India - 2025
നാം ദൈവത്തെ വിശ്വസിക്കുന്നതിനേക്കാൾ ദൈവം നമ്മെ വിശ്വസിക്കുന്നു: മാർ തോമസ് തറയിൽ
പ്രവാചകശബ്ദം 31-08-2024 - Saturday
ചങ്ങനാശേരി: നമ്മെ വിശ്വസിക്കുന്ന ദൈവം നാം ദൈവത്തെ വിശ്വസിക്കുന്നതിനേക്കാൾ ദൈവം നമ്മെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നത് നാം തിരിച്ചറിയണമെന്നും ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയുക്തനായ മാർ തോമസ് തറയില്‍. സഭയിൽ ഏൽപിക്കപ്പെടുന്ന ഓരോ ദൗത്യവും ദൈവം നമ്മെ വിശ്വസിക്കുന്നതിന്റെ അടയാളങ്ങളാണ്. പൗരാണികമായ ചങ്ങനാശേരി അതിരൂപതയുടെ അധ്യക്ഷനായുള്ള നിയോഗം, ദൈവത്തിന്റെ അനന്തപരിപാലനയിൽ ആശ്രയിച്ചാണ് ഏറ്റെടുക്കുന്നത്. ഈ നിയോഗത്തിലേക്കു കൈപിടിച്ച എല്ലാവർക്കും ഹൃദയപൂർവം നന്ദി അറിയിക്കുകയാണെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
സഭാ ശുശ്രൂഷകളിൽ വെല്ലുവിളികൾ നമ്മെ ഭയപ്പെടുത്തേണ്ടതില്ല. നമ്മുടെ കൂടെ ദൈവം ഉണ്ടോ എന്നതാണു പ്രധാനം. കർത്താവിന്റെ സാന്നിധ്യം നമുക്കൊപ്പമെങ്കിൽ വെല്ലുവിളികളെ നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും. നിരന്തര സാക്ഷ്യം നമ്മുടെ പദ്ധതികളേക്കാൾ ദൈവത്തിൻ്റെ പദ്ധതികളെ വിവേചിച്ചറിയുകയാണ് ആവശ്യം. വിശ്വാസം കുറഞ്ഞുവരുന്ന പുതിയ കാലഘട്ടത്തിൽ, വിശ്വാസീ സമൂഹത്തിനു നേതൃത്വം കൊടുക്കുകയെന്നത് പഴയതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല. അപ്പോഴും ശക്തമായ സാക്ഷ്യത്തിലൂടെയും നിരന്തരമായി ആത്മീയജീവിതത്തിൽ ആഴപ്പെടുന്നതിലൂടെയും നമ്മുടെ ജനത്തിനു നല്ല വിശ്വാസാനുഭവം പങ്കുവയ്ക്കാൻ നമുക്കാവുമെന്നും മാര്‍ തറയില്‍ പറഞ്ഞു.