News
പ്രാര്‍ത്ഥനാനിര്‍ഭരമായ പ്രദിക്ഷണത്തോടെ ദൈവമാതാവിന്റെ രൂപം വീണ്ടും നോട്രഡാം കത്തീഡ്രലില്‍
പ്രവാചകശബ്ദം 17-11-2024 - Sunday
പാരീസ്: പുനരുദ്ധാരണ പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലെത്തിയ ഫ്രാന്‍സിലെ പ്രസിദ്ധമായ നോട്രഡാം കത്തീഡ്രലില്‍ അഞ്ച് വർഷത്തിന് ശേഷം, ദൈവമാതാവിന്റെ രൂപം ദേവാലയത്തിലേക്ക് തിരിച്ചെത്തിച്ചു. വെള്ളിയാഴ്ച വൈകുന്നേരം, നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരിന്നു രൂപം ദേവാലയത്തിലെത്തിച്ചത്. 2019-ലെ നോട്രഡാം കത്തീഡ്രലിലെ തീപിടിത്തത്തിൽ നിന്ന് അത്ഭുതകരമായി സംരക്ഷിച്ച കന്യാമറിയത്തിൻ്റെയും ഉണ്ണീശോയുടെയും മധ്യകാല ശിലാരൂപം ഏറെ ശ്രദ്ധേയമായ ഒന്നാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഏകദേശം 6 അടി ഉയരമുള്ള മനോഹരമായ രൂപം, "പാരീസ് കന്യക" എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പാരീസ് കത്തോലിക്കരുടെ പ്രത്യാശയുടെയും വിശ്വാസത്തിൻ്റെയും പ്രതീകമായാണ് രൂപത്തെ വിശേഷിപ്പിക്കുന്നത്. നിരവധി വിശ്വാസപരമായ പുരാവസ്തുക്കൾ നശിപ്പിക്കപ്പെട്ട അഗ്നി ബാധയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയ രൂപത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയിരിന്നു.
സെയിൻ നദിയിലൂടെ സ്തുതിഗീതങ്ങളുടെയും പ്രാർത്ഥനകളുടെയും അകമ്പടിയോടെ പ്രദിക്ഷണമായാണ് രൂപം എത്തിച്ചത്. പ്രദിക്ഷണം കത്തീഡ്രലിൻ്റെ ചത്വരത്തിലേക്കെത്തിയപ്പോൾ, പാരീസിലെ ആർച്ച് ബിഷപ്പ് ലോറൻ്റ് ഉൾറിച്ച് ആശീര്‍വദിച്ചു. 2019 ഏപ്രില്‍ 15നു പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അഗ്‌നിബാധ നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. പുനരുദ്ധാരണത്തിന് ശേഷം ഈ വരുന്ന ഡിസംബർ 7-8 തീയതികളിൽ നോട്രഡാം തുറക്കുമെന്നാണ് കരുതപ്പെടുന്നത്.