News
ചരിത്രത്തിൽ ആദ്യമായി വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അധ്യക്ഷ സ്ഥാനത്ത് വനിത
പ്രവാചകശബ്ദം 07-01-2025 - Tuesday
വത്തിക്കാൻ സിറ്റി: ചരിത്രത്തില്‍ ആദ്യമായി റോമൻ കൂരിയയുടെ ഭാഗമായ ഡിക്കാസ്റ്ററിയുടെ അധ്യക്ഷ സ്ഥാനത്ത് വനിതയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഇറ്റാലിയന്‍ സ്വദേശിനിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെയാണ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്. വത്തിക്കാനിലെ നേതൃപദവികളിൽ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ചരിത്ര നിയമനങ്ങളില്‍ നാഴികകല്ലാണ് സിസ്റ്റര്‍ സിമോണയുടെ നിയമനം. സ്പെയിന്‍ സ്വദേശിയും സലേഷ്യന്‍ സന്യാസ സമൂഹാംഗവുമായ കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസിനെ പ്രോ-പ്രിഫെക്റ്റ് ആയും തിരഞ്ഞെടുത്തിട്ടുണ്ട്.
കൺസോളറ്റ മിഷ്ണറി സന്യാസ സമൂഹാംഗവും മുൻ സുപ്പീരിയർ ജനറലുമായ സിസ്റ്റര്‍ സിമോണ 2023 ഒക്ടോബർ മുതൽ സമര്‍പ്പിത സമൂഹങ്ങള്‍ക്ക് വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരികയായിരിന്നു. ഇന്നലെ ജനുവരി 6 തിങ്കളാഴ്ചയാണ് നിയമന ഉത്തരവ് വത്തിക്കാനില്‍ നിന്നു പുറപ്പെടുവിച്ചത്. സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നഴ്‌സായി പരിശീലനം നേടിയ സിമോണ 1990-കളുടെ അവസാനത്തിൽ മൊസാംബിക്കിൽ ഒരു മിഷ്ണറിയായി സേവനം ചെയ്തിരുന്നു. പിന്നീട് ഇറ്റലിയിലേക്ക് മടങ്ങി മനഃശാസ്ത്രത്തിൽ ഉന്നത ബിരുദം നേടി.
പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിയിൽ അധ്യാപികയായി സേവനം ചെയ്തു. 2011 മുതൽ മെയ് 2023 വരെ കൺസോളറ്റ മിഷ്ണറി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായും സേവനം ചെയ്തിരിന്നു. കഴിഞ്ഞ മാസം, സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിൻ്റെ 16-ാമത് ഓർഡിനറി കൗൺസിൽ അംഗമായും സിസ്റ്റര്‍ സിമോണയെ തിരഞ്ഞെടുത്തിരിന്നു. 17 അംഗ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടു വനിതകളില്‍ ഒരാളായിരിന്നു അവര്‍. വത്തിക്കാൻ കാര്യാലയങ്ങളിൽ കൂടുതൽ വനിതകളെ നിയമിക്കുകയെന്നതു ഫ്രാൻസിസ് മാർപാപ്പയുടെ ഭരണപരിഷ്കാരങ്ങളിൽ പ്രധാനപ്പെട്ട തീരുമാനമാണ്. 2013 - 2023 കാലയളവിൽ വിവിധ വത്തിക്കാൻ ഓഫീസുകളിലെ സ്ത്രീ പ്രാതിനിധ്യം 19.2ൽ നിന്ന് 23.4 ശതമാനമായി ഉയർന്നിട്ടുണ്ട്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟