News

ഭാരത സഭയിൽ അഞ്ചു രൂപതകൾക്ക് പുതിയ മെത്രാന്മാർ

പ്രവാചകശബ്ദം 19-02-2024 - Monday

മുംബൈ: മധ്യപ്രദേശിലെ ഇന്‍ഡോര്‍ രൂപത ഉള്‍പ്പെടെ ഭാരതത്തിലെ അഞ്ചു രൂപതകളിൽ പുതിയ മെത്രാന്മാരെ നിയമിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പയുടെ നിയമന ഉത്തരവ്. ഇന്‍ഡോര്‍ രൂപതയുടെ അധ്യക്ഷനായി മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയായ ഫാ. ഡോ. തോമസ് മാത്യു കുറ്റിമാക്കൽ നിയമിക്കപ്പെട്ടു. ഭോപ്പാൽ അതിരൂപതയുടെ കീഴിലുള്ള കണ്ഠ്വ രൂപതയുടെ അധ്യക്ഷനായി മാനന്തവാടി രൂപതാംഗമായ ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേലും നിയമിക്കപ്പെട്ടിട്ടുണ്ട്. ബീഹാറിലെ പൂർണിയ, തെലങ്കാനയിലെ നൽഗോണ്ട, ഖമ്മം തുടങ്ങീയ രൂപതകളിലാണ് മറ്റ് മെത്രാന്മാരെ നിയമിച്ചിരിക്കുന്നത്. പുതിയ മെത്രാന്‍മാരെ നിയമിച്ചതിനോടൊപ്പം ഔറംഗബാദ് രൂപതയുടെ സഹായമെത്രാനായിരിന്ന ബിഷപ്പ് ലാൻസി പിൻ്റോയെ രൂപതയുടെ അധ്യക്ഷ സ്ഥാനത്തേക്കു പാപ്പ ഉയര്‍ത്തിയിട്ടുണ്ട്.

ഇന്‍ഡോര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ ഫാ. ഡോ. തോമസ് മാത്യു കുറ്റിമാക്കൽ 1962 ഫെബ്രുവരി 25നു ഇപ്പോഴത്തെ കോതമംഗലം രൂപതയുടെ ഭാഗമായ കല്ലൂർക്കാട് കുറ്റിമാക്കൽ കുടുംബത്തിൽ ജനിച്ചു. സ്കൂ‌ൾ വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം ഫിലോസഫിയും തിയോളജിയും ഭോപ്പാലിലെ സെമിനാരിയിൽ പഠിച്ചു. 1987 നവംബർ 25 നു ഇൻഡോർ രൂപതാ വൈദികനായി തിരുപ്പട്ടം സ്വീകരിച്ചു. ഇൻഡോർ കത്തീഡ്രലില്‍ അസിസ്റ്റന്റ് വികാരിയായും ഇൻഡോറിലെ സെൻ്റ് റാഫേൽ സ്കൂൾ വൈസ് പ്രിൻസിപ്പളായും ജാബുവയിലെ മൈനർ സെമിനാരി വൈസ് റെക്ടറായും രൂപതയുടെ സ്‌കൂളിൻ്റെ ഡയറക്ടറായും ഇടവക വികാരിയായും സേവനമനുഷ്‌ഠിച്ചു. 2021 മുതൽ ഇൻഡോർ കത്തീഡ്രൽ വികാരിയായി സേവനമനുഷ്‌ഠിച്ചു വരവേയാണ് രൂപതയുടെ പുതിയ ദൗത്യം ലഭിച്ചിരിക്കുന്നത്.

2021-ൽ കണ്ഠ്വ രൂപതയുടെ മെത്രാനായിരുന്ന ബിഷപ്പ് സെബാസ്റ്റ്യൻ ദുരൈരാജിനെ ഫ്രാൻസിസ് മാർപാപ്പ ഭോപ്പാൽ അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിച്ചതിനെത്തുടർന്ന് കണ്ഠ്വ രൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ പദവി അഗസ്റ്റിൻ മഠത്തിക്കുന്നേല്‍ നിര്‍വ്വഹിച്ചു വരികയായിരിന്നു. നാഗ്പൂര്‍ മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്ര, ദൈവശാസ്ത്രപഠനത്തിന് ശേഷം 1994 ഏപ്രില്‍ 18-ന് കണ്ഠ്വ രൂപതക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ചു. 1994-96 കാലയളവില്‍ സിര്‍പൂരില്‍ അസിസ്റ്റന്റ് വികാരിയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം രൂപതാമെത്രാന്റെ സെക്രട്ടറിയായി ജോലി ചെയ്ത ശേഷം 1997-99 കാലയളവില്‍ റോമിലെ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍ നിന്ന് ധാര്‍മ്മികദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി.

ബീഹാറിലെ പൂർണിയ രൂപതയുടെ ഭരണസാരഥിയായി ഡോ. ഫ്രാൻസിസ് തിർക്കിയാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. 1961 ജൂലൈ 24ന് ജനിച്ച ഫ്രാൻസിസ് ടിർക്കി പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം റാഞ്ചിയിലെ സെൻ്റ് ആൽബർട്ട്സ് കോളേജിൽ ഫിലോസഫിയും മംഗലാപുരത്തെ സെൻ്റ് ജോസഫ്സ് ഇൻ്റർഡയോസിസൻ സെമിനാരിയിൽ ദൈവശാസ്ത്രവും പഠിച്ച ശേഷം കാനഡയിലെ ഹാലിഫാക്സിലുള്ള കോഡി ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സോഷ്യൽ സർവീസസിൽ ഡിപ്ലോമ നേടി. 1993 മെയ് 17 ന് ദുംക രൂപത വൈദികനായി അഭിഷിക്തനായി. രൂപതയുടെ വിഭജനത്തിനുശേഷം പുർണിയ രൂപതയിൽ ഇടവക വൈദികനായും സാമൂഹിക വികസന കേന്ദ്രത്തിൻ്റെ അഡ്മിനിസ്ട്രേറ്ററായും സോഷ്യൽ സർവീസ് സെൻ്റർ ഡയറക്റായും വികാരി ജനറലായും പബ്ലിക് റിലേഷൻ ഓഫീസറായും ലേബർ കമ്മീഷൻ്റെ തലവനായും സേവനം ചെയ്തു.

ഫാ. കർണം ധമൻ കുമാര്‍ എം.എസ്.എഫ്.എസാണ് നൽഗോണ്ടയിലെ പുതിയ ബിഷപ്പായി നിയമിക്കപ്പെട്ടിരിക്കുന്നത്. 1963 നവംബർ 16-ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം അതിരൂപതയിലെ വിജയനഗരത്തിലാണ് ജനനം. ബാംഗ്ലൂരിലെ സുവിദ്യ കോളേജിൽ തത്വശാസ്ത്രവും പൂനെയിലെ ജ്ഞാന ദീപ വിദ്യാപീഠത്തിൽ ദൈവശാസ്ത്രവും പഠിച്ചു.1990 ഒക്ടോബർ 17-ന് വൈദികനായി അഭിഷിക്തനായി. ഇടവക വികാരി, വിദ്യാജ്യോതി മൈനർ സെമിനാരി റെക്ടർ, ഏലൂർ രൂപതയിലെ സെൻ്റ് ഫ്രാൻസിസ് ഡി സെയിൽസ് സ്കൂൾ പ്രിൻസിപ്പൽ, സെൻ്റ് പയസ് സെമിനാരി റെക്ടര്‍, ഏലൂർ രൂപതയിലെ സെൻ്റ് ഫ്രാൻസിസ് ഡി സെയിൽസ് തിയോളജി സ്റ്റഡി ഹൗസ് റെക്ടർ, എം.എസ്.എഫ്.എസ് വിശാഖപട്ടണം പ്രവിശ്യ കൗൺസിലർ, സുപ്പീരിയർ ഡെലിഗേറ്റ് എന്നീ നിലകളിലും ജര്‍മ്മനിയിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

ഖമ്മം ബിഷപ്പായി നിയമിക്കപ്പെട്ട ഫാ. പ്രകാശ് സാഗിലി കടപ്പ സ്വദേശിയാണ്. 1957 ജനുവരി 2-ന് അദ്ദേഹം ജനിച്ചു. കടപ്പയിലെ സെൻ്റ് പീറ്റേഴ്‌സ് മൈനർ സെമിനാരിയിലും വിജയവാഡയിലെ ക്രൈസ്റ്റ് ദി കിംഗ് സെമിനാരിയിലും പഠിച്ച ശേഷം, ചെന്നൈയിലെ പൂനമല്ലിയിലെ സേക്രഡ് ഹാർട്ട് സെമിനാരിയിൽ പഠനം തുടര്‍ന്നു. 1984 ഏപ്രിൽ 25-ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി. ഇടവക വികാരി, യൂത്ത് ആൻഡ് പാസ്റ്ററൽ സെൻ്റർ ഡയറക്ടർ, മൾട്ടിപർപ്പസ് സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി, റീജിയണൽ യൂത്ത് ഡയറക്ടർ, പ്രോമാമില്ലയിലെ ഇടവക വികാരി, യൂത്ത് മൂവ്‌മെൻ്റ്സ് ഇന്ത്യ നാഷണൽ ഡയറക്ടർ, കടപ്പ വികാരി ജനറല്‍, ബാംഗ്ലൂർ സെൻ്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ, സിസിബിഐ ഹെൽത്ത് അപ്പോസ്‌തോലേറ്റിൻ്റെ കോർഡിനേറ്റര്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

പുതിയ ദൗത്യം ഏറ്റെടുക്കുന്ന അഭിവന്ദ്യ പിതാക്കന്‍മാര്‍ക്ക് പ്രവാചകശബ്ദത്തിന്റെ പ്രാര്‍ത്ഥനാശംസകള്‍ ‍


Related Articles »