News - 2024
ടൂറിനിലെ തിരുകച്ച വീണ്ടും പഠന വിധേയമാക്കിയേക്കും
സ്വന്തം ലേഖകന്‍ 12-05-2018 - Saturday
ഇറ്റലി: കുരിശിലെ മരണ ശേഷം യേശുവിന്റെ ശരീരം പൊതിഞ്ഞതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടായിരം വർഷം പഴക്കമുള്ള ടൂറിനിലെ തിരുകച്ചയില്‍ വീണ്ടും പരിശോധന നടത്തുവാന്‍ വിദഗ്ദര്‍. കാര്‍ബണ്‍-14 പരിശോധനാ ഫലത്തില്‍ ഉണ്ടായ സംശയത്തെ തുടര്‍ന്നാണ് വീണ്ടും പരിശോധിക്കുവാന്‍ വിദഗ്ദ സംഘത്തിന്റെ കോണ്‍ഫറന്‍സില്‍ അഭിപ്രായമുയര്‍ന്നത്. ലിനൻ തുണിയിലുള്ള ടൂറിനിലെ തിരുക്കച്ചയുടെ നീളം 14.5 അടിയും, വീതി 3.5 അടിയുമാണ്. ചാട്ടവാർ പ്രഹരമേറ്റ് ക്രൂശിതനായ മനുഷ്യന്റെ മുൻവശവും പിറക് വശവുമാണ് തുണിയിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങൾ.
‘ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സിന്‍ഡോണോളജി’യുടെ സയന്റിഫിക് കൗണ്‍സില്‍ മെയ് 5, 6 തിയതികളിലായി സാവോയിയിലെ ചംബെരിയില്‍ വെച്ച് നടന്ന തങ്ങളുടെ വാര്‍ഷിക സമ്മേളനത്തില്‍ C-14 പരിശോധന നടത്തുന്നതിന്റെ വിശ്വാസ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്തിരിന്നു. ഡോക്ടര്‍മാര്‍, ഭൗതീകശാസ്ത്രജ്ഞര്‍, രസതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള നിരവധി വിദഗ്ദരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതിലാണ് പുനഃപരിശോധനയ്ക്കായി സ്വരമുയര്‍ന്നത്.
യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുകച്ച ഇറ്റലിയിലെ ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു.