India - 2024
ആദ്യ മലയാളം കംപ്യൂട്ടർ അക്ഷരങ്ങളുടെ പിതാവ് ഫാ. ജോർജ് പ്ലാശേരിയ്ക്കു വിട
പ്രവാചകശബ്ദം 09-02-2024 - Friday
തൃശൂർ: ആദ്യ മലയാളം കംപ്യൂട്ടർ അക്ഷരങ്ങളുടെ പിതാവും സിഎംഐ ദേവമാതാ പ്രവിശ്യാ അംഗവുമായ ഫാ. ജോർജ് പ്ലാശേരി(80) അന്തരിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ താഴെക്കാട് ഇടവകയിൽ കണ്ണിക്കര പ്ലാശേരി-ചാതേലി പരേതരായ മാത്യുവിൻ്റെയും മറിയത്തിൻ്റെയും മകനാണ്.
1990 കളിൽ രൂപംകൊണ്ട വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ലോകത്തുണ്ടാക്കിയ വിവരസാങ്കേതികവിദ്യാ വിപ്ലവത്തിലേക്കു മലയാളഭാഷയെ കൈപിടിച്ചു കയറ്റിയ മലയാളം കംപ്യൂട്ടർ അക്ഷരങ്ങളുടെ പിതാവാണ് ഇന്നലെ അന്തരിച്ച ഫാ. ജോർജ് പ്ലാശേരി സിഎംഐ. കംപ്യൂട്ടർ ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരത്തിൽ ടൈപ്പ് ചെയ്താൽ മലയാളം അക്ഷരങ്ങൾ കിട്ടുന്ന സംവിധാനത്തിൽ ഒരുപക്ഷേ ആദ്യം രൂപപ്പെട്ട ലിപി പ്ലാശേരി ഫോണ്ടാണ്. അതിൻ്റെ ഉപജ്ഞാതാവാണ് ഫാ. ജോർജ് പ്ലാശേരി.
മൃതദേഹം ഇന്നു രാവിലെ അമല ആശുപത്രിയോടു ചേർന്നുള്ള സാന്ത്വനത്തിലും ദേവമാതാ പ്രൊവിൻഷ്യൽ ഹൗസിലും പൊതുദര്‍ശനത്തിനുവെച്ചു. 2.30ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിലാണ് സംസ്കാരം.
കൊച്ചി സർവകലാശാലയിൽനിന്ന് എംഎസ്‌സിയും കാലിക്കട്ട് സർവകലാ ശാലയിൽനിന്ന് എംഫിലും നേടി. 1974 ഡിസംബർ 28 ന് പൗരോഹിത്യം സ്വീ കരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഫിസിക്സസ് അധ്യാപകനായിരുന്നു. അമേരിക്കയിലെ ഫിലാഡൽഫിയയിലെ സെൻ്റ് മേരീസ് ഇടവകയിൽ പത്തു വർഷം സേവനം ചെയ്‌തു. തുടർന്ന് കോയമ്പത്തൂർ സായ്‌ബാബ കോളനിയി ലും ദേവമാതാ പ്രവിശ്യയിലെ എൽത്തുരുത്ത് ആശ്രമത്തിലും പ്രവർത്തിച്ചു.
സഹോദരങ്ങൾ: വിൻസന്റ്, ജേക്കബ്, പരേതരായ സെബാസ്റ്റ്യൻ, ആന്റണി, ജോസഫ്, സിസ്റ്റർ ലില്ലി.