News

അർജന്‍റീനയ്ക്കു ആദ്യത്തെ വനിത വിശുദ്ധ; വത്തിക്കാനിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് പ്രസിഡന്‍റും

പ്രവാചകശബ്ദം 12-02-2024 - Monday

വത്തിക്കാന്‍ സിറ്റി: ഇന്നലെ ലൂര്‍ദ് നാഥയുടെ തിരുനാള്‍ ദിനത്തില്‍ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയിൽ മാമ അന്തൂല എന്നറിയപ്പെടുന്ന മരിയ അന്റോണിയോ ഡി പാസിനെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. അർജന്‍റീനയുടെ ആദ്യത്തെ വനിത വിശുദ്ധയാണ് മരിയ അന്റോണിയോ.

ഇഗ്നേഷ്യൻ ആത്മീയത സംരക്ഷിക്കുന്നതിൽ മരിയ ഉറച്ചുനിന്നുവെന്ന് അർജൻ്റീന സ്വദേശി കൂടിയായ ഫ്രാന്‍സിസ് പാപ്പ സ്മരിച്ചു. ലാറ്റിൻ അമേരിക്കയിൽ പ്രദേശത്തിന്റെ നിയന്ത്രണം ഉണ്ടായിരുന്ന സ്പെയിനിലെ രാജാവ് ജെസ്യൂട്ട് വൈദികരെ പുറത്താക്കിയതിനു ശേഷം മാമ അന്തൂലയാണ് ഇഗ്നേഷ്യൻ ആത്മീയത വിസ്മൃതിയിൽ ആയിപ്പോകാതെ കാത്തുസൂക്ഷിച്ചത്.

ജെസ്യൂട്ടുകളെ പുറത്താക്കിയപ്പോൾ, വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ പരിശുദ്ധാത്മാവ് അവളിൽ ഒരു മിഷ്ണറി ജ്വാല ജ്വലിപ്പിക്കുകയായിരിന്നുവെന്നു ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ''മരുഭൂമികളിലൂടെയും അപകടകരമായ റോഡുകളിലൂടെയും ആയിരക്കണക്കിന് മൈലുകൾ കാൽനടയായി" സഞ്ചരിച്ച് ആളുകളെ ദൈവത്തിലേക്ക് കൊണ്ടുവരുന്നതിന് അർജൻ്റീനിയൻ വിശുദ്ധ അപ്പോസ്തോലിക ആവേശത്തിൻ്റെയും ധൈര്യത്തിൻ്റെയും മാതൃകയായിരിന്നുവെന്ന് ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു.

തന്റെ ജീവിതം മുഴുവന്‍ ക്രിസ്തുവിന് വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിച്ച വ്യക്തിയായിരിന്നു മരിയ അന്റോണിയോ. സ്വതന്ത്രരാക്കപ്പെട്ട അടിമകൾ തെരുവിൽ ഉപേക്ഷിക്കപ്പെടാതിരിക്കാനും അവർ ശ്രദ്ധിച്ചു. 1879ൽ അവർ ബ്യൂണസ് അയേഴ്സിലേക്ക് പോയി. അവിടുത്തെ മെത്രാൻ ക്രമേണ വൈദിക വിദ്യാർഥികൾക്ക് അടക്കം ഇഗ്നേഷ്യൻ ആത്മീയതയിൽ ഉള്ള അന്തൂലയുടെ ധ്യാനങ്ങൾ നിർബന്ധമാക്കി. ഈ ആത്മീയത പ്രചരിപ്പിക്കാൻ വേണ്ടി നഗരത്തിൽ മാമ അന്തൂല സ്ഥാപിച്ച ഭവനത്തിൽ അവരുടെ ജീവിതത്തിൻറെ അവസാനത്തെ 20 വർഷങ്ങളിൽ എഴുപതിനായിരത്തോളം ആളുകളാണ് സന്ദർശനം നടത്തിയത്.

ഇന്നലെ വിശുദ്ധ പദവി പ്രഖ്യാപന വേളയിൽ അർജൻ്റീനയുടെ പ്രസിഡൻ്റ് ജാവിയർ മിലി മാർപാപ്പയുടെ വലതുവശത്ത് മുൻ നിരയിലുണ്ടായിരിന്നുവെന്നത് ശ്രദ്ധേയമാണ്. ഇലക്ഷന്‍ പ്രചാരണ വേളയില്‍ ഫ്രാന്‍സിസ് പാപ്പയെ നിശിതമായി വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് മിലി. ഈ പശ്ചാത്തലത്തില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു മാധ്യമങ്ങള്‍ പ്രത്യേക വാര്‍ത്താപ്രാധാന്യം നല്‍കി. പ്രസിഡന്‍റ് പാപ്പയെ രാജ്യത്തേക്ക് സ്വാഗതം ചെയ്തുവെന്നാണ് സൂചന. ഈ വർഷം രണ്ടാം പകുതിയിൽ അർജൻ്റീന സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അര്‍ജന്റീനയിലെ മുൻ ആർച്ച് ബിഷപ്പ് കൂടിയായ ഫ്രാൻസിസ് മാർപാപ്പ നേരത്തെ പറഞ്ഞിരിന്നു. 2013ൽ മാര്‍പാപ്പ പദവിയില്‍ ഉയര്‍ത്തപ്പെട്ടതിന് ശേഷം ഫ്രാൻസിസ് പാപ്പ സ്വന്തം നാട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »