News - 2025

ആണവനിലയങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജപ്പാനിലെ കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 04-11-2016 - Friday

ടോക്കിയോ: ആണവോര്‍ജം ഉല്‍പാദിപ്പിക്കുന്നതിനെ എതിര്‍ത്ത് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ജപ്പാന്‍ 290 പേജുള്ള പ്രത്യേക പ്രസിദ്ധീകരണം പുറത്തിറക്കി. സാങ്കേതികമായും, ധാര്‍മ്മീകമായും, ദൈവശാസ്ത്രപരമായും ആണവനിലയങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ വ്യക്തതയോടെ ചൂണ്ടികാണിക്കുന്നതാണ് പ്രസിദ്ധീകരണം. 'അബോര്‍ഷന്‍ ഓഫ് നൂക്ലിയര്‍ പവര്‍: ആന്‍ അപ്പീല്‍ ഫ്രം ദ കാത്തലിക് ചര്‍ച്ച് ഇന്‍ ജപ്പാന്‍' എന്ന തലക്കെട്ടിലാണ് രേഖ പുറത്തുവന്നിരിക്കുന്നത്.

കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ജപ്പാന്റെ എഡിറ്റോറിയന്‍ കമ്മിറ്റിയുടെ ചുമതലകള്‍ വഹിക്കുന്ന ഈശോ സഭാംഗമായ ഫാദര്‍ ഇച്ചീറോ മിറ്റ്‌സുനോബൂവിന്റെ നേതൃത്വത്തിലാണ് ആണവോര്‍ജ പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസിദ്ധീകരണം തയ്യാറാക്കിയിരിക്കുന്നത്.

2011 നവംബര്‍ മാസം എട്ടാം തീയതി ഫുക്കൂഷിമായിലെ ഡായിച്ചി ആണവ നിലയത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ആണവോര്‍ജ ഉല്‍പാദനം നിര്‍ത്തണമെന്ന് ജപ്പാനിലെ കത്തോലിക്ക സഭ ആവശ്യപ്പെടുവാന്‍ ആരഭിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ 'ലൗദാത്തോ സീ' എന്ന ചാക്രിക ലേഖനവും ഇത്തരമൊരു രേഖ തയ്യാറാക്കുവാന്‍ ജപ്പാനിലെ സഭയ്ക്ക് പ്രചോദനമായി.

എന്തുകൊണ്ട് ആണവോര്‍ജത്തെ ഉപേക്ഷിക്കണമെന്നു വിശദീകരിക്കുന്ന ഈ പുസ്തകത്തില്‍ ജപ്പാനിലെ മത്സ്യബന്ധന തൊഴിലാളികള്‍ ആണവ വികിരണത്തിന് വിധേയരാകുന്ന കാര്യം പ്രത്യേകം ചൂണ്ടികാണിക്കുന്നു. ജപ്പാനിലുണ്ടായ അണു ബോംബാക്രമണത്തേയും അതിന്റെ ചരിത്ര പശ്ചാത്തലത്തേയും പ്രസിദ്ധീകരണത്തിന്റെ ആമുഖത്തില്‍ വിവരിക്കുന്നുണ്ട്. സാങ്കേതികമായി ആണവോര്‍ജം ഉല്‍പാദിപ്പിക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത് വ്യക്തമാക്കുന്നത്.

കത്തോലിക്ക സഭയുടെ പ്രബോധനങ്ങളും ദൈവശാസ്ത്രപരമായ ചിന്തകളും ചേര്‍ത്തു നിര്‍ത്തി ആണവോര്‍ജം ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ് പുസ്‌കത്തിന്റെ മൂന്നാം ഭാഗം വിവരിക്കുന്നത്. ക്രൈസ്തവ സഭകളും, മറ്റു മതവിശ്വാസികളും ഒരുമിച്ചു നിന്ന് ആണവോര്‍ജത്തെ എതിര്‍ക്കേണമെന്ന് പുസ്തകം പ്രത്യേകം ചൂണ്ടികാണിക്കുന്നു. പ്രാദേശിക ഭാഷയില്‍ മാത്രമാണ് ഇപ്പോള്‍ പ്രസിദ്ധീകരണം പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പണിപുരയിലാണ്.


Related Articles »