News

ക്രിസ്തുവിന്റെ കല്ലറ തുറന്നതു മുതല്‍ അത്ഭുതങ്ങളുടെ പ്രവാഹം; പ്രത്യേക പരിമളം പരക്കുന്നതായും, കാന്തിക വികിരണം ഉണ്ടാകുന്നതായും റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 16-11-2016 - Wednesday

ജറുസലേം: ക്രിസ്തുവിന്റെ തിരുശരീരം സംസ്‌കരിച്ച കല്ലറയുടെ ഉപരിഘടന തുറന്നതിനു പിന്നാലെ, കല്ലറ സ്ഥിതി ചെയ്യുന്ന 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചറില്‍' നിരവധി അത്ഭുതങ്ങൾ നടക്കുന്നതായി റിപ്പോര്‍ട്ട്. ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം അവിടുത്തെ തിരുശരീരം കിടത്തിയ കല്ലറയുടെ ഉപരിതലത്തെ മാര്‍ബിള്‍ ഫലകം ഒക്ടോബര്‍ മാസം അവസാനമാണ് നീക്കിയത്. വന്‍ ശാസ്ത്രസംഘവും, വിവിധ സഭകളുടെ പുരോഹിതരും ചേർന്നാണ് ക്രിസ്തുവിന്റെ തിരുശരീരം കിടത്തിയ കല്ലറയുടെ ഉപരിഘടന തുറത്.

ഒരു പ്രത്യേക തരം സുഗന്ധം കല്ലറ തുറന്നപ്പോള്‍ മുതല്‍ പ്രദേശത്ത് പരക്കുകയാണന്ന് അനുഭവസ്ഥര്‍ പറയുന്നു. മറ്റൊരു പ്രത്യേകത ഈ സ്ഥലത്ത് പരക്കുന്ന കാന്തിക വികരണമാണ് (ഇലക്ട്രോ മാഗ്നറ്റിക്ക് റേഡിയേഷന്‍). അസ്വാഭാവികമായ പലകാര്യങ്ങളും ശാസ്ത്രസംഘത്തിന്റെ ഉപകരണങ്ങളില്‍ സംഭവിക്കുതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റു പല അത്ഭുതങ്ങളും പുറംലോകം അറിഞ്ഞു വരുന്നതേയുള്ളൂ. 1809-ല്‍ കല്ലറയുടെ ഉപരിഘടനയിലെ മാര്‍ബിള്‍ ഫലകം പകുതി തുറന്നപ്പോഴും സമാനമായ പല സംഭവങ്ങളും നടന്നതായി ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

മാധ്യമ പ്രവർത്തകർക്ക് ഇവിടേക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 'ടെറി സെയിന്റ് മാഗസി'ന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി സേവനം ചെയ്യു മാരി ആര്‍മില്ല ബ്യൂലിയിയാണ് പ്രദേശത്തേക്ക് പ്രവേശനം അനുവദിക്കപ്പെട്ട' ചരുക്കം ചില വ്യക്തികളിൽ ഒരാള്‍. ഇത്തരം റിപ്പോർട്ടുകൾ സത്യമാണെന്ന് അവര്‍ വെളിപ്പെടുത്തുന്നു.

"ക്രിസ്തുവിന്റെ കല്ലറയുടെ അരികിലേക്ക് ഞാന്‍ പോയിരുന്നു. അവിടെ എത്തിയപ്പോള്‍ പ്രത്യേക തരം സുഗന്ധം എനിക്കും അനുഭവപ്പെട്ടു. ഒരു പെര്‍ഫ്യൂമും ഉപയോഗിക്കാതെയാണ് ഞാന്‍ അവിടേക്ക്‌ പോയത്. എന്നിട്ടും ഇതുവരെ അനുഭവിക്കുവാന്‍ സാധിച്ചിട്ടില്ലാത്ത ഒരു പരിമളം എനിക്ക് ഈ പ്രദേശത്തു നിന്നും ലഭിച്ചു. അത് എന്നെ അത്ഭുതപ്പെടുത്തി. ക്രിസ്തുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചറില്‍' എത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ എനിക്കൊരു പ്രത്യേകത അനുഭവപെട്ടിരുന്നു. ഇപ്പോൾ ഇതാ എനിക്ക് ക്രിസ്തുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന യഥാര്‍ത്ഥ സ്ഥലത്തേക്ക് വരെ കടന്നു ചെല്ലുവാന്‍ സാധിച്ചിരിക്കുന്നു. മഹാഭാഗ്യമാണിത്, ദൈവത്തിന് സ്തുതി". മാരി ആര്‍മില്ല പറയുന്നു.

ഒന്നാം നൂറ്റാണ്ടില്‍ ജൂതന്‍മാര്‍ ഉപയോഗിച്ചിരുന്ന ശവകല്ലറകള്‍ക്ക് സമാനമാണ് ക്രിസ്തുവിന്റെ ശവകല്ലറയും എന്ന കാര്യം ഇതിനോടകം തന്നെ ശാസ്ത്രീയമായി തെളിയിച്ചുകഴിഞ്ഞു. പുതിയ പരീക്ഷണങ്ങളും, ഗവേഷണങ്ങളുമെല്ലാം ക്രിസ്തുവിന്റെ കാലഘട്ടത്തെ കുറിച്ചും, അവിടുത്തെ ഉയര്‍പ്പിനെ കുറിച്ചുമുള്ള കൂടുതല്‍ വസ്തുതകള്‍ വെളിവാക്കുമെന്നാണ് കരുതപ്പെടുന്നത്.


Related Articles »