News

ഭ്രൂണഹത്യ ക്ലിനിക്ക് പരിസരത്ത് പ്രാര്‍ത്ഥന ഉള്‍പ്പെടെയുള്ളവ നിരോധിക്കുന്നതിനെതിരെ ബ്രിട്ടീഷ് മെത്രാന്‍ സമിതി

പ്രവാചകശബ്ദം 27-09-2024 - Friday

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഭ്രൂണഹത്യ ക്ലിനിക്കിൻ്റെ 150 മീറ്ററിനുള്ളിൽ (ഏകദേശം 164 യാർഡ്) പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥന ഉള്‍പ്പെടെയുള്ള കാര്യങ്ങളെ നിരോധിക്കുന്ന നിയമമൊരുങ്ങുന്നതില്‍ ആശങ്ക ശക്തമാകുന്നു. പബ്ലിക് ഓർഡർ ആക്ട് 2023-ൻ്റെ ഭാഗമായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും എല്ലാ ഭ്രൂണഹത്യ ക്ലിനിക്കുകൾക്കും ചുറ്റും പുതിയ ബഫർ സോണുകൾ സ്ഥാപിക്കാനാണ് യു‌കെ ഭരണകൂടം ഒരുങ്ങുന്നത്. ഇത് ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വരും. 2023 ൽ നിയമം പാസാക്കിയെങ്കിലും, കോടതികളില്‍ നടന്ന തുടര്‍ച്ചയായ വാദഗതികള്‍ക്ക് ശേഷമാണ് ഇത് നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നത്.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിൻ്റെ (CBCEW) ജീവന് വേണ്ടിയുള്ള വിഭാഗത്തിന്റെ അധ്യക്ഷനും വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപത സഹായ മെത്രാനുമായ ജോൺ ഷെറിംഗ്ടണ്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി. പുതിയ നിയമനിർമ്മാണം അനാവശ്യമാണെന്നു അദ്ദേഹം ആവര്‍ത്തിച്ചു. യുകെയിൽ സ്ത്രീകളെ ഉപദ്രവത്തിൽ നിന്ന് സംരക്ഷിക്കുന്ന നിയമങ്ങളുണ്ട്. എന്നാല്‍ ഇത്തരം നിയമങ്ങൾ വിവേചനം ഉണ്ടാക്കുകയാണെന്നും അവ വിശ്വാസമുള്ള ആളുകൾക്ക് എതിരാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഏതൊരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തിൻ്റെയും അടിസ്ഥാന സ്വാതന്ത്ര്യമാണ് മതസ്വാതന്ത്ര്യം. മതസ്വാതന്ത്ര്യത്തിൽ ഒരാളുടെ സ്വകാര്യ വിശ്വാസങ്ങൾ, സാക്ഷ്യം, പ്രാർത്ഥന, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പരസ്യമായി പ്രകടിപ്പിക്കാനുള്ള അവകാശം ഉൾപ്പെടുന്നു. സുരക്ഷിത ആക്സസ് സോണുകള്‍ എന്ന പേരില്‍ ഭ്രൂണഹത്യ കേന്ദ്രങ്ങളെ പ്രാര്‍ത്ഥന നടത്തുന്ന കൂട്ടായ്മയുടെ പരിധിയില്‍ നിന്നു നിയന്ത്രിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം നിന്ന് പ്രാർത്ഥിച്ചുവെന്ന കുറ്റം ആരോപിച്ച് ഇസബൽ വോഗൻ സ്പ്രൂസ് എന്ന പ്രോലൈഫ് ആക്ടിവിസ്റ്റിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത് നേരെത്തെ ഏറെ ചര്‍ച്ചയായിരിന്നു. കഴിഞ്ഞ വര്‍ഷം മാർച്ച് 6ന്, ബർമിംഗ്ഹാമിലെ സ്റ്റേഷൻ റോഡിലെ ഗർഭഛിദ്ര ക്ലിനിക്കിന് പുറത്തുള്ള "ബഫർ സോണിൽ" പ്രാർത്ഥിച്ചതിനാണ് വോൺ-സ്പ്രൂസ് അറസ്റ്റിലായത്. പിന്നീട് ജാമ്യത്തില്‍ വിട്ടു. 20 വർഷമായി അബോർഷൻ ക്ലിനിക്കുകൾക്ക് സമീപം പ്രാര്‍ത്ഥനയുമായി നിലകൊള്ളുന്ന വോഗൻ ശക്തമായ പ്രോലൈഫ് പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇസബൽ വോഗൻ ഉള്‍പ്പെടെ നൂറുകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരെ ഭ്രൂണഹത്യ ക്ലിനിക്കുകളില്‍ നിന്നു തടയുന്നതാണ് പുതിയ ബ്രിട്ടീഷ് നിയമം.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »