News

സിറിയയിൽ നിന്നും ക്രൈസ്തവരുടെ കൂട്ട പലായനം; ആശങ്ക പ്രകടിപ്പിച്ച് സഭാനേതൃത്വം

പ്രവാചകശബ്ദം 23-03-2024 - Saturday

ഡമാസ്കസ്: ക്രൈസ്തവര്‍ അനിയന്ത്രിതമായ രീതിയില്‍ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നതിൽ ആശങ്ക പങ്കുവെച്ച് സിറിയയിലെ ക്രൈസ്തവ നേതൃത്വം. വിഷയത്തിൽ സഭ ഇതിനോടകം മുന്നറിയിപ്പും നൽകി കഴിഞ്ഞു. സിറിയയിൽ ആകെ 1,75,000 ക്രൈസ്തവ കുടുംബങ്ങൾ മാത്രമേ ഉള്ളൂവെന്നാണ് കരുതപ്പെടുന്നത്. 90% സിറിയൻ പൗരന്മാരും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നതെന്ന് ഡമാസ്കസിൽ സേവനം ചെയ്യുന്ന വൈദികനായ ഫാ. ബസേലിയോസ് ജർജിയോസ് കത്തോലിക്കാ സന്നദ്ധ സംഘടനയായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിനോട് വെളിപ്പെടുത്തി.

ഒരു നൂറ്റാണ്ടിന് മുകളിലായി തുടരുന്ന ആഭ്യന്തര യുദ്ധങ്ങളും, വിലക്കയറ്റവും അതിദാരിദ്ര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് മൂലമാണ് ആളുകൾ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതെന്ന് വിവിധ പദ്ധതികളിൽ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന സിസ്റ്റർ ആനി ദമർജിയാൻ പറഞ്ഞു. 13 വർഷം നീണ്ട ദുരിതങ്ങൾക്ക് ശേഷം ആളുകൾ മടുത്തു കഴിഞ്ഞു, അവർക്ക് പ്രതീക്ഷകൾ നഷ്ടമായി. എന്നാൽ രാജ്യത്ത് തന്നെ നിലനിൽക്കാനുള്ള വ്യക്തമായ ഒരു കാരണം നൽകുകയാണെങ്കിൽ ക്രൈസ്തവർ ഇവിടെ തുടരുമെന്നും സിസ്റ്റർ പറയുന്നു.

താമസിക്കാൻ ഒരിടവും, ഒരു ജോലിയും ഉണ്ടെങ്കിൽ ക്രൈസ്തവർ ഇവിടെ തന്നെ തുടരുമെന്ന് ഫാ. ജർജിയോസും സ്ഥിരീകരിച്ചു. ക്രൈസ്തവരുടെ ക്ഷേമം ലക്ഷ്യമാക്കി ആരംഭിച്ച ക്രിസ്ത്യൻ ഹോപ് സെൻറർ ക്രൈസ്തവർക്ക് കച്ചവടം ആരംഭിക്കാൻ ചെറിയ ലോൺ തുകകൾ ഉള്‍പ്പെടെയുള്ള സഹായം നൽകുന്നുണ്ട്. എസിഎൻ സംഘടനയും ഇതിന് വലിയ പിന്തുണയുമായി രംഗത്തുണ്ട്. കൂടാതെ യുവജനങ്ങൾക്ക് വേണ്ടിയുള്ള പരിപാടികളും, പാവപ്പെട്ട കുടുംബങ്ങൾക്ക് പാല് വിതരണം ചെയ്യുന്നതും, കിൻഡർ ഗാർഡനും അടക്കം നിരവധി പദ്ധതികൾക്ക് സംഘടന ചുക്കാൻ പിടിക്കുന്നുണ്ട്.

2013ല്‍ മേഖലയിലേക്ക് അതിക്രമിച്ച് കയറിയ ഇസ്ലാമിക വിമത പോരാളികള്‍ ക്രിസ്തീയമായ അടയാളങ്ങളെ തുടച്ച് നീക്കുവാന്‍ നടത്തിയ ആക്രമണങ്ങളില്‍ അനേകം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ന്നിരിന്നു. ആഭ്യന്തര യുദ്ധത്തിന് മുന്‍പ് രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനമായിരുന്നു ക്രൈസ്തവരുടെ അംഗസംഖ്യ. യുദ്ധം ആരംഭിച്ചതിനു ശേഷം വലിയ പീഡനങ്ങൾ അഭിമുഖീകരിച്ച പതിനായിരകണക്കിന് ക്രൈസ്തവര്‍ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയായിരിന്നു. ഫ്രാൻസിസ് മാർപാപ്പ നിരവധി തവണ സിറിയയിലെ ജനങ്ങളോടുള്ള തന്റെ ഐക്യദാര്‍ഢ്യം പ്രകടമാക്കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍ വിസ്മരിക്കപ്പെട്ടിട്ടില്ലായെന്നും, അവരുടെ ക്ഷേമത്തെ പറ്റി സഭയ്ക്ക് ആശങ്കയുണ്ടെന്നും സൂചിപ്പിച്ച് 2022-ല്‍ ഡമാസ്കസ് കോൺഫറൻസിനോട് അനുബന്ധിച്ച് പാപ്പ സിറിയയിലെ ക്രൈസ്തവ വിശ്വാസികൾക്ക് കത്തയച്ചിരുന്നു.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »