Faith And Reason
100% ജീസസ്: ഒളിമ്പ്ക്സില്‍ ഇത് നെയ്മറിന്റെ ക്രിസ്തീയ സാക്ഷ്യം
സ്വന്തം ലേഖകന്‍ 21-08-2016 - Sunday
റിയോ∙ ചരിത്ര നേട്ടത്തിലേക്ക് ബ്രസീല്‍ ഫുട്ബോള്‍ ടീമിനെ കൈപിടിച്ചുയര്‍ത്തി വീര നായകനായി മടങ്ങുമ്പോള്‍ വിജയം പൂര്‍ണ്ണമായും ക്രിസ്തുവിന് സമര്‍പ്പിച്ച് നെയ്മര്‍. മാറക്കാന സ്റ്റേഡിയത്തില്‍ ജര്‍മനിക്കെതിരെ നേടിയ സുവര്‍ണ്ണ വിജയത്തിനു ശേഷം ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞ നെയ്മർ സ്റ്റേഡിയത്തില്‍ തടിച്ച് കൂടിയ ഫുട്ബോള്‍ പ്രേമികള്‍ക്ക് നല്കിയത് ക്രിസ്തീയ വിശ്വാസത്തിന്റെ മറ്റൊരു സാക്ഷ്യം. താന്‍ കാണിക്കുന്ന മികവ് പൂര്‍ണ്ണമായും യേശു നല്‍കിയതാണെന്നുള്ള വലിയ സാക്ഷ്യമാണ് ഈ ബാന്‍ഡിലൂടെ നെയ്മര്‍ ലോകത്തോട് വിളിച്ച് പറഞ്ഞത്.
ആദ്യ പകുതിയിലെ ഗോളും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ണായകമായ അവസാന ഗോളും നേടിയ നെയ്മര്‍ '100% ജീസസ്' എന്നെഴുതിയ ബാന്‍റ് തലയില്‍ കെട്ടി സ്റ്റേഡിയത്തെ വലം വെച്ചപ്പോള്‍ ഈ ക്രിസ്തീയ സാക്ഷ്യം 100% വേറിട്ടതാണെന്ന് സോഷ്യല്‍ മീഡിയയായില്‍ പലരും അഭിപ്രായം രേഖപ്പെടുത്തുന്നു. സ്‌കോട്‌ലന്റിലെ സോക്കർ ക്ലബ് കത്തോലിക്കാ വിശ്വാസികളെ ക്ലബിൽ ചേർക്കില്ലെന്ന് വാദിച്ചപ്പോഴും പ്രാർത്ഥനകൾ നിരോധിച്ചപ്പോഴും പല രാജ്യങ്ങളിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചു കേട്ടപ്പോഴും നെയ്മർ തന്റെ എതിർപ്പ് തുറന്നു പറയുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നേരത്തെ ജൂൺ 6 ന് ചാംപ്യൻസ് ലീഗ് ട്രോഫിയുടെ ഫൈനലിൽ നെയ്മറുൾപ്പെടുന്ന ബാഴ്‌സലോണ വിജയികളായപ്പോൾ ‘100% ജീസസ്’ എന്ന ഇതേ ബാന്‍ഡ് നെയ്മര്‍ നെറ്റിയിൽ അണിഞ്ഞിരിന്നു. അന്ന്‍ ബെർലിൻ ഒളിംപിക് സ്‌റ്റേഡിയത്തിൽ തടിച്ച് കൂടിയ 75,000 ഓളം വരുന്ന കാണികൾക്ക് മുമ്പിലും ടെലിവിഷനിലൂടെയും മറ്റും കളി നിരീക്ഷിച്ച കോടിക്കണക്കിന് ജനങ്ങളുടെ മുമ്പിലും തന്റെ ക്രിസ്തീയ വിശ്വാസം പങ്കുവച്ചത് നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തയായിരിന്നു. മൂന്നാമത്തെ ഗോൾ നേടി തന്റെ ടീമിനെ ജയിപ്പിച്ച ശേഷമായിരുന്നു ഇത്.
ബ്രസീലിന് ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യ ഫുട്‌ബോള്‍ സ്വര്‍ണം നേടിക്കൊടുത്തതിന് പിന്നാലെ അദ്ദേഹം ഫുട്ബോൾ ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു.