News - 2025

കേരളത്തിലെ ആദ്യത്തെ വനിത ആംബുലൻസ് ഡ്രൈവര്‍ സിസ്‌റ്റർ ഫ്രാൻസിസ് വിടവാങ്ങി

പ്രവാചകശബ്ദം 31-12-2024 - Tuesday

തളിപ്പറമ്പ്: അര നൂറ്റാണ്ട് മുന്‍പ് വനിതകൾ വാഹനമോടിക്കുന്നത് അത്ഭുതമായ കാലത്ത് ആംബുലൻസ് ഓടിക്കാൻ ബാഡ്‌ജ് നേടിയ സംസ്ഥാനത്തെ ആദ്യത്തെ വനിത - സിസ്‌റ്റർ ഫ്രാൻസിസ് വിടവാങ്ങി. 74 വയസ്സായിരിന്നു. പട്ടുവം ദീനസേവന സന്യാസ സമൂഹാംഗമായ (ഡിഎസ്‌എസ്) സിസ്‌റ്റർ ഫ്രാൻസിസ് 49 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡ്രൈവിങ് ലൈസൻസ് നേടിയത്. ദീനസേവന സമൂഹത്തിന്റെ അനാഥാലയത്തിലെ അസുഖബാധിതരായ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഓടിക്കുക എന്ന ഒറ്റലക്ഷ്യമായിരിന്നു ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നതിന് സിസ്റ്ററെ പ്രേരിപ്പിച്ചത്.

ദീനസേവന സന്യാസ സമൂഹം സംരക്ഷിക്കുന്ന കുട്ടികളെയും അശരണരെയും ആശുപത്രികളിൽ എത്തിക്കാൻ അന്ന് ഡിഎസ്എസിന് ആംബുലൻസ് ഉണ്ടായിരുന്നു. 1976ൽ കോഴിക്കോട്ടുനിന്ന് ഹെവി ഡ്രൈവിംഗ് ടെസ്റ്റ് പാസായി ചരിത്രത്തിൽ ഇടംനേടി. കാസർഗോഡ് കോളിച്ചാൽ പതിനെട്ടാം മൈലിലെ പരേതരായ അയലാറ്റിൽ മത്തായി-അന്നമ്മ ദമ്പതികളുടെ പതിനൊന്നു മക്കളിൽ രണ്ടാമത്തെ മകളാണ്. പട്ടുവം, മാടായി, കാരക്കുണ്ട്, ആന്ധ്രാപ്രദേശ്, മേപ്പാടി, ബത്തേരി, മൂലംകര, കോഴിക്കോട്, മുതലപ്പാറ, മരിയപുരം, തിരുവനന്തപുരം, കൊടുമൺ, അരിപ്പാമ്പ്ര, കളമശേരി, കാരാപറമ്പ്, കോളിത്തട്ട് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ക‌ാരം പട്ടുവം സ്നേഹനികേതൻ ആശ്രമ ചാപ്പലിൽ കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തി. സഹോദരങ്ങൾ: എ.എം.ജോൺ (റിട്ട. പ്രഫസർ, കാസർകോട് ഗവ. കോളജ്), ലീലാമ്മ വാരണാക്കുഴിയിൽ, സിസ്‌റ്റർ ഫ്രാൻസിൻ (വിസിറ്റേഷൻ കോൺവൻ്റ് പയ്യാവൂർ), ത്രേസ്യാമ്മ നൂറ്റിയാനിക്കുന്നേൽ, ബേബി, സണ്ണി, സിസിലി കക്കാടിയിൽ (അധ്യാപിക, വിദ്യാനഗർ കേന്ദ്രീയ വിദ്യാലയം, കാസർകോട്), സാലു (അധ്യാപകൻ, രാജപുരം ഹോളി ഫാമിലി എച്ച്എസ്എസ്), സിസ്റ്റ‌ർ ജെസ്വിൻ (കണ്ണൂർ ശ്രീപുരം ബറുമറിയം സെൻ്റർ), പരേതനായ കുര്യാക്കോസ്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »