Christian Prayer - October 2025

ദമ്പതികളുടെ പ്രാർത്ഥന

പ്രവാചകശബ്ദം 19-10-2024 - Saturday

സർവ്വശക്തനും പിതാവുമായ ദൈവമേ, അങ്ങയുടെ അനുഗ്രഹത്തോടെ ഞങ്ങൾ സമാരംഭിച്ച ദാമ്പത്യജീവിതത്തെ ഓർത്ത് ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു.

വിശ്വസ്തതയോടും വിശുദ്ധിയോടുംകൂടെ, പരസ്‌പര സ്നേഹത്തിലും ധാരണയിലും ജീവിക്കുവാൻ, അങ്ങ് ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ആശകളും, അഭിലാഷങ്ങളും, പ്രതീക്ഷകളും ഉത്കണ്ഠകളും, വിജയങ്ങളും പരാജയങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഒരുപോലെ സ്നേഹത്തോടെ പങ്കുവയ്ക്കുവാൻ ഞങ്ങളെ ശക്തരാക്കണമേ.

പരസ്പ‌രം പഴിചാരുവാനും കുറ്റപ്പെടുത്തുവാനും ഞങ്ങളെ അനുവദിക്കരുതേ. എല്ലാവിധ തെറ്റിദ്ധാരണകളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

ലോകത്തിലെ യാതൊരു ശക്തിക്കും വ്യക്തിക്കും ഞങ്ങളെ വേർപിരിക്കാൻ കഴിയാതിരിക്കട്ടെ. ഞങ്ങളുടെ വേദനകളിലും ബുദ്ധിമുട്ടുകളിലും ഏകമനസ്സോടെ അങ്ങയുടെ സന്നിധിയിൽ അണയാനും പ്രാർത്ഥനയിൽ അഭയം കണ്ടെത്താനും ഞങ്ങളെ സഹായിക്കണമേ.

സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനേക്കാൾ സ്നേഹിക്കുന്നതിനും, മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും വേണ്ട ശക്തി ഞങ്ങൾക്കു നൽകണമേ. അങ്ങ് ഞങ്ങളെ ഭരമേല്പിച്ചിരിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും വിശ്വസ്തതയോടെ നിറവേറ്റി, അങ്ങേയ്ക്ക് പ്രീതികരമായവിധം ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.

കർത്താവേ, അങ്ങ് ഞങ്ങൾക്ക് ദാനമായി നൽകിയിരിക്കുന്ന മക്കളെ ഓർത്ത് (പേരുകൾ പറയുക) ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ അനന്തമായ സ്നേഹത്തിലും അങ്ങയിലുള്ള വിശ്വാസത്തിലും അങ്ങേയ്ക്ക് പ്രീതികരമായ ജീവിതത്തിലും വളർന്നുവരുവാൻ അവരെ അങ്ങ് സഹായിക്കണമേ. തിന്മയുടെ എല്ലാവിധ ശക്തികളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും അവരെ കാത്തുകൊള്ളണമേ.

അങ്ങനെ ഞങ്ങളെല്ലാവരും അങ്ങയുടെ സ്വർഗ്ഗീയ ഭവനത്തിൽ എത്തിച്ചേരുവാൻ അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും ആമ്മേൻ.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?




Related Articles »