India - 2025
കുഞ്ഞു മിഷനറിമാര്‍ കരുണയുടെ പ്രേഷിതരാകണം: തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍
സ്വന്തം ലേഖകന്‍ 22-09-2016 - Thursday
ചങ്ങനാശേരി: മിഷന്‍ ലീഗ് അംഗങ്ങളായ കുഞ്ഞുമിഷനറിമാര്‍ ലോകത്തിന്‍റെ ഉപ്പും കരുണയുടെ പ്രേഷിതരുമാകണമെന്ന് തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍. ചെറുപുഷ്പ മിഷന്‍ ലീഗ് ചങ്ങനാശേരി അതിരൂപത കൗണ്‍സിലും മാലിപ്പറമ്പിലച്ചന്‍, കുഞ്ഞേട്ടന്‍ അനുസ്മരണവും പ്രഥമ മാര്‍ ജയിംസ് കാളാശേരി അവാര്‍ഡ് ദാനസമ്മേളനവും ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. കുട്ടികള്‍ ആഴമായ ദൈവ വിശ്വാസത്തിലും ധാര്‍മികതയിലും വളരണമെന്നും ബിഷപ് ഓര്‍മ്മിപ്പിച്ചു.
പ്രസിഡന്‍റ് സെബിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മികച്ച മിഷന്‍ ലീഗ് പ്രവര്‍ത്തകന് അതിരൂപത മിഷന്‍ ലീഗ് ഏര്‍പ്പെടുത്തിയ മാര്‍ ജയിംസ് കാളാശേരി അവാര്‍ഡ് നിര്‍മ്മലപുരം ഇടവകാംഗമായ മാത്യു ജോസഫ് മുണ്ടാട്ടുചുണ്ടയിലിന് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ സമ്മാനിച്ചു. അതിരൂപത മിഷന്‍ലീഗ് തയാറാക്കിയ മിഷന്‍ലീഗ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള 'എല്‍ദാ' ഡോക്യുമെന്‍ററി സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.
അതിരൂപത ഡയറക്ടര്‍ റവ.ഡോ.ജോബി കറുകപ്പറമ്പില്‍ ആമുഖസന്ദേശം നല്കി. അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ.ജോസി പൊക്കാവരയത്ത്, ഫാ.തോമസ് കോയിപ്പുറം, ജോയിന്‍റ് ഡയറക്ടര്‍ സിസ്റ്റര്‍ ലിസി കണിയാംപറമ്പില്‍, ജാന്‍സന്‍ ജോസഫ്, പ്രകാശ് ചാക്കോ, റോസ് മരിയ ലൂക്കോസ്, ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട്, മിനി തോമസ്, ജോസി ജെ. ആലഞ്ചേരി, എന്നിവര്‍ പ്രസംഗിച്ചു.