Faith And Reason
'ദൈവകരുണയുടെ ചിത്രം വാതിലില്‍ പതിക്കൂ': കൊറോണയ്ക്കെതിരെ ആത്മീയ പ്രതിരോധം നിര്‍ദ്ദേശിച്ച് വൈദികന്‍
സ്വന്തം ലേഖകന്‍ 30-03-2020 - Monday
ലോകമെങ്ങും പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കുവാന്‍ ആത്മീയ ആയുധം നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വൈദികന്റെ വീഡിയോ തരംഗമാകുന്നു. സ്വഭവനത്തിന്റെ വാതില്‍ക്കല്‍ ദൈവകരുണയുടെ അത്ഭുത ചിത്രം പതിപ്പിച്ച് ഭവനം സുരക്ഷിതമാക്കണമെന്നാണ് മരിയന്‍ വൈദികനായ ഫാ. ക്രിസ് അലാര്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. ദൈവകരുണയുടെ ചിത്രത്തെ വണങ്ങുന്ന വ്യക്തിയുടെ ആത്മാവ് ഒരിക്കലും നശിക്കുകയില്ലെന്ന വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാള്‍സ്കയുടെ ഡയറിയിലെ വാചകവും (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകള്‍, 48) അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.
“പാപത്തിനുള്ള ശിക്ഷ ലോകത്തിന്റെ മേല്‍ പതിക്കുകയും, നിങ്ങളുടെ രാഷ്ട്രം നാശത്തിന്റെ വക്കിലെത്തുകയും ചെയ്യുമ്പോള്‍ എന്റെ കാരുണ്യത്തില്‍ അഭയം തേടുകമാത്രമാണ് ഏക മാര്‍ഗ്ഗം. ദൈവകരുണയുടെ ചിത്രങ്ങള്‍ കാണുന്ന നഗരങ്ങളേയും ഭവനങ്ങളേയും ഞാന്‍ സംരക്ഷിക്കും. ഈ ചിത്രത്തെ വണങ്ങുന്ന വ്യക്തിയെ ഞാന്‍ സംരക്ഷിക്കും” എന്നു യേശു വിശുദ്ധക്ക് വെളിപ്പെടുത്തിയ വാക്കുകള്‍ വൈദികന്‍ വീഡിയോയില്‍ ഓര്‍മ്മപ്പെടുത്തുന്നു.
വൈദികരുടെ അഭാവത്തില്‍ അത്മായര്‍ക്ക് തങ്ങളുടെ പക്കലുള്ള ദൈവകരുണയുടെ ചിത്രം എപ്രകാരം ആശീര്‍വദിക്കാമെന്നും അദ്ദേഹം തന്റെ വീഡിയോയിലൂടെ വിവരിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ട് മൂന്നു ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ യൂട്യൂബില്‍ കണ്ടിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
