India - 2025

ഉത്തർപ്രദേശിൽ കത്തോലിക്ക കോളേജിനു നേരെ തീവ്രഹൈന്ദവ സംഘടനയുടെ ആക്രമണം

സ്വന്തം ലേഖകന്‍ 21-07-2018 - Saturday

കാൺപൂർ: ഉത്തർപ്രദേശിലെ സെന്‍റ് ആൻഡ്രൂസ് കോളേജിന് നേരെ ഹൈന്ദവവാദികളുടെ ആക്രമണം. ജൂലൈ പതിനെട്ടിന് ആർഎസ്എസ് പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി സംഘടനയായ എബിവിപിയാണ് ആക്രമണം അഴിച്ചുവിട്ടത്. കോളേജ് ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ ബി‌ജെ‌പി അനുകൂലികള്‍ കോളേജ് അധികൃതരേയും ജോലിക്കാരെയും അധിക്ഷേപിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയുമായിരിന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് എബിവിപി സെക്രട്ടറി ജനറൽ സൗരഭ് കുമാർ ഗൗറിനും മറ്റ് നാൽപത് പ്രവർത്തകർക്കുമെതിരെ ഗോരഖ്പുർ കോളേജ് ഡീൻ ജെ. കെ ലാൽ പോലീൽ പരാതി നൽകി.

കോളേജ് പ്രവേശനത്തിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച എബിവിപി പ്രവർത്തകർ സംഘർഷം അഴിച്ചുവിടുകയായിരിന്നു. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പോലീസിനും, മുഖ്യമന്ത്രിയ്ക്കും ദീന്‍ദയാൽ ഉപാദയ ഗോരഖ്പുർ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി ചാൻസലറിനും കോളജ് അധികൃതർ ഇതിനോടകം കൈമാറിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നതും പെന്തക്കുസ്ത ആരാധനാലയങ്ങള്‍ക്ക് നേരെ വിവേചനപരമായ നടപടി സ്വീകരിക്കുന്നതും തുടരുകയാണെന്ന്‍ ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് സംഘടന അദ്ധ്യക്ഷൻ സാജൻ കെ ജോർജ് പ്രസ്താവിച്ചു.

ജൂലൈ രണ്ടിന് പ്രതാപഗർഹ് ജില്ലയിൽ ഇരുപതോളം പെന്തക്കുസ്ത വിഭാഗത്തിലെ വിശ്വാസികള്‍ പ്രാർത്ഥന ശുശ്രൂഷകൾക്കിടയിൽ ആക്രമിക്കപ്പെട്ടിരിന്നു. ഇതിന് പിന്നാലെ ജൂലൈ ഒൻപതിന് പ്രാർത്ഥന ശുശ്രൂഷ നടത്തുകയായിരുന്ന സാബു തോമസ് എന്ന വചനപ്രഘോഷകനെ നിർബന്ധിത പരിവർത്തനം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശില്‍ ഇതിനു മുന്‍പും ക്രൈസ്തവര്‍ക്ക് നേരെ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരിന്നു.


Related Articles »