News - 2025

ഒരു മാസത്തിനിടെ വത്തിക്കാനിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിച്ചത് 13 ലക്ഷം വിശ്വാസികള്‍

പ്രവാചകശബ്ദം 13-02-2025 - Thursday

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ 2025 ജൂബിലി വർഷത്തിന് ആരംഭം കുറിച്ചത് മുതൽ ഇതുവരെ 1.3 ദശലക്ഷം ആളുകൾ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നതായി വത്തിക്കാന്‍. സായുധസേനയുടെ ജൂബിലിയുടെ ഭാഗമായി ഫെബ്രുവരി ഏഴിന് നടത്തിയ പത്രസമ്മേളനത്തിലാണ് നവസുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോപ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് റിനോ ഫിസിഷെല്ല ഇക്കാര്യം അറിയിച്ചത്. അതേസമയം തീർത്ഥാടകരുടെ എണ്ണം ജൂബിലിയുടെ വിജയത്തിനുള്ള സാധുതയുടെ മാനദണ്ഡമല്ലായെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്ക, സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്ക, സെന്‍റ് മേരി മേജർ ബസിലിക്ക, സെന്‍റ് പോൾ ബസിലിക്ക എന്നിങ്ങനെ റോമിലെ നാല് ബസിലിക്കകളിൽ മാത്രമാണ് വിശുദ്ധ വാതിലുകൾ സാധാരണയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ വർഷം ഫ്രാന്‍സിസ് മാർപാപ്പ റോമിലെ റെബിബിയ ജയിലിൽ മറ്റൊരു ജൂബിലി വാതില്‍ കൂടി തുറന്നിരിന്നു. വിശുദ്ധ വർഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വത്തിക്കാനിലെത്തി ജൂബിലി ആഘോഷത്തില്‍ പങ്കുചേരാനും പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാനും ലോകമെമ്പാടും വിവിധ തീര്‍ത്ഥാടന പദ്ധതികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്.

You may like: ARTICLE ‍ ജൂബിലി തീര്‍ത്ഥാടനവും വാതിലും | അറിയേണ്ടത് ‍

ജൂബിലി വർഷം മുഴുവൻ റോമിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്ന 30 ദശലക്ഷം തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യാൻ വത്തിക്കാനും ഇറ്റാലിയൻ അധികാരികളും സംയുക്ത പദ്ധതി തയാറാക്കിയിരിന്നു. കേവലം രണ്ട് മാസം കൊണ്ട് പതിമൂന്നു ലക്ഷം തീര്‍ത്ഥാടകര്‍ പിന്നിട്ട സാഹചര്യത്തില്‍ ജൂബിലി വര്‍ഷത്തില്‍ വത്തിക്കാനില്‍ കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ക്രിസ്തുമസ് തലേന്ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നാണ് ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചത്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »