India

പരിശുദ്ധ വ്യാകുലമാതാവിന്‍റെ ബസിലിക്ക തിരുനാൾ ആഘോഷം 25 മുതൽ

സ്വന്തം ലേഖകന്‍ 23-11-2016 - Wednesday

തൃശൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മരിയൻ തീർഥാടന കേന്ദ്രങ്ങളിലൊന്നായ പരിശുദ്ധ വ്യാകുലമാതാവിന്‍റെ ബസിലിക്ക പ്രതിഷ്ഠാ തിരുനാൾ 25, 26, 27, 28 തീയതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ആത്മീയ നവീകരണത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കൂട്ടായ്മയുടെയും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെയും ആഘോഷമാണ് ഈ വർഷത്തെ ബസിലിക്ക തിരുനാളെന്നു റെക്ടർ ഫാ. ജോർജ് എടക്കളത്തൂർ പത്രസമ്മേളനത്തിൽ പറഞ്ഞു.

25നു രാവിലെ പത്തിന് നടക്കുന്ന ആഘോഷമായ പാട്ടുകുർബാനയ്ക്കു ഫാ. വർഗീസ് കൂത്തൂർ കാർമികത്വം വഹിക്കും. 26നു വിവിധ കുടുംബസമ്മേളന യൂണിറ്റുകളിൽനിന്നുള്ള വ്യാകുലം അമ്പ് എഴുന്നള്ളിപ്പുകൾ രാത്രി ബസിലിക്കയിൽ സമാപിക്കും. തിരുനാൾദിനമായ 27നു രാവിലെ പത്തിനു നടത്തുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് 4.30നു ബസിലിക്കയിൽ നിന്ന് ലൂർദ്ദ് കത്തീഡ്രലിലേക്കു ജപമാലപ്രദക്ഷിണം ആരംഭിക്കും. 6.30ന് ലൂർദ്ദ് കത്തീഡ്രലിൽ നിന്ന് വ്യാകുലം എഴുന്നള്ളിപ്പ്. തുടർന്നുനടത്തുന്ന ആഘോഷമായ പാട്ടുകുർബാനയിൽ മാർ പ്രിൻസ് പാണേങ്ങാടൻ സന്ദേശം നൽകും.

പതിനഞ്ച് കുടുംബകൂട്ടായ്മകളിൽനിന്നുള്ള വ്യാകുലം, അമ്പ് എഴുന്നള്ളിപ്പും തിരുനാൾ ദിനത്തിലെ ജപമാല പ്രദക്ഷിണവും ലൂർദ്ദ് കത്തീഡ്രലിൽ നിന്ന് ബസിലിക്കയിലേക്കു വിവിധ വാദ്യമേളങ്ങളോടും അലങ്കരിച്ച തേരോടും കൂടിയ വ്യാകുലം എഴുന്നള്ളിപ്പും വിവിധ വ്യാപാര കേന്ദ്രങ്ങളിൽനിന്നും വ്യാപാരികളുടെ നേതൃത്വത്തിലുള്ള അമ്പ് എഴുന്നള്ളിപ്പും തൃശൂരിന്റെ സാംസ്കാരിക മതസൗഹാർദ കൂട്ടായ്മയെ വിളിച്ചോതുന്നതാണ്.

തിരുനാളിനോടനുബന്ധിച്ച് പത്തുലക്ഷം രൂപയിലധികം സാമൂഹ്യക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിഭാവനം ചെയ്തിട്ടുണ്ടന്നു വികാരി വ്യക്‌തമാക്കി. തിരുനാളിനോടനുബന്ധിച്ച് ലക്ഷക്കണക്കിന് എൽഇഡി വൈദ്യുത ദീപങ്ങളാൽ അലംകൃതമായ ദേവാലയവും ബൈബിൾ ടവറും ശ്രദ്ധേയമാകും.