India - 2024

സഭ കെട്ടിലും മട്ടിലും ലളിതമാവണം: ജസ്റ്റീസ് കുര്യന്‍ ജോസഫ്

അമല്‍ സാബു 29-08-2016 - Monday

കൊടകര: കെട്ടിലും മട്ടിലും സഭ കൂടുതല്‍ ലളിതമാവണമെന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാക്കിലും പ്രവൃത്തിയിലും ഒരുപോലെ ലാളിത്യം പുലര്‍ത്തേണ്ടതിന്റെ ആവശ്യം സഭ മുഴുവന്‍ ഉള്‍ക്കൊള്ളണം. ലളിതജീവിതത്തിന്റെ നിരവധിയായ മാതൃകകള്‍ ഇന്നും സഭയിലുണ്ട്. എന്നാല്‍ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ ചിലയിടങ്ങളിലെങ്കിലും സാധിക്കാതെവന്നാല്‍ എതിര്‍സാക്ഷ്യമാകും.

പാവങ്ങളോടു വലിയ ബന്ധം പുലര്‍ത്തിവന്ന പാരമ്പര്യമാണു സഭയ്ക്കുള്ളത്. പൊതുസമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ അവഗണിക്കപ്പെടുന്നവരോടാപ്പം ചേര്‍ന്ന് സഭ ഇന്നും അതിന്റെ ശുശ്രൂഷ ശക്തമാക്കേണ്ടുതുണ്ട്. ക്രിസ്തു പ്രവര്‍ത്തിച്ച ലോകത്തിലേക്കാണു സഭയും ഇന്നു വിളിക്കപ്പെട്ടിരിക്കുന്നത്. ഒന്നും ഇല്ലാത്തവരുടെയും ഒന്നും അല്ലാത്തവരുടെയും ലോകത്ത് സഭയ്ക്കു ചെയ്യാന്‍ ദൗത്യങ്ങള്‍ ഏറെയാണ്. ഇടയനില്ലാത്ത ആട്ടിന്‍പറ്റത്തോടും കരുണാര്‍ദ്രസമീപനം വേണം. ക്രിസ്തുവിനെ പറഞ്ഞുകൊടുക്കുന്നതിനേക്കാള്‍ പകര്‍ന്നുകൊടുക്കുന്നതാണു കൂടുതല്‍ ഫലപ്രദം.

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ എന്ന നിലയില്‍ 25 വര്‍ഷങ്ങള്‍ പിന്നിടുന്ന സീറോ മലബാര്‍ സഭയ്ക്ക് ഇന്ന് സഭായോഗങ്ങളും സഭയുടെ അസംബ്ലിയും മെത്രാന്‍ സിനഡും ഉള്ളതുപോലെ, പൗരസ്ത്യസഭകളുടെ പാരമ്പര്യത്തിലുള്ള സഭാ സിനഡും ഉണ്ടാകുന്നത് ഉചിതമാണ്. ധന്യവും പാവനവും വിശുദ്ധവും സംഘടിതവുമായ സീറോ മലബാര്‍ സഭയുടെ മകനാകാന്‍ സാധിച്ചത് വലിയ അഭിമാനമാണെന്നും ജസ്റ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു.