News - 2025
ഫ്രാന്‍സിസ് പാപ്പയുടെ 80ാം പിറന്നാള്‍ ഡിസംബര്‍ 17നു: പിറന്നാള്‍ ആശംസകള്‍ അയക്കാന്‍ സംവിധാനം
സ്വന്തം ലേഖകന്‍ 14-12-2016 - Wednesday
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 80ാം പിറന്നാള്‍ ഡിസംബര്‍ 17ന് കൊണ്ടാടും. ജന്മദിനത്തില്‍ പ്രത്യേക ആഘോഷ പരിപാടികള്‍ വേണ്ടെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നും മാര്‍പാപ്പ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 1936 ഡിസംബര്‍ 17-നു അര്‍ജന്‍റീനയിലാണ് ഫ്രാന്‍സിസ് പാപ്പ ജനിച്ചത്.
ജന്മദിനമായ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 8 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പ കൃതഞ്ജതാ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് എല്ലാ ദിവസങ്ങളിലെയും പോലെ പരിപാടികള്‍ സാധാരണമായിരിക്കും.
മാല്‍ട്ട പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച, മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, സ്വിറ്റ്സര്‍ലണ്ടിലെ ചൂര്‍ രൂപതാ മെത്രാന്‍ എന്നിവരുമായുള്ള കൂടികാഴ്ച പാപ്പ നടത്തും. ഇറ്റലിയിലെ നൊമാഡെല്‍ഫിയ സമൂഹവുമായുള്ള സംവാദവും ജന്മദിനത്തിലെ പരിപാടികളിലുണ്ട്. അതേ സമയം ഫ്രാന്‍സിസ് പാപ്പായ്ക്ക് പിറന്നാള്‍ ആശംസകള്‍ ‘ഇ-മെയിലാ’യി അയക്കാന്‍ വത്തിക്കാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്.
PopeFrancis80@vatican.va എന്ന ഇ- മെയിലിലേക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാം. #Pontifex80 എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയായില്‍ ഉപയോഗിച്ച് കൊണ്ടും ഫ്രാന്‍സിസ് പാപ്പയ്ക്ക് ആശംസകള്‍ നേരാം.