News - 2025

വൈദികൻ ബിജെപി അംഗമായതിൽ എന്താണ് തെറ്റ്? സോഷ്യല്‍ മീഡിയ വിവാദത്തില്‍ പറയാനുള്ളത്..!

വിജിലന്റ് കാത്തലിക്ക് 04-10-2023 - Wednesday

ഇടുക്കി രൂപതാംഗമായ ഒരു വൈദികൻ ബിജെപി അംഗത്വം സ്വീകരിച്ചുവെന്ന പാർട്ടി പ്രഖ്യാപനത്തെയും അനുബന്ധ വാർത്തകളെയും മലയാളികൾ സമ്മിശ്ര വികാരത്തോടെയാണ് സ്വീകരിച്ചത്. ചിലരിൽ ആ വാർത്ത നടുക്കവും ക്ഷോഭവും ഉളവാക്കിയപ്പോൾ മറ്റുചിലരിൽ അത് നിഗൂഢമായ സന്തോഷത്തിന് കാരണമായി. രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരും ആ വാർത്ത ഒരേപോലെ കൗതുകത്തോടെയാണ് ശ്രവിച്ചത്. കാരണം, ഒരു കത്തോലിക്കാ വൈദികൻ പ്രത്യക്ഷ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് കേരളത്തിന്റെ പശ്ചാത്തലത്തിൽ അത്യപൂർവ്വമാണ്.

എന്നാൽ, ആദ്യവാർത്ത പുറത്തുവന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ, രണ്ടാമത്തെ വാർത്തയുമെത്തി. വിവാദ നായകനായ വൈദികനെ ഇടവക വികാരി എന്ന ചുമതലയിൽനിന്ന് മാറ്റി നിർത്തിയിരിക്കുന്നു എന്നതായിരുന്നു അത്. സ്വാഭാവികമായും ആ വാർത്തയ്ക്കും മുഖ്യധാരാ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകി. ഒരു കത്തോലിക്കാ വൈദികന്റെ ഭാഗത്തുനിന്നുള്ള ഇത്തരമൊരു നടപടിയെ അസ്വസ്ഥതയോടെ കണ്ട വലിയൊരു വിഭാഗം ക്രൈസ്തവർക്കും, മതേതര സമൂഹത്തിനും സഭാനേതൃത്വത്തിന്റെ നടപടി ആശ്വാസകരമായിരുന്നു. എന്നാൽ, ചെറിയൊരു വിഭാഗം പേർ കൂടുതൽ അസ്വസ്ഥരായി.

കാനൻ നിയമം ‍

കത്തോലിക്കാ സഭയുടെ കാനൻ നിയമപ്രകാരം, രാഷ്ട്രീയ പാർട്ടികളിലും ലേബർ യൂണിയനുകളിലും മറ്റുമുള്ള സജീവ പങ്കാളിത്തം കത്തോലിക്കാ വൈദികന് നിഷിദ്ധമാണ് (Canon 384 §2). അത് ഏത് പാർട്ടിയെന്നോ അവരുടെ പ്രത്യയശാസ്ത്രം ഏത് എന്നോ ഉള്ള വ്യത്യാസം കൂടാതെയുള്ള സഭാനിയമമാണ്. എല്ലാ മനുഷ്യർക്കുമിടയിൽ സമാധാനവും ഐക്യവും സഹകരണവും വളർത്തുകയാണ് ക്രിസ്തുവിൽ എല്ലാത്തിനെയും അനുരഞ്ജിപ്പിക്കാൻ നിയുക്തനായിരിക്കുന്ന പുരോഹിതന്റെ ദൗത്യം (Canon 384 §1). ഇക്കാരണങ്ങളാൽ, പ്രസ്തുത വൈദികന്റെ പ്രവൃത്തി സ്വാഭാവികമായും ചട്ടവിരുദ്ധവും സഭാപരമായ നടപടികളെ ക്ഷണിച്ചുവരുത്തുന്നതുമായിരുന്നു എന്നുള്ളതിൽ തർക്കമില്ല.

വിചിത്രമായ വിമർശനങ്ങൾ ‍

എന്നാൽ, യഥാർത്ഥത്തിൽ ഈ സംഭവത്തോട് യാതൊരു ബന്ധവുമില്ലെങ്കിലും, സഭയെയും സഭാനേതൃത്വത്തെയും വിമർശിക്കാൻ ഇതൊരു അവസരമായെടുത്ത ചിലർ ഉന്നയിച്ച ആരോപണങ്ങൾ മറ്റുചിലതാണ്. ബിജെപി പാർട്ടിയിൽ അംഗത്വം സ്വീകരിച്ചതായി സമ്മതിച്ച വൈദികനെ ഇടവക വികാരി എന്ന ചുമതലയിൽനിന്ന് മാറ്റി നിർത്തിയ നടപടിയെ പ്രത്യക്ഷത്തിൽ എതിർക്കുന്നില്ലെങ്കിലും അത്തരക്കാർ ഉയർത്തിയ പ്രധാന ചോദ്യങ്ങൾ ഇവയാണ്:

- ബിജെപിയോട് ക്രൈസ്തവർക്ക് അയിത്തമില്ല എന്ന വാക്കുകൾ സഭ നിയമത്തിന് എതിരായിരുന്നില്ലേ?

- റബർ വില കൂട്ടി നൽകിയാൽ ബിജെപിക്ക് വോട്ട് നൽകാം എന്ന വാക്കുകളിൽ പ്രശ്നമില്ലേ?

ഇത്തരം ചോദ്യങ്ങൾക്ക് പുറമെ, ബിജെപി അനുകൂല സംഘടനകളെ സഭയും മെത്രാന്മാരും വളർത്തി എന്ന പതിവ് ആരോപണങ്ങളും ചിലർ ഉന്നയിക്കുന്നതായി കണ്ടു.

ഇത്തരം ചോദ്യങ്ങൾക്കും അടിസ്ഥാനരഹിതമായ ആശങ്കകൾക്കും ദുരാരോപണങ്ങൾക്കും പിന്നിലുള്ള കാരണങ്ങൾ പലതാണ്. ഒന്നാമത്തെ കാരണം, ആത്യന്തികമായി സഭ എന്താണ് എന്നതിലുള്ള അവ്യക്തതയാണ്. എക്കാലത്തെയും സഭയുടെ ഇത്തരം വിഷയങ്ങളിലെ നിലപാടുകൾ എന്തായിരുന്നു എന്നുള്ളതിനപ്പുറം ചില സ്ഥാപിത താല്പര്യങ്ങളുടെ കടന്നുകയറ്റം സംഭവിച്ചിരിക്കുന്നത് മറ്റൊരു കാരണമാണ്. സഭയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് സഭാനിയമം എന്തുപറയുന്നു എന്നുള്ളതും പൗരസ്ത്യ കാനൻ നിയമം 384 ൽ വ്യക്തമാണ്. സമാധാനവും ഐക്യവും പൊതുനന്മയുമാണ് അവിടെ അവതരിപ്പിക്കപ്പെടുന്ന പ്രധാന ആശയങ്ങൾ. രാഷ്ട്രീയ പശ്ചാത്തലത്തിൽ, ഏതെങ്കിലും ഒരു പക്ഷത്തിന്റെ ജിഹ്വയായി മാറുക എന്നുള്ളതോ, ഏതെങ്കിലും പക്ഷങ്ങളെ ശത്രു പക്ഷത്ത് നിലനിർത്തുക എന്നുള്ളതോ ആത്യന്തികമായി സഭയുടെ നിലപാടിന് വിരുദ്ധമാണ്.

സഭയുടെ നിലപാടെന്ത്‌? ‍

ഭരണകർത്താക്കളുമായി നടക്കുന്ന കൂടിക്കാഴ്ചകളും, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി നടക്കുന്ന ചർച്ചകളും, പൊതുവിഷയങ്ങളുമായി ബന്ധപ്പെട്ട് സമവായത്തിനായുള്ള ശ്രമങ്ങളും മറ്റും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടുള്ള പ്രത്യേക അടുപ്പത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ ചില വർഷങ്ങളായി നടന്നുവരുന്നതാണ്. വിവിധ സാമൂഹിക സാമുദായിക വിഷയങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന സഭാനേതൃത്വവും പ്രതിനിധികളും ഭരണപക്ഷവുമായി കൂടുതൽ കൂടിക്കാഴ്ചകൾ നടത്തിയേക്കാം. ഒരു വലിയ സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ സംബന്ധിച്ച ആവശ്യങ്ങൾ അവർക്കുമുന്നിൽ പലവിധത്തിൽ ഉന്നയിക്കുന്നതും സ്വാഭാവികം.

ഒരു പ്രത്യേക പക്ഷം മാത്രമാണ് രക്ഷകർ എന്നോ, ആ പ്രത്യേക പക്ഷം മാത്രമാണ് ശത്രുക്കൾ എന്നോ ധരിച്ച് സത്ബുദ്ധി നഷ്ടപ്പെട്ട് വിഹ്വലരായ ചില ന്യൂനപക്ഷങ്ങളാണ് ഒരേസമയം കടുത്ത തെറ്റിദ്ധാരണകൾക്ക് കീഴ്പ്പെടുന്നതും ഒപ്പം അബദ്ധ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നതും. ഭരിക്കുന്ന പാർട്ടിയായ ബിജെപിയോട് ക്രൈസ്തവർക്ക് അയിത്തമില്ല എന്ന് പറഞ്ഞാൽ, ബിജെപിയോടെന്നല്ല ആരോടും അയിത്തം പുലർത്താൻ ക്രൈസ്തവർക്ക് കഴിയില്ല എന്നുതന്നെയാണ് അർത്ഥം. നിലവിലുള്ള ഭരണത്തിന് കീഴിൽ ക്രൈസ്തവർക്ക് അരക്ഷിതാവസ്ഥ തോന്നേണ്ടതില്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിലും തെറ്റില്ല. കാരണം, ക്രൈസ്തവന്റെ സുരക്ഷിതത്വം ദൈവകരങ്ങളിലാണ്. ഒരിക്കലും വാക്കുപാലിക്കാത്ത രാഷ്ട്രീയക്കാരോട്, വാക്കുപാലിച്ചിട്ടു വരൂ അപ്പോൾ വോട്ട് തരാം എന്ന് ആലങ്കാരികമായി പറഞ്ഞത് വിലപേശലായി വ്യാഖ്യാനിച്ചവരോട് സഹതാപം മാത്രം.

നിലയ്ക്കാത്ത ആരോപണങ്ങൾ ‍

പ്രത്യക്ഷവും പരോക്ഷവുമായ സ്ഥാപിത താൽപ്പര്യങ്ങളോടെയും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയും ക്രൈസ്തവരായ ചിലർ ചില സംഘടനകളുമായി മുന്നോട്ടു വന്നിട്ടുള്ളത് കഴിഞ്ഞ കാലങ്ങൾക്കിടയിൽ കേരളം കണ്ടതാണ്. തെറ്റിദ്ധരിപ്പിക്കപ്പെട്ടോ വേണ്ടത്ര അറിവില്ലാതെയോ ചിലർ അവയുടെ സഹകരിച്ചിട്ടുണ്ടാവാം. എന്നാൽ, അത്തരം ചിലതെങ്കിലും സഭാനേതൃത്വത്തിന്റെ തീരുമാനപ്രകാരമോ, മൗനാനുവാദത്തോടെയും അറിവോടെയും കൂടെയോ ആണ് എന്ന വ്യാപക പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്. യാതൊരുവിധ അടിത്തറയുമില്ലാത്ത വ്യാജ ആരോപണങ്ങളെങ്കിലും ഇപ്പോഴും ചിലർ അത് ആവർത്തിക്കുന്നു. ദൂരത്തുനിന്നോ മറ്റാരുടെയെങ്കിലും കണ്ണടയിലൂടെയോ ഉള്ള കാഴ്ചയെയല്ല, കുറച്ചുകൂടി അടുത്തുനിന്നുള്ള വ്യക്തമായ നിരീക്ഷണമാണ് അവിടെ ആവശ്യം.

ചില രാഷ്ട്രീയക്കാരോട് ചില വൈദികരോ മെത്രാന്മാരോ പ്രത്യേക അനുഭാവം പുലർത്തുന്നു എന്ന ആരോപണം വിവിധ പക്ഷങ്ങൾക്ക് വ്യത്യസ്തമായ രീതിയിലുണ്ട്. ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന സാമാന്യ തത്വമാണ് ഒരു കാരണം. പിന്നെ, ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോട് വ്യക്തിപരമായ അനുഭാവം ഒരു സാധാരണ വ്യക്തിക്ക് മാത്രമല്ല, വൈദികനോ മെത്രാനോ ഉണ്ടായിക്കൂടാ എന്ന് ശഠിക്കുന്നതിൽ അർത്ഥമില്ല. അത്, പ്രത്യക്ഷമായ രാഷ്ട്രീയ പ്രവർത്തനമായി മാറുന്നതിനെയാണ് സഭ വിലക്കിയിരിക്കുന്നത്. അതിനാൽത്തന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിച്ച പരിപാടികളിൽ അറിഞ്ഞോ അറിയാതെയോ ഒരു വൈദികൻ പങ്കെടുത്തു എന്നുള്ളത് മേൽപ്പറഞ്ഞ പ്രവൃത്തിയുമായി താരതമ്യം ചെയ്യാൻ പറ്റുന്ന ഒന്നല്ല. പ്രത്യക്ഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന്റെ പേരിൽ സഭാപരമായ നടപടികൾ നേരിട്ട വൈദികർ മുമ്പും ഉണ്ടായിട്ടുണ്ട്. ഫാ. ജോസഫ് വടക്കൻ ഒരു ഉദാഹരണമാണ്.

ബിജെപിയുടെ രാഷ്ട്രീയം ‍

ബിജെപി എന്ന പാർട്ടി കേരളസമൂഹത്തിൽ, പ്രത്യേകിച്ച് ക്രൈസ്തവർക്കിടയിൽ വേരുറപ്പിക്കാൻ നടത്തിവരുന്ന നിരന്തര ശ്രമങ്ങളാണ് ഈ വിവാദങ്ങൾക്കെല്ലാം പശ്ചാത്തലം. ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ആ പാർട്ടിയോട് പ്രത്യേകമായ വിരോധം സൂക്ഷിക്കുന്നവരും, സമീപകാലത്തെ ചില പ്രതിഭാസങ്ങളുടെ വെളിച്ചത്തിൽ പ്രത്യേകമായ അടുപ്പം സൂക്ഷിക്കുന്നവരും ഇന്ന് നമുക്കിടയിലുണ്ട്. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്ക് പിൻബലമായി നിൽക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനകൾ വിവിധ സംസ്ഥാനങ്ങളിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കടുത്ത പ്രതിസന്ധികൾ തിരിച്ചറിയുന്ന അനേകർക്ക് ബിജെപിയെ ആത്യന്തികമായി ഉൾക്കൊള്ളുക എളുപ്പമല്ല. എന്നാൽ, സാമ്പത്തികവും സാമൂഹികവുമായ വളർച്ച മുന്നിൽ കണ്ടുകൊണ്ട് മറ്റു ചിലർ ബിജെപിയെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നു.

മണിപ്പൂരിലും, ബിജെപി ഭരിക്കുന്ന മറ്റു വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും ക്രൈസ്തവ സമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികളുടെ പശ്ചാത്തലം കൂടി ഇത്തരം ചർച്ചകൾക്ക് പിന്നിൽ കാണേണ്ടതുണ്ട്. സമീപകാലങ്ങളായി ക്രൈസ്തവരിൽ ഒരു വിഭാഗം ബിജെപിയോട് പ്രത്യേകമായ അനുഭാവം പ്രകടിപ്പിക്കുന്നെങ്കിൽ തന്നെ എന്ത് അധിക സുരക്ഷിതത്വമാണ് അത്തരം സംസ്ഥാനങ്ങളിലെ ക്രൈസ്തവ സമൂഹത്തിന് ലഭ്യമായിട്ടുള്ളത് എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു.


Related Articles »