News - 2025
ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയം പൊളിച്ചുമാറ്റി
സ്വന്തം ലേഖകന്‍ 12-04-2019 - Friday
ന്യൂഡൽഹി: ഉത്തർപ്രദേശ് അട്രുലിയില്‍ നിർമ്മാണത്തിലിരിന്ന ക്രൈസ്തവ ദേവാലയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കി. ഔദ്യോഗിക അനുമതിയോടെ ആരംഭിച്ച അസംബ്ലിസ് ഓഫ് ഗോഡ് ദേവാലയമാണ് വിശ്വാസികളുടെ മുൻപാകെ തകർക്കപ്പെട്ടത്. ക്രൈസ്തവർ നേരിടുന്ന വിവേചനത്തിന്റെ ബാക്കിപത്രമാണ് ഇത്തരം നടപടികളെന്ന് പെർസിക്യൂഷൻ റിലീഫ് എന്ന സംഘടന വ്യക്തമാക്കി. മുൻസിപ്പൽ അധികൃതരുടെ ധിക്കാരപരമായ നീക്കത്തെ സംഘടന വക്താവ് ഷിബു തോമസ് അപലപിച്ചു.
പത്തു വർഷത്തോളം അസംബ്ലിസ് ഓഫ് ഗോഡ് സമൂഹത്തെ നയിച്ചിരുന്ന റവ. രാജു അബ്രാഹം രണ്ട് വർഷങ്ങൾക്കു മുൻപേ ദേവാലയ നിർമ്മാണത്തിന് അനുമതി വാങ്ങിയിരിന്നു. വിശ്വാസികളുടെ അധ്വാനത്തിന്റെ ഓഹരി ചേർത്ത് വെച്ച് കഴിഞ്ഞ മാസം മുപ്പതിനാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ, ഏപ്രിൽ അഞ്ചിന് നഗരസഭ അധ്യക്ഷരും മുൻസിപ്പൽ അധികൃതരും ചേർന്ന് അഞ്ചടിയോളം ഉയർന്ന ഭിത്തികൾ നിലംപരിശാക്കുകയായിരുന്നു.
പ്രാദേശിക ഭരണകൂടത്തിന്റെയും രാഷ്ട്രീയ പ്രവർത്തകരുടെയും ഒത്താശയോടെയാണ് ഉത്തർ പ്രദേശിൽ ആക്രമണങ്ങൾ അരങ്ങേറുന്നതെന്നും സംസഥാനത്തെ ഇരുപത്തിയഞ്ചിലധികം ദേവാലയങ്ങളാണ് പോലീസ് അടച്ചുപൂട്ടി കാവലേർപ്പെടുത്തിയിരിക്കുന്നതെന്നും ഷിബു തോമസ് പറഞ്ഞു. 2018ലെ കണക്കുകൾ പ്രകാരം നൂറിലധികം ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളാണ് ഉത്തർപ്രദേശിൽ അരങ്ങേറിയിട്ടുണ്ടെന്നാണ് പെർസിക്യൂഷൻ റിലീഫ് സംഘടനയുടെ കണക്കുകൾ. 2019ൽ ഇത് വരെ ഇരുപത്തിയേഴ് ആക്രമണങ്ങള്‍ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.