News - 2024

തിരുസഭയുടെ ചരിത്രത്തിലാദ്യമായി വിശുദ്ധ വാതിൽ തടവറയിൽ തുറന്നു

പ്രവാചകശബ്ദം 27-12-2024 - Friday

വത്തിക്കാന്‍ സിറ്റി: ജൂബിലി വർഷത്തിൽ റോമിലെ റെബീബിയയിലുള്ള ജയിലില്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ വാതിൽ തുറന്നു. സഭയിൽ നൂറ്റാണ്ടുകൾ പിന്നോട്ടുപോകുന്ന ജൂബിലി പാരമ്പര്യ ചരിത്രത്തിൽ ഇതാദ്യമായാണ് കാരാഗൃഹത്തിൽ ഒരു വിശുദ്ധ വാതിൽ തുറക്കുന്നത്. സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനമായ ഇന്നലെ ഡിസംബർ 26നു ഫ്രാൻസിസ് പാപ്പ റോമിലെ റെബീബിയയിലുള്ള തടവറയുടെ പുതിയ വിഭാഗത്തിൽ വിശുദ്ധ വാതിൽ തുറന്നത്. ഇന്നലെ വ്യാഴാഴ്‌ച രാവിലെ, പ്രാദേശിക സമയം 9 മണിക്കു പാപ്പ വിശുദ്ധ വാതിൽ തുറന്നു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരിന്നു. നൂറോളം തടവുകാരും പോലീസ് ഓഫീസർമാർ, വൈദികര്‍, സന്നദ്ധപ്രവർത്തകർ, ജയിൽ ഗാർഡുകൾ, അവരുടെ കുടുംബങ്ങൾ എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു.

വിശുദ്ധ വാതിൽ തുറന്നതിൻറെ പൊരുൾ, പ്രതീകാത്മകത വിശദീകരിച്ച പാപ്പാ ഹൃദയം തുറക്കുക എന്നാണ് അത് സൂചിപ്പിക്കുന്നതെന്നു പറഞ്ഞു. അടഞ്ഞ കഠിന ഹൃദയങ്ങൾ ജീവിതത്തിന് സഹായകമല്ലെന്നു പ്രസ്താവിച്ച പാപ്പ, ആകയാൽ, ഈ ജൂബിലിയുടെ അനുഗ്രഹം പ്രത്യാശയിലേക്കു ഹൃദയം തുറക്കുക എന്നതാണെന്ന് ഉദ്ബോധിപ്പിച്ചു. മോശമായ കാര്യങ്ങളെക്കുറിച്ചു ചിന്തിച്ച്, എല്ലാം കഴിഞ്ഞെന്നു വിചാരിച്ചാൽ ഒന്നും പരിഹരിക്കാനാകില്ല. എന്നാൽ പ്രത്യാശ നിരാശപ്പെടുത്തില്ല. നമ്മുടെ ഹൃദയത്തിന്റെ വാതിൽ എപ്പോഴും തുറന്നിടണമെന്നു അനുസ്മരിച്ച പാപ്പ പ്രത്യാശയെ മുറുകെപിടിക്കണമെന്ന് ഓർമ്മിപ്പിച്ചു.

ഡിസംബർ 24ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വിശുദ്ധ വാതിൽ തുറന്നതോടെയാണ് 2025 ജൂബിലിവത്സരത്തിന് തുടക്കമായത്. ഇനി റോമിലെ ഇതര പേപ്പൽ ബസിലിക്കകളുടെ വിശുദ്ധ വാതിലുകൾ ഉടന്‍ തുറക്കും. വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ ഡിസംബർ 29-നും വിശുദ്ധ മേരി മേജർ ബസിലിക്കയുടെ 2025 ജനുവരി 1നും റോമൻ ചുമരിനു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയുടെ ജനുവരി 5നും ആയിരിക്കും തുറക്കുക. 2026 ജനുവരി 6 വരെയുള്ള സമയത്താണ് തിരുസഭ ജൂബിലി കൊണ്ടാടാന്‍ തീരുമാനിച്ചിരിക്കുന്നത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »