News - 2025

അയർലണ്ടിൽ സൈനിക ചാപ്ലിനായ വൈദികന് കുത്തേറ്റു

പ്രവാചകശബ്ദം 17-08-2024 - Saturday

ഡബ്ലിന്‍: അയർലണ്ടിലെ കോ ഗാൽവേയില്‍ സൈനിക ചാപ്ലിനായി സേവനം ചെയ്യുന്ന വൈദികന് കുത്തേറ്റു. കോ ഗാൽവേയിലെ റെൻമോർ ബാരക്കിന് പുറത്ത് വ്യാഴാഴ്ച രാത്രിയാണ് വൈദികന് നേരെ ആക്രമണം അരങ്ങേറിയത്. ഫാ. പോൾ എഫ് മർഫി എന്ന വൈദികനാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

കൗണ്ടി വാട്ടർഫോർഡിലെ ട്രാമോറിലെ ഡൺഹില്ലിലും ഫെനോർ ഇടവകയിലും മറ്റിടങ്ങളിലും സേവനം ചെയ്ത ശേഷമാണ് 2013-ല്‍ അദ്ദേഹം ആര്‍മി ചാപ്ലിനായി ഉത്തരവാദിത്വമേറ്റെടുക്കുന്നത്. വൈദികന്‍റെ പരിക്ക് ഗുരുതരമല്ല. ആക്രമണത്തെ അപലപിക്കുകയാണെന്ന് അയർലണ്ടിന്റെ പ്രതിരോധ മന്ത്രി മൈക്കൽ മാർട്ടിൻ പറഞ്ഞു.

ഐറിഷ് സൈനികരെ സന്ദർശിക്കാൻ സിറിയയിലേക്കും ലെബനോനിലേക്കും ഉൾപ്പെടെ, നിരവധി വിദേശ യാത്രകൾ ഫാ. മർഫി നടത്തിയിരിന്നു. ലൂർദിലേക്കുള്ള അന്താരാഷ്ട്ര വാർഷിക സൈനിക തീർത്ഥാടനത്തിൽ പ്രതിരോധ സേനയെ നയിച്ചതും ഈ വൈദികനായിരിന്നു. അതേസമയം വൈദികന്റെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ സന്ദേശങ്ങൾക്കും മറുപടി നൽകാനും വരുന്ന എല്ലാ കോളുകളും എടുക്കാനും കഴിയാത്തതിൽ ക്ഷമിക്കണമെന്നും ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണെന്നും ഫാ. പോൾ മർഫി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.


Related Articles »