News

സിറിയയിലെ ക്രൈസ്തവര്‍ വലിയ ദുരിതാവസ്ഥയില്‍; പ്രാര്‍ത്ഥന യാചിച്ച് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടന

പ്രവാചകശബ്ദം 07-12-2024 - Saturday

ആലപ്പോ: സിറിയയില്‍ സര്‍ക്കാര്‍ സൈന്യവും ഇസ്ലാമിക തീവ്രവാദികളായ വിമതരും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമാവുകയും, വിമതര്‍ ആലപ്പോ കീഴടക്കുകയും ചെയ്ത സാഹചര്യത്തില്‍ കടുത്ത മാനുഷിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സിറിയന്‍ ക്രൈസ്തവര്‍ക്ക് അടിയന്തിര പ്രാര്‍ത്ഥനാ സഹായവും, മറ്റ് സഹായ അഭ്യര്‍ത്ഥനയുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടന. അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ആണ് സിറിയന്‍ ക്രൈസ്തവര്‍ക്കു വേണ്ടി മുന്നോട്ട് വന്നിരിക്കുന്നത്. ഗുരുതരമായ കേസുകള്‍ക്ക് വേണ്ടി മാത്രം രണ്ടു ആശുപത്രികള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും ഭക്ഷ്യസാധനങ്ങള്‍ അപര്യാപ്തമാണെന്നും സംഘടന വെളിപ്പെടുത്തി.

സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നിരിക്കുന്നു. ജനങ്ങള്‍ ബോംബാക്രമണത്തിന്റേയും, അരക്ഷിതാവസ്ഥയുടെയും ഇരട്ടഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. മെത്രാന്മാരും വൈദികരും ആലപ്പോയില്‍ തുടരുകയും, പാവപ്പെട്ടവരെ സഹായിക്കുവാന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ പോലും സ്ഥിതിഗതികള്‍ ഗുരുതരമായി തന്നെ തുടരുകയാണ്. ജനങ്ങളില്‍ ഭയവും, അരക്ഷിതാവസ്ഥയും വര്‍ദ്ധിച്ചിരിക്കുകയാണെന്നും സംഘടനയുടെ സിറിയയിലെ പ്രൊജക്ട് മാനേജര്‍ മരിയല്ലെ ബൌട്രോസ് വെളിപ്പെടുത്തി.

അര്‍മേനിയന്‍ ഡോക്ടര്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ടതും, ഹസ്സാക്കയിലേക്ക് പോകുവാന്‍ തുടങ്ങിയ ബസ് ആക്രമിക്കപ്പെട്ടതും ചൂണ്ടിക്കാട്ടിക്കൊണ്ട് ജനങ്ങള്‍ കെണിയില്‍ അകപ്പെട്ടിരിക്കുകയാണെന്നും, നഗരത്തിലേക്ക് പ്രവേശിക്കുവാനോ പുറത്തുപോകുവാനോ ആര്‍ക്കും കഴിയാത്ത അവസ്ഥയാണെന്നും മരിയല്ലെ പറയുന്നു. അടിസ്ഥാന സേവനങ്ങള്‍ എല്ലാം താറുമാറായിരിക്കുകയാണ്. സ്കൂളുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ആളുകള്‍ക്ക് തങ്ങളുടെ ശമ്പളം പിന്‍വലിക്കുവാന്‍ പോലും കഴിയുന്നില്ല.

എ.സി.എന്‍ ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറല്‍ ഫിലിപ്പ് ഒസോറസും സിറിയയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വ്യോമാക്രമണങ്ങളും വിമതസേനയുടെ കടുത്ത നിയന്ത്രണങ്ങളും ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഒരുമയുടെയും, ഐക്യത്തിന്റേയും സമയമാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവരോട് ആലപ്പോയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയില്‍ ഒന്നിക്കുവാനും, സമാധാനത്തിനും, സംരക്ഷണത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാനും എ.സി.എന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ഒസോറസിന്റെ അഭ്യര്‍ത്ഥനയില്‍ പറയുന്നു.

സിറിയന്‍ ക്രൈസ്തവരുടെ സഹായത്തിനായി അടിയന്തര സഹായ നിധിക്കും എ.സി.എന്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതിനായി 3,50,000 യൂറോ സമാഹരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ഗുരുതമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന ആശുപത്രികളെ സഹായിക്കുവാനും, ഭവനരഹിതരായവരെ സഹായിക്കുവാനും അവര്‍ക്ക് വേണ്ടി ഭക്ഷണം, കിടക്ക, പുതപ്പ് എന്നിവ നല്‍കുവാനും, വൈദ്യുതിക്ക് ബദല്‍ സംവിധാനം ഉറപ്പാക്കുവാനും, ക്രിസ്ത്യന്‍ സ്കൂളുകളെ സഹായിക്കുവാനും സംഘടന പദ്ധതിയിടുന്നുണ്ട്. നിസ്സഹായരായ കാല്‍ ലക്ഷത്തോളം ക്രൈസ്തവര്‍ നിലവില്‍ ആലപ്പോയില്‍ തുടരുന്നുണ്ടെന്നാണ് സംഘടനയുടെ കണക്ക്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »