India
'സന്തോഷത്തിൻ്റെ കാവൽക്കാരൻ' ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഷോർട് ഫിലിം പുറത്തിറങ്ങി
പ്രവാചകശബ്ദം 21-05-2024 - Tuesday
ഇരിങ്ങാലക്കുട : ദിവ്യകാരുണ്യ നാഥനായ യേശുക്രിസ്തുവിലാണ് യഥാർത്ഥ സന്തോഷം എന്ന ആശയത്തെ ആസ്പദമാക്കിയിട്ടുള്ള ഷോർട് ഫിലിമിന് രൂപതാധ്യക്ഷൻ മാര്‍ പോളി കണ്ണൂക്കാടന്‍ ആശംസകൾ നേർന്നു. ബിഷ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ഷോർട് ഫിലിം സംവിധായകൻ പ്രിൻസ് ഡേവീസ് തെക്കൂടൻ, ക്യാമറാമാൻ അഖിൽ റാഫേൽ, പ്രഥാന കഥാപാത്രം ചെയ്ത ഷോണി തെക്കൂടൻ, പ്രൊഡൂസർ ആനി ഡേവീസ് എന്നിവർ സന്നിഹിതരായിരുന്നു. മെയ് 18 ശനിയാഴ്ച്ച ജോസഫ് ഡ്രീംസ് എന്ന യൂടൂബ് ചാനലിൽ ഫിലിം പുറത്തിറങ്ങി.
കരുവന്നൂർ, ചെറിയ പാലം, ഇരിങ്ങാലക്കുട, എടത്തിരുത്തി എന്നിവിടങ്ങളിലാണ് പ്രഥാനമായും ചിത്രീകരണം നടന്നത്. ജോസ് ഇലഞ്ഞിക്കലാണ് കോ. പ്രൊഡൂസർ, എഡിറ്റർ വിബിൻ മാത്യു, സൗണ്ട് ഡിസൈൻ സിനോജ് ജോസ്, പോസ്റ്റർ ഡിസൈൻ ഐബി മൂർക്കനാട്. പരിയാരം ഇടവക വികാരി ഫാ: വിൽസൻ എലുവത്തിങ്കൽ കൂനൻ ഇതിൽ മികച്ച ഒരു വേഷം ചെയ്തിട്ടുണ്ട്. ഒരു വൈദികൻ്റെ ജീവിത വഴികളെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ് കഥാപശ്ചാത്തലമെങ്കിലും സന്യസ്തരെയും അല്മായരെയും സ്വാധീനിക്കുന്ന ചില വിശുദ്ധ വിചാരങ്ങൾകൂടി 'ഫിലിമിലുൾപ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകൻ പ്രിൻസ് ഡേവീസ് പറഞ്ഞു.
ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്ന രൂപതയിൽ ഇത്തരത്തിൽ ഒരു ഫിലിം ചെയ്യാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു. കരുവന്നൂർ സെൻ്റ് മേരീസ് പള്ളി ഇടവകാംഗമാണ് സംവിധായകനായ പ്രിൻസ് ഡേവീസ് തെക്കൂടന്‍. ഇപ്പോൾ ഇരിങ്ങാലക്കുട രൂപതയുടെ കൊടകര സഹൃദയ ഓട്ടോണമസ് എഞ്ചിനീയറിംഗ് കോളേജിൽ മീഡിയ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.