India - 2024

കോതമംഗലം രൂപതാംഗമായ റവ.ഡോ.ജോർജ് കുരുക്കൂരിനു മോൺസിഞ്ഞോർ പദവി

സ്വന്തം ലേഖകന്‍ 28-10-2016 - Friday

കോതമംഗലം: കോതമംഗലം രൂപതാംഗവും പണ്ഡിതനുമായ റവ.ഡോ.ജോർജ് കുരുക്കൂരിനു മോൺസിഞ്ഞോർ പദവി. വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽനിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് കോതമംഗലം രൂപത ആസ്‌ഥാനത്തു ലഭിച്ചു.

ബഹുഭാഷാ പണ്ഡിതൻ, ഗ്രന്ഥകാരൻ, വിവർത്തകൻ, തുടങ്ങിയ നിലകളിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികം കേരളസഭയ്ക്കു നൽകിയ സേവനത്തെ പരിഗണിച്ചാണ് ബഹുമതി നല്‍കുന്നത്. 1990 മുതൽ അദ്ദേഹം കെസിബിസി ആസ്‌ഥാനമായ പിഒസിയിൽ, വത്തിക്കാൻ രേഖകളുടെ വിവർത്തകൻ, പിഒസി പബ്ലിക്കേഷൻസിന്റെ ജനറൽ എഡിറ്റർ എന്നീ നിലകളിൽ സേവനം ചെയ്തുവരികയാണ്.

1941 മാർച്ച് ഒന്നിനു കുരുക്കൂർ യൗസേപ്പ്–അന്നമ്മ ദമ്പതികളുടെ മകനായാണ് റവ. ഡോ. കുരുക്കൂറിന്റെ ജനനം. 1967 ഡിസംബർ 16നു പൗരോഹിത്യം സ്വീകരിച്ചു. 1980ൽ കേരള സർവകലാശാലയിൽനിന്നു മലയാളം എംഎ രണ്ടാം റാങ്കോടെ വിജയം കരസ്ഥമാക്കിയ അദ്ദേഹം മധുര കാമരാജ് സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടി. മാർപാപ്പമാരുടെ ചാക്രിക ലേഖനങ്ങൾ, അപ്പസ്തോലിക പ്രബോധനങ്ങൾ തുടങ്ങി ഇരുന്നൂറോളം ഡോക്യുമെന്റുകൾ ഇതിനോടകം തന്നെ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്.

കെ‌സി‌ബി‌സിയുടെതും സംസ്ഥാന സര്‍ക്കാരിന്റെതുമടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് റവ.ഡോ.ജോർജ് കുരുക്കൂര്‍ അര്‍ഹനായിട്ടുണ്ട്. ഡിസംബറിൽ എറണാകുളം പിഒസിയിൽ നടക്കുന്ന കെസിബിസി സമ്മേളനത്തിൽ മോൺസിഞ്ഞോർ പദവിയുടെ സ്‌ഥാനവസ്ത്രങ്ങൾ നൽകി റവ.ഡോ. കുരുക്കൂരിനെ ആദരിക്കും.