News
മധ്യപൂര്‍വ്വേഷ്യയിലെ പീഡിത ക്രൈസ്തവരെ അനുസ്മരിച്ചുള്ള പരിപാടിയില്‍ പങ്കുചേര്‍ന്ന് ചാള്‍സ് രാജാവ്
പ്രവാചകശബ്ദം 20-12-2024 - Friday
ലെയ്സ്റ്റര്‍: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഡിസംബര്‍ 12ന് ലണ്ടനിലെ ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തോലിക്ക ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയിലും മറ്റ് പരിപാടിയിലും ചാള്‍സ് മൂന്നാമന്‍ രാജാവ് പങ്കെടുത്തു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ന്റെ (എ.സി.എന്‍) സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇസ്ലാമിക തീവ്രവാദികളുമായി ബന്ധപ്പെട്ട വിമതരുടെ ഭരണത്തില്‍ കീഴിലായ സിറിയന്‍ ജനതക്ക് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന്‍ ചാള്‍സ് രാജാവ് വിശുദ്ധ കുര്‍ബാനക്ക് ശേഷം പറഞ്ഞിരിന്നു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിന് ബ്രിട്ടനിലെ ജെസ്യൂട്ട് പ്രോവിന്‍ഷ്യാള്‍ ഫാ. പീറ്റര്‍ ഗല്ലാഘര്‍ ചാള്‍സ് രാജാവിന് നന്ദി പറഞ്ഞു.
രാജാവിന്റെ സാന്നിധ്യത്തിനും ജീവിതത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന ദൈവീക സാന്നിധ്യത്തെയും ക്രിസ്ത്യന്‍ സമൂഹത്തിന്റെ നിലനില്‍പ്പിനെയും അംഗീകരിച്ചുകൊണ്ട് വിശ്വാസത്തിലും ഐക്യത്തിലും ഒരുമിച്ച് നില്‍ക്കുവാന്‍ ലഭിച്ച ഈ അവസരത്തിനും നന്ദി അര്‍പ്പിക്കുകയാണെന്ന് ഫാ. ഗല്ലാഘര്‍ കൂട്ടിച്ചേര്‍ത്തു. രാജാവ് പങ്കെടുത്ത പരിപാടി വളരെ വിജയകരമായിരുന്നുവെന്ന് ഫാം സ്ട്രീറ്റ് ചര്‍ച്ച് വികാരിയും ജെസ്യൂട്ട് വൈദികനുമായ ഫാ. ഡൊമിനിക് റോബിന്‍സണ്‍ അറിയിച്ചു.
വിവിധ ക്രിസ്ത്യന്‍ പാരമ്പര്യങ്ങളിലുള്ളവര്‍ക്ക് പുറമേ ഇതരമതസ്ഥരെയും, അവിശ്വാസികളെയും ഈ ആഗമനകാലത്ത് ഒരുമിച്ച് കൊണ്ടുവരുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ഫാ. റോബിന്‍സണ്‍ പറയുന്നു. ഒന്നാം നൂറ്റാണ്ടു മുതലുള്ള ചരിത്രത്തില്‍ മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ അടിച്ചമര്‍ത്തല്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് എസിഎന്‍ യുകെ നാഷ്ണല്‍ ഡയറക്ടറായ ഡോ. കരോളിന്‍ ഹള്‍ ചൂണ്ടിക്കാട്ടി. രാജാവ് നേരത്തെ മുതല്‍ കഷ്ടതയനുഭവിക്കുന്ന വിശ്വാസികളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ കേള്‍ക്കുകയും അവരോട് അഗാധവും അചഞ്ചലവുമായ അനുകമ്പ കാണിച്ചിരുന്നുവെന്നും ഈ പിന്തുണ തങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇറാഖിലെ ക്രിസ്ത്യന്‍ പട്ടണമായ ക്വാരഘോഷിലെയും നിനവേ സമതലത്തിലെയും ക്രൈസ്തവരുടെ പുനരധിവാസത്തിനു വര്‍ഷങ്ങളായി എസിഎന്‍ ശ്രമിച്ചു വരികയാണ്. നിരവധി ദേവാലയങ്ങളും വീടുകളുമാണ് എസിഎന്‍ പുനര്‍നിര്‍മ്മിച്ചത്. ഒരുപാട് ക്രൈസ്തവര്‍ സ്വദേശത്തേക്ക് മടങ്ങിവരുവാന്‍ ഇതുമൂലം സാധിച്ചിട്ടുണ്ട്. മധ്യപൂര്‍വ്വേഷ്യയില്‍ കാലങ്ങളായി കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവരെ ദീര്‍ഘകാലമായി പിന്തുണച്ചുവരുന്ന വ്യക്തിയാണ് ചാള്‍സ് മൂന്നാമന്‍ രാജാവ്. അവരുടെ കഷ്ടതകളിലേക്ക് അദ്ദേഹം പല പ്രാവശ്യം ലോകശ്രദ്ധ ക്ഷണിച്ചിരിന്നു.
2018-ല്‍ മധ്യപൂര്‍വ്വേഷ്യക്ക് വേണ്ടി ക്രിസ്ത്യാനികള്‍ നല്‍കിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് വെസ്റ്റ്മിനിസ്റ്റര്‍ അബ്ബിയില്‍ വെച്ച് നടന്ന പരിപാടിയില്‍ അന്ന് വെയില്‍സ് രാജകുമാരനായിരുന്ന ചാള്‍സ് മൂന്നാമന്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിരിന്നു. പരിപാടിയുടെ ഭാഗമായി ലണ്ടനിലെ ഇറാഖി ക്രൈസ്തവ സമൂഹത്തിന്റെ പ്രതിനിധികളുമായി ചാള്‍സ് രാജാവ് കൂടിക്കാഴ്ച നടത്തി.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟