Christian Prayer - January 2025

ആന്തരിക സൗഖ്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 01-01-2021 - Friday

കര്‍ത്താവായ യേശുവേ, ഞങ്ങളുടെ മുറിവേറ്റതും പ്രശ്നകലുഷിതവുമായ ഹൃദയങ്ങളെ സുഖപ്പെടുത്താന്‍ അവിടുന്ന് ആഗതനായി. എന്‍റെ ഹൃദയത്തില്‍ ഉത്കണ്ഠയുണ്ടാക്കുന്ന പീഡകളെ സുഖപ്പെടുത്തണമെന്നു ഞാന്‍ യാചിക്കുന്നു.

പ്രത്യേകമായി പാപത്തിനു കാരണമാകുന്നവയെ സുഖപ്പെടുത്തണമേ. എന്‍റെ കഴിഞ്ഞ കാലജീവിതത്തില്‍ ഉണ്ടായ എല്ലാ ആന്തരിക മുറിവുകളെയും അവ എന്‍റെ ജീവിതത്തിലുടനീളം ഉണ്ടാക്കിയ ആഘാതങ്ങളെയും സുഖപ്പെടുത്തണമെന്ന് പ്രാര്‍ത്ഥിക്കുന്നു.

കര്‍ത്താവായ യേശുവേ, അങ്ങെന്‍റെ വിഷമങ്ങള്‍ അറിയുന്നു. നല്ല ഇടയനായ അങ്ങയുടെ സന്നിധിയില്‍ അവ സമര്‍പ്പിക്കുന്നു. അങ്ങയുടെ ഹൃദയത്തിലേറ്റ ആ വലിയ മുറിവിന്‍റെ യോഗ്യതയാല്‍ എന്‍റെ മുറിവുകളെ സുഖപ്പെടുത്തണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളെ സുഖപ്പെടുത്തണമേ. അങ്ങനെ എനിക്ക് സംഭവിച്ചതൊന്നും എന്നെ വേദനയിലും വിഷമത്തിലും ഉത്കണ്ഠയിലും തളച്ചിടാതിരിക്കട്ടെ.

കര്‍ത്താവേ, എന്‍റെ ജീവിതത്തില്‍ രൂഢമൂലമായിരിക്കുന്ന തിന്മകള്‍ക്കു കാരണമായ സകല മുറിവുകളെയും സുഖപ്പെടുത്തണമേ. കര്‍ത്താവായ യേശുവേ, ശാരീരിക രോഗങ്ങള്‍ക്കു കാരണമാകുന്ന എന്‍റെ മുറിവുകളും സുഖപ്പെടുത്തണമേ. എന്‍റെ ഹൃദയത്തെ ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. കര്‍ത്താവേ, ഇതു സ്വീകരിച്ച് ശുദ്ധീകരിച്ചു അങ്ങയുടെ ദൈവിക ഹൃദയത്തിന്‍റെ വികാരങ്ങള്‍ എനിക്ക് നല്‍കണമേ.

കര്‍ത്താവേ, എന്നെ വേദനിപ്പിക്കുന്ന, പ്രിയപ്പെട്ടവരുടെ മരണം മൂലമുണ്ടായ വിഷമങ്ങളില്‍ എനിക്ക് സൗഖ്യം നല്‍കണമേ. പുനരുത്ഥാനവും ജീവനും അങ്ങാണെന്നുള്ള അറിവിലൂടെ സന്തോഷവും സമാധാനവും ഞാന്‍ വീണ്ടെടുക്കട്ടെ. അങ്ങയുടെ ഉത്ഥാനത്തിന്‍റെയും, പാപത്തിന്‍റെയും മരണത്തിന്‍റെയും മേലുള്ള അങ്ങയുടെ വിജയത്തിന്‍റെയും, ഞങ്ങളുടെ ഇടയിലുള്ള അങ്ങയുടെ സജീവ സാന്നിധ്യത്തിന്‍റെയും ആധികാരികമായ സാക്ഷിയായി എന്നെ മാറ്റേണമേ. ആമ്മേന്‍.


Related Articles »