News - 2025
മ്യാന്മറില്‍ വൈദികന്‍ കൊല്ലപ്പെട്ടു; പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി കർദ്ദിനാൾ ചാൾസ് ബോ
പ്രവാചകശബ്ദം 18-02-2025 - Tuesday
മ്യാന്മർ: രാജ്യത്തെ മിലിട്ടറിയും സായുധ പോരാളികളും തമ്മിൽ കടുത്ത ആക്രമണങ്ങൾ തുടരുന്നതിനിടെ, സായുധസംഘത്തിന്റെ വെടിയേറ്റ് മ്യാന്മറില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. മണ്ടാലയ് അതിരൂപതയിലെ ഫാ. ഡൊണാൾഡ് മാർട്ടിൻ യെ നൈങ് വിന്നാണ് കൊല്ലപ്പെട്ടത്. നാല്പത്തിനാലുകാരനായ ഫാ. ഡൊണാൾഡിന്റെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരിന്നു. വൈദിക നരഹത്യയെ അപലപിച്ചും അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തും മ്യാൻമറിലെ മെത്രാൻ സമിതി പ്രസിഡന്റ് കർദ്ദിനാൾ ചാൾസ് മൗങ് ബോ രംഗത്തെത്തി.
ജീവന്റെ നാഥനും പിതാവുമായ ദൈവം - വൈദികന്റെ മരണത്തിൽ ദുഃഖിക്കുന്ന, മണ്ടാലയ് അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർകോ ടിൻ വിൻ, വൈദികർ, സമർപ്പിതർ, വിശ്വാസികൾ എന്നിവരുൾപ്പെടെ ഏവരെയും ആശ്വസിപ്പിക്കട്ടെയെന്ന് കർദ്ദിനാൾ കുറിച്ചു. ഫാ. ഡൊണാൾഡിന്റെ കൊലപാതകം ആർക്കും എളുപ്പത്തിൽ മറക്കാൻ സാധിക്കുന്ന ഒന്നല്ലെന്നും, ഇത്തരം സംഭവങ്ങൾ ഇനിമേലിൽ ആവർത്തിക്കപ്പെടാതിരിക്കാനായി, ഉത്തരവാദിത്വപ്പെട്ടവർ ഇതിൽ നീതി നടപ്പാക്കണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു. ഫാ. ഡൊണാൾഡിന്റെ കൊലപാതകത്തിൽ രാജ്യത്തെ വത്തിക്കാൻ നയതന്ത്രകേന്ദ്രവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ചിൻ സംസ്ഥാനത്തിലെ മിൻഡാറ്റിലുള്ള തിരുഹൃദയ കത്തോലിക്ക ദേവാലയത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിരിന്നു. ജനുവരി 25 ന് ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച മിൻഡാറ്റ് രൂപതയുടെ കത്തീഡ്രലായി ഈ പള്ളിയെ അടുത്തിടെ ഉയര്‍ത്തിയിരിന്നു. ചിൻലാൻഡ് ഡിഫൻസ് ഫോഴ്‌സും (സിഡിഎഫ്) മ്യാൻമർ സൈന്യവും തമ്മില്‍ അടുത്ത നാളുകളില്‍ നടന്ന ഏറ്റുമുട്ടലിന്റെ വേദിയായിരുന്നു മിൻഡാറ്റ്. ഫെബ്രുവരി ആറിനാണ് കത്തീഡ്രലില്‍ ബോംബ് സ്‌ഫോടനം നടന്നത്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
