News - 2024

യേശുവിനു ശേഷം മരിച്ചവർ യേശുവിന് മുന്‍പ് മരിച്ചവരെക്കാൾ ഭാഗ്യവാന്മാരാണോ? അക്രൈസ്‌തവരെപോലെ സത്പ്രവൃത്തികൾ ചെയ്‌തുകൊണ്ട് ക്രൈസ്തവർക്കും രക്ഷ നേടാനാകുമോ?

പ്രവാചകശബ്ദം 04-07-2024 - Thursday

യേശു മരിച്ചതിന് ശേഷമാണ് രക്ഷകിട്ടിയത് എന്ന് സൂചനവെച്ച് നോക്കുകയാണെങ്കില്‍ യേശുവിനുശേഷം മരിച്ചവർ യേശുവിന് മുമ്പ് മരിച്ചവരെക്കാൾ ഭാഗ്യവാന്മാരാണോ? അതുപോലെ അക്രൈസ്‌തവരെപോലെ സത്പ്രവൃത്തികൾ ചെയ്‌തുകൊണ്ട് ക്രൈസ്തവർക്കും രക്ഷനേടാനാകുമോ?

- ഈശോയുടെ കുരിശുമരണത്തിനുമുമ്പ് മരിച്ചവരുടെയും ഈശോയുടെ കുരിശുമരണത്തിനു ശേഷം ജീവിച്ച് മരിക്കുന്നവരുടെയും രക്ഷ ഉറപ്പു വരുത്താൻ കഴിയും. രണ്ടായിരം കൊല്ലങ്ങൾക്കു ശേഷം ജീവിക്കുന്ന നമുക്ക് ഈശോയുടെ കുരിശുമരണത്തിന്റെ രക്ഷാകരഫലം അനുഭവിക്കാൻ കഴിയുമെങ്കിൽ സമാനമായ രീതിയിൽ ഈശോയുടെ കുരിശുമരണത്തിൽ 2000 അല്ലെങ്കിൽ 50000 വർഷം മുമ്പേ ജീവിച്ചിരുന്ന വ്യക്തികൾക്ക് കുരിശുമരണത്തിൻ്റെ രക്ഷ അനുഭവിക്കാൻ സാധിക്കും.

അത് ദൈവം സ്ഥലകാലങ്ങൾക്ക് അതീതമായി രക്ഷയുടെ വരപ്രസാദത്തെ സർവ്വ മനുഷ്യകുലത്തിനും സംലഭ്യമാക്കുന്ന ഒരത്ഭുതം അതായത് ആദാമിന്റെ കാലംമുതൽ അല്ലെങ്കിൽ ആദ്യം മരിച്ച ആബേലിന്റെ കാലംമുതൽ ഇന്നോളം മരിച്ച സർവ്വമനുഷ്യരും ഈശോയുടെ കുരിശുമരണത്തിൻ്റെ രക്ഷയിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ടവരാണ് എന്നതാണ് അടിസ്ഥാനപരമായ സത്യം.

അതുകൊണ്ട് ഈശോയ്ക്ക് മുമ്പ് ജീവിച്ചിരുന്നവരും ഈശോ യ്ക്ക് ശേഷം ജീവിച്ചിരുന്നവരും തമ്മിൽ രക്ഷക്കുള്ള അടിസ്ഥാനപരമായ വ്യത്യാസം എന്നുപറയുന്നത് ഈശോയ്ക്ക് ശേഷം ജീവിച്ചിരു ന്നവർക്ക് രക്ഷാകരരഹസ്യത്തെയും ദൈവികവെളിപാടിനെയും അതിന്റെ പൂർണതയിൽ മനസിലാക്കാനും ഈശോ സ്ഥാപിച്ച കൂദാശകളുടെ ഫലം അനുഭവിച്ച് ജീവിക്കാനും ഭാഗ്യം ലഭിക്കുന്നു. അതിനാൽ, ഈശോയ്ക്ക് ശേഷം ജീവിച്ചിരുന്നവർ ഈശോയുടെ മനുഷ്യാവതാരത്തിന് മുമ്പ് ജീവിച്ചിരുന്നവരെക്കാളും ഭാഗ്യമുള്ളവരാണ് എന്നു പറയാൻ സാധിക്കും.

അക്രൈസ്‌തവരെപ്പോലെ സത്പ്രവൃത്തികൾ ചെയ്‌തുകൊണ്ട് ക്രൈസ്‌തവർക്കും രക്ഷനേടാനാകും. അതായത് അക്രൈസ്തവർക്കും ക്രൈസ്തവർക്കും രക്ഷനേടുന്നതിന് ഒരുവഴിയേ ഉള്ളൂ. ലോകത്തിന് ഒരേ ഒരുരക്ഷകനെ ഉള്ളു - അത് കർത്താവും രക്ഷകനുമായ യേശുക്രിസ്തുവാണ്.

ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല (അപ്പ 4:12) ഈ വചനമാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. അതുകൊണ്ട് നമ്മുടെ വിശ്വാസത്തിൻ്റെയോ പുണ്യപ്രവൃത്തികളുടെയോ ബലത്തിലല്ല നമ്മൾ സ്വർഗത്തിൽ പോകുക. അക്രൈസ്തവൻ ചെയ്യുന്ന പുണ്യപ്രവൃത്തികളുടെ ബലത്തിലാണ് അവൻ സ്വർഗത്തിൽ പോകുന്നത്. സ്വർഗത്തിൽ പോകുന്നതിന് ഈശോമിശിഹായുടെ കുരിശിലെ ബലിയുടെ വരപ്രസാദമല്ലാതെ മറ്റൊന്നും സഹായകമല്ല. എന്നാൽ ആ കുരിശിലെ ബലിയുടെ വരപ്രസാദം അനുഭവിച്ചാണ് ഒരുവ്യക്തി ജീവിക്കുന്നത് എന്നുള്ളതിൻ്റെ സാക്ഷ്യമാണ് ആ വ്യക്തിയുടെ ജീവിതത്തിലെ നന്മപ്രവൃത്തികൾ എന്നു തിരിച്ചറിയണം.

ഈശോയുടെ കുരിശുമരണത്തിലൂടെ കൈവന്ന ദൈവവരപ്രസാദത്തിന്റെ യോഗ്യതയാലാണ് അക്രൈസ്‌തവനും രക്ഷപ്രാപിക്കുന്നത്. ക്രിസ്ത്യാനിക്ക് പ്രസ്‌തുതവരപ്രസാദം കൂദാശകളിലൂടെ സംലഭ്യ നാക്കുന്ന ദൈവം ഇതേവരപ്രസാദം അക്രൈസ്‌തവർക്ക് ദൈവ ത്തിനുമാത്രം അറിയാവുന്ന വഴികളിലൂടെ ദൈവം സംലഭ്യമാക്കുന്നു എന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത്.

- കടപ്പാട്: സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പുറത്തിറക്കിയ ''വിശ്വാസ വഴിയിലെ സംശയങ്ങള്‍'' എന്ന പുസ്തകത്തില്‍ നിന്ന്).


Related Articles »