News

ജീവന്റെ മഹത്വത്തെ ഉയര്‍ത്തി കാണിച്ചു ഫ്രാന്‍സിസ് പാപ്പ; കരുണയുടെ വെള്ളിയാഴ്ച നവജാത ശിശു പരിപാലന വിഭാഗം സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 17-09-2016 - Saturday

വത്തിക്കാന്‍: ജീവന്റെ മഹത്വം മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാന്‍സിസ് പാപ്പ, കരുണയുടെ വെള്ളിയാഴ്ച നവജാത ശിശുക്കളെ പരിപാലിക്കുന്ന ആശുപത്രിയും അത്യാസന്ന നിലയില്‍ കഴിയുന്ന രോഗികളുള്ള ശരണാലയവും സന്ദര്‍ശിച്ചു. നവജാത ശിശുക്കളെ പരിപാലിക്കുന്ന സാന്‍ ജി‌യോവാണി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആണ് മാര്‍പാപ്പ ആദ്യം സന്ദര്‍ശനം നടത്തിയത്. ആശുപത്രിയിലെത്തിയ പാപ്പ പ്രത്യേകം മാസ്‌കും, വസ്ത്രവും ധരിച്ചാണ് നവജാതശിശു വിഭാഗത്തിലേക്കു പ്രവേശിച്ചത്.

12 കുഞ്ഞുങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇതില്‍ അഞ്ചു കുഞ്ഞുങ്ങള്‍ ഗുരുതരമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഓരോ കുഞ്ഞിന്റെയും അരികിലേക്ക് പാപ്പ കടന്നു ചെന്ന് അവരെ കുറിച്ച് അന്വേഷിച്ചു. ശുശ്രൂഷകരെയും കുട്ടികളുടെ മാതാപിതാക്കളേയും മാര്‍പാപ്പ പ്രത്യേകം ആശീര്‍വദിച്ചു. കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്കു തന്റെ പ്രാര്‍ത്ഥനയിലൂടെ പ്രത്യാശയും ആശ്വാസവും പകര്‍ന്നു നല്‍കാനും പരിശുദ്ധ പിതാവ് മറന്നില്ല.

കുട്ടികളെ സന്ദര്‍ശിച്ച ശേഷം ഗുരുതരാവസ്ഥയില്‍ കഴിയുന്ന 30 രോഗികളെ താമസിപ്പിച്ചിരിക്കുന്ന 'വില്ലാ സ്‌പെറാന്‍സ' എന്ന ശരണാലയത്തിലേക്കാണ് പാപ്പ പോയത്. മരണശയ്യയില്‍ കിടക്കുന്ന നിരവധി രോഗികള്‍ ഉള്ള വില്ലാ സ്‌പെറാന്‍സയില്‍ ഓരോ വ്യക്തികളുടെയും അരികില്‍ ചെന്ന് പാപ്പ അവരോട് അടുത്ത് ഇടപഴകി.

അന്തേവാസികളുടെ കുടുംബാംഗങ്ങളും ഇവിടെയുണ്ടായിരുന്നു. ജൂബിലി വര്‍ഷത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന 'കരുണയുടെ വെള്ളിയാഴ്ച' ഇത്തരം രണ്ടു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ തെരഞ്ഞെടുത്തത് ജീവന്റെ മഹത്വത്തെ കുറിച്ച് സന്ദേശം നല്‍കുന്നതിനു വേണ്ടിയാണെന്ന് വത്തിക്കാന്‍ പ്രതികരിച്ചു.

ഒരു സ്ഥലത്ത് ജീവന്‍ ലോകത്തിലേക്ക് കടന്നു വരുന്നു. മറ്റൊരു സ്ഥലത്ത് ഇഹലോകത്തിലെ പ്രയത്നങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ജീവന്‍ അതിന്റെ സൃഷ്ടാവിലേക്ക് മടങ്ങുന്നു. പാപ്പയുടെ ഈ സന്ദര്‍ശനത്തിലൂടെ മനുഷ്യന്‍ എന്ന അവസ്ഥയുടെ ഈ രണ്ട് മാനത്തേയും, അവന്റെ ജീവന്റെ വിലയേയും, മഹത്വത്തേയും പിതാവ് പ്രത്യേകം എടുത്ത് പറയുകയാണെന്ന്‍ വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക