India - 2025

അനുതാപത്തിന്റെ പരിഹാര പരിത്യാഗ അനുഷ്ഠാനവുമായി കുടമാളൂരിൽ നീന്തുനേർച്ച നാളെ മുതല്‍

27-03-2024 - Wednesday

കോട്ടയം: യേശുവിന്റെ പീഡാനുഭവ, മരണ, ഉത്ഥാനത്തെ അനുസ്‌മരിച്ച് നോമ്പിന്റെ അവസാന നാളിൽ അനുതാപത്തിന്റെ പരിഹാര പരിത്യാഗ അനുഷ്ഠാനവുമായി കുടമാളൂരിൽ നീന്തുനേർച്ച. നാളെ രാവിലെ ആറിനാരംഭിക്കുന്ന നീന്തുനേർച്ച ദുഃഖവെള്ളിയാഴ്ച്‌ച പാതിരാവരെ നീളും. കുടമാളൂർ പള്ളിയിലെത്തുന്ന അനേകായിരങ്ങൾ അനുഗ്രഹം പ്രാപിക്കുന്ന അനുഷ്‌ഠാനമാണ് നീന്തുനേർച്ച. പള്ളിയുടെ ആരംഭകാലംമുതൽത്തന്നെ ദുഃഖവെള്ളിയാഴ്‌ച പുലർച്ചെ ചെമ്പകശേരി രാജകൊട്ടാരത്തിൽനിന്നും അന്തർജനങ്ങൾ ഉൾപ്പെടെയുള്ളവർ വന്നു പള്ളിക്കു വലംവച്ചു പള്ളിയിൽ പ്രവേശിച്ച് തിരുസ്വരൂപം വണങ്ങി കൈ കുമ്പിൾ നിറയെ കാണിക്ക അർപ്പിച്ചുവന്നിരുന്നു. ഈ രീതി അനുകരിച്ചു വിശ്വാസികൾ മുട്ടിന്മേൽ നീന്തി പ്രാർത്ഥിക്കുന്ന രീതി തുടങ്ങി. ഇതാണ് പിന്നീടു നീന്തു നേർച്ചയായി മാറിയത്.

പഴയപള്ളിക്ക് അഭിമുഖമായി മൈതാനത്തിനു പടിഞ്ഞാറുഭാഗത്തുള്ള കൽ കുരിശിൻ ചുവട്ടിൽ തിരി കത്തിച്ചു സ്വയം പ്രാർത്ഥനയ്ക്കുശേഷം മുട്ടിന്മേൽ നീന്തി മുക്തിമാതാ ദേവാലയത്തിൽ പ്രവേശിച്ചു തിരുസ്വരൂപം ചുംബിച്ചും പ്രാര്‍ത്ഥിച്ചുമാണ് നേർച്ച പൂർത്തിയാക്കുന്നത്. പ്രത്യേക നിയോഗങ്ങൾക്കും ആരോഗ്യത്തിനും രോഗശമനത്തിനുമായാണ് ഈ നേർച്ച അനുഷ്‌ഠിച്ചുവരുന്നത്. പെസഹാ ദിനത്തിൽ ഉച്ചയ്ക്കു ഒന്നിനാണ് തമുക്ക് നേർച്ച. രാജഭരണകാലത്ത് കുമാരനല്ലൂർ ദേശക്കാരായ കച്ചവടക്കാർക്ക് ഉണ്ടായ വലിയ പ്രതിസന്ധി യിൽ കുടമാളൂർ മുക്തിയമ്മയെ വിളിച്ചപേക്ഷിച്ചപ്പോൾ ലഭിച്ച അത്ഭുതകരമായ പരിഹാരത്തിന് നന്ദിയായി എല്ലാവർഷവും പെസഹാ ദിനത്തിൽ കുടമാളൂ ർ പള്ളിയിൽ കുമാരനല്ലൂർ ദേശക്കാർ നടത്തുന്ന പരമ്പരാഗത നേർച്ചയാണിത്.

നാളെ വൈകീട്ട് 4നു മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ നടക്കുന്ന പെസഹ തിരുക്കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് പ്രീസ്റ്റ് ഫാ. മാണി പുതിയിടത്തില്‍ മുഖ്യകാര്‍മ്മികനാകും. തുടര്‍ന്നു വാര്‍ഡുകളുടെയും സംഘടനകളുടെയും സന്യസ്ത ഭവനങ്ങളുടെയും ആഭിമുഖ്യത്തില്‍ ദിവ്യകാരുണ്യ ആരാധന നടക്കും. ദുഃഖവെള്ളി ഉച്ചഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന പീഡാനുഭവ തിരുക്കർമങ്ങൾ ക്ക് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. കുരിശിന്റെ വഴി, നഗരികാണിക്കൽ, തിരുസ്വരൂപ ചുംബനം എന്നിവയ്ക്കുശേഷം രാത്രി 7.15നുള്ള പീഡാനുഭവ പ്രദർശന ധ്യാനത്തിന് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് നേതൃത്വം നൽകും.


Related Articles »