്ങളായി ചിത്രീകരിക്കുന്നത് മൂലം നിരവധി വചനപ്രഘോഷകര്‍ പ്രാർത്ഥന കൂട്ടായ്മകൾ തന്നെ ഉപേക്ഷിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

അടിസ്ഥാനമില്ലാത്ത ഇത്തരം പ്രചാരണങ്ങൾ തീവ്ര സംഘടനകളെ ശക്തിപ്പെടുത്തുക മാത്രമല്ല ചെയ്യുന്നതെന്നും സാധാരണ ഹൈന്ദവ വിശ്വാസികളുടെ ഇടയിൽ ക്രൈസ്തവരെപ്പറ്റി സംശയമുണ്ടാക്കാൻ അത് കാരണമായി തീരുകയാണെന്നും ഫാ. ആനന്ദ് മാത്യു പറഞ്ഞു. ഇന്ത്യയില്‍ 140 കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും 2.3 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. തീവ്ര ഹിന്ദുത്വ നേതാവ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ 20 കോടിയോളം വരുന്ന ജനസംഖ്യയില്‍ ക്രൈസ്തവര്‍ വെറും 0.18 ശതമാനമാണ്. ഭാരതത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു.


Related Articles »