News - 2024
സ്പെയിനില്‍ യേശുവിനെ അല്‍പ്പ വസ്ത്രധാരിയായി വരച്ച ചിത്രത്തിനെതിരെ പ്രതിഷേധം കനക്കുന്നു
പ്രവാചകശബ്ദം 03-02-2024 - Saturday
സെവില്ല: സ്പെയിനിലെ സെവില്ലയിൽ യേശുവിനെ അൽപ വസ്ത്രധാരിയായി വരച്ച ചിത്രത്തിനെതിരെ കത്തോലിക്കാ സംഘടനകൾ രംഗത്തെത്തി. സലുഷ്ടിയാനോ ഗാർസിയ വരച്ച ചിത്രത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഈസ്റ്ററിനോട് അനുബന്ധിച്ച് പ്രദർശനത്തിനു വേണ്ടിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ലൈംഗിക, ആഭിമുഖ്യമുള്ള ഭാവങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം വരച്ചിരിക്കുന്നതെന്നും പ്രതിഷേധാര്‍ഹമാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ പോളിസി എന്ന യാഥാസ്ഥിതിക കത്തോലിക്കാ സംഘടന പ്രസ്താവിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി സംഘടന രംഗത്തുണ്ട്.
ചിത്രം വിശുദ്ധ വാരത്തിന്റെ യഥാർത്ഥ അർത്ഥത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് പറഞ്ഞ സംഘടന അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിശുദ്ധ വാരത്തില്‍ പങ്കെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ആളുകൾക്ക് പ്രകോപനം സൃഷ്ടിക്കുന്നതാണ് ചിത്രമെന്ന് സ്പെയിനിലെ വോക്സ് പാർട്ടി അംഗമായ ജാവീർ നവാരോ പ്രതികരിച്ചു. എന്നാൽ പ്രതിഷേധങ്ങൾ ശക്തമായിട്ടും ചിത്രത്തിനെ ഗാർസിയ ന്യായീകരിച്ചത് വിവാദമായിട്ടുണ്ട്. കഴിഞ്ഞവർഷം സ്വവർഗാനുരാഗികളായ പുരുഷന്മാരുടെ സാന്നിധ്യത്തിൽ യേശു മലയില്‍ പ്രസംഗം നടത്തുന്ന രംഗം വരച്ചുണ്ടാക്കിയ ചിത്രം യൂറോപ്യൻ പാർലമെൻറിൽ പ്രദർശിപ്പിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു.