India - 2024

വിശുദ്ധരായ വൈദികരാണ് സഭയുടെ ശക്തി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 06-09-2024 - Friday

ഇരിട്ടി: കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ നല്ല ഇടയന്‍റെ മനോഭാവമുള്ള വൈദികനെ രൂപപ്പെടുത്താനുതകുന്ന പരിവർത്തനത്തിൻ്റെ പരിശീലനമാണു സെമിനാരികളിൽ നടത്തേണ്ടതെന്നും വിശുദ്ധരായ വൈദികരാണ് സഭയുടെ ശക്തിയെന്നും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭയുടെ മലബാറിലെ വൈദികപരിശീലന കേന്ദ്രമായ കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജർ സെമിനാരിയിൽ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.

തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും ഓരോ വൈദികവിദ്യാർഥിയിലും നല്ല സമരിയാക്കാരൻ്റെ നന്മകൾ ഉൾക്കൊള്ളാൻ സഹായകമാകണം. ഈ കാലഘട്ടത്തിലെ വൈദികർ നല്ല സമരിയക്കാരൻ ആകണം. ഉദാത്തമായ ആധ്യാത്മികമൂല്യങ്ങൾ മുറുകെപ്പിടിക്കുന്നവരാകണം. ഓരോ വൈദികനും മറ്റൊരു ക്രിസ്‌തുതന്നെ ആകണം. വിശുദ്ധരായ ഒട്ടേറെ വൈദികരാണ് സഭയുടെ ശക്തി. അറിവിൻ്റെ രംഗത്ത് ഏറെ അക്കാദമിക മികവുകൾ നേടുമ്പോൾ തന്നെ നല്ല അയൽക്കാരൻ്റെ നന്മ നമ്മൾ നിലനിർത്തണം. വിശുദ്ധിയുടെ വഴിയിൽ മാറ്റപ്പെട്ട മനുഷ്യരാകാൻ കഴിയുമ്പോൾ മാതൃ കയായ വൈദികരാകാൻ കഴിയുമെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.

വ്യത്യസ്തതകളെയും എതിരഭിപ്രായങ്ങളെയും ഉൾക്കൊണ്ട് പ്രവാചകദൗ ത്യത്തോടെ നല്ല ഇടയനാകാൻ വൈദികർക്കു സാധിക്കണമെന്നു അധ്യക്ഷ പ്രസംഗത്തിൽ തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജർ സെമിനാരിയിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം വിവിധ എൻഡോവ്മെന്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ സെമിനാരിയുടെ ചരിത്രം ഉൾക്കൊള്ളുന്ന ഡോക്യുമെൻ്ററി ചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി റെക്ടർ റവ. ഡോ. ജേക്കബ് ചാണിക്കുഴി, നസ്രത്ത് സന്യാസിനീസമൂഹം മദർ ജനറൽ സിസ്റ്റർ ജസീന്ത, ഡീക്കൻ മാത്യു തെരുവൻകുന്നേൽ എന്നിവർ പ്രസംഗിച്ചു. സെമിനാരി അങ്കണത്തിൽ മാർ റാഫേൽ തട്ടിൽ ജൂബിലി മരം നട്ടു. ഉദ്ഘാടന ചടങ്ങുകൾക്ക് മുമ്പ് മേജർ ആർച്ച്ബിഷപ്പിനും വിശിഷ്ടാതിഥികൾക്കും സ്വീകരണം നൽകി. മേജർ ആർച്ച് ബിഷപ്പിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

തലശേരി അതിരൂപത ആസ്ഥാനത്തുനിന്നും വിവിധ സന്യാ സിനീ സമൂഹങ്ങളിൽനിന്നും സമീപ ഇടവകകളിൽ നിന്നുമുള്ള വൈദികർ, സി സ്റ്റേഴ്സ്, വിശ്വാസികൾ എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി. ഫാ. ആന്റണി കുറ്റിക്കാടൻ, ഫാ. മാത്യു പട്ടമന, ഫാ. ഏബ്രഹാം നെല്ലിക്കൽ, ഫാ. ജോർജ് കുഴിപ്പള്ളിൽ, ഫാ. ജോർജ് കുടപ്പുഴ, ഫാ. തോമസ് കല്ലുപുര, ഡീക്കന്മാരായ ബെൽഫിൻ, ആൽബിൻ, ഷോൺ തുടങ്ങിയവർ നേതൃത്വം നൽകി.


Related Articles »