News - 2025
തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി: ഉത്തർപ്രദേശില്‍ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി
പ്രവാചകശബ്ദം 25-07-2024 - Thursday
ലക്നൌ: മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് വലതുപക്ഷ ഹിന്ദു സംഘടനകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ച് വടക്കൻ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ക്രൈസ്തവരാണ് പോലീസിനു നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. പ്രാർത്ഥനാ കൂട്ടായ്മകളില്‍ അതിക്രമിച്ച് കയറി തീവ്ര ഹിന്ദുത്വവാദികളായ ബജരംഗ്ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നത് തുടരുന്നതിനാൽ പോലീസ് സംരക്ഷണം തേടാൻ നിർബന്ധിതരായി തീര്‍ന്നിരിക്കുകയാണെന്ന് നിവേദനത്തിൽ ഒപ്പിട്ട രാം ലഖൻ യുസിഎ ന്യൂസിനോട് വെളിപ്പെടുത്തി.
ജൂലൈ 23ന് അന്‍പതോളം പേർ പോലീസ് സൂപ്രണ്ടിന് സമർപ്പിച്ച നിവേദനത്തിൽ ഒപ്പുവച്ചു. ആരോപണത്തെ പിന്തുണയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് അവർ അറിയിച്ചിട്ടുണ്ട്. തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയാണെന്നും ബൈബിളിൻ്റെ പകർപ്പുകൾ നശിപ്പിച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. "ക്രിസ്ത്യാനികൾ പള്ളിയിലോ വീടുകളിലോ പ്രാർത്ഥനാ യോഗങ്ങൾ നടത്തിയാൽ അവരെ ഒന്നൊന്നായി അടിക്കുമെന്ന്” പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
ഹൈന്ദവ വിശ്വാസത്തില്‍ നിന്ന് ക്രൈസ്തവ / ഇസ്ലാം വിശ്വാസത്തിലേക്കുള്ള മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കുന്ന മതപരിവർത്തന വിരുദ്ധ നിയമം നിലവിലുള്ള ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും അധികം ആക്രമണം നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം നേരത്തെ പുറത്തുവിട്ട കണക്കുകളില്‍ നിന്ന്‍ വ്യക്തമാണ്. ഉത്തർപ്രദേശിലെ 200 ദശലക്ഷത്തിലധികം ജനങ്ങളിൽ 1 ശതമാനത്തിൽ താഴെ മാത്രമാണ് ക്രിസ്ത്യാനികൾ.