News - 2025
ISIS ഭീകരരിൽ നിന്നും രക്ഷപ്പെടാൻ ആയിരക്കണക്കിന് ക്രിസ്ത്യാനികൾ സിറിയ വിടുന്നു.
അഗസ്റ്റസ് സേവ്യർ 10-11-2015 - Tuesday
കഴിഞ്ഞ ഫെബ്രുവരിയിൽ, ഇസ്ലാമിക് ഭീകരർ തട്ടിക്കൊണ്ടുപോയ 200 സിറിയൻ കൈസ്തവരിൽ, 37 പേരെ അവർ വിട്ടയച്ചു. സ്വതന്ത്രരാക്കപ്പെട്ടവർ, സിറിയയുടെ വടക്കുകിഴക്കൻ പ്രവിശ്യയിലെ റ്റാൽ ടമർ ഗ്രാമത്തിൽ എത്തി ചേരുന്നതിന്റെ ദൃശ്യങ്ങൾ, ഒരു സിറയൻ മനുഷ്യാവകശസംഘടന, (Assyrian Human Rights Network) അവരുടെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.മനസ്സലിയ്ക്കുന്ന രംഗങ്ങളാണ് FB പോസ്റ്റിൽ ഉളളത്.
ഇസ്ലാമിക് ഭീകരരുടെ പീഠനങ്ങൾക്കിരയായി, അനവധി മാസങ്ങൾ തടവിൽ കഴിഞ്ഞ അവരെ, ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കുന്നതിന്റെയും, ഒരു ദേവാലയത്തിൽ പുരോഹിതൻ അവർക്കുവേണ്ടി പ്രാർത്ഥനാ യോഗം സംഘടിപ്പിക്കുന്നതിന്റെയും ചിത്രങ്ങൾ, FB പോസ്റ്റിങ്ങിൽ കാണാം.ഭീകരരുടെ തടവിൽ അവശേഷിക്കുന്ന 124 പേരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടന അറിയിച്ചു. ഇപ്പോൾ മോചിപ്പിക്കപ്പെട്ടവരിൽ 27 പേർ സ്ത്രീകളാണെന്ന്, 'Assyrian Charitable Association' -ന്റെ അദ്ധ്യക്ഷൻ എഡ്മണ്ട് ഗബ്രിയേൽ പറഞ്ഞു. ചർച്ചകളെ തുടർന്ന് ഒക്ടോബറിൽ ISIS കുറച്ചു തടവുകാരെ വിട്ടയക്കുകയുണ്ടായെങ്കിലും, മൂന്നു പേരെ ഭീകരർ വധിച്ചിരുന്നു.
ക്രൈസ്തവ ഭൂരിപക്ഷമുള്ള സദാദ് പട്ടണത്തിൽ നിന്നും, ISIS ആക്രമണത്തെ തുടർന്ന്, ആയിരക്കണക്കിന് ക്രൈസ്തവർ പാലായനം ചെയ്തു കൊണ്ടിരിക്കുകയാണ്.ഒക്ടോബർ 31 മുതൽ ISIS ഭീകരർ ഈ പട്ടണത്തിനു നേരെ ആക്രമണം തുടരുകയാണെന്ന് , അവിടെ നിന്ന് 45 മൈലുകൾ മാത്രം അകലെയുള്ള ഹോംസ് നഗരത്തിലെ, സിറിയൻ ഓർത്തോഡക്സ് ആർച്ച് ബിഷപ്പ് സെൽവാനോസ് ബൗട്രോസ് അൽനേമ്ഹ്, ACN (Aid to the Church in Need)- നോട് പറഞ്ഞു.സദാദിന് അഞ്ച് മൈൽ മാത്രം അകലെയുള്ള മഹീൻ പട്ടണം, മറ്റൊരു മുസ്ലീം തീവ്രവാദിസംഘടനയായ ജിഹാദി വിഭാഗത്തിന്റെ കൈകളിൽ അകപ്പെട്ടു കഴിഞ്ഞു. ഈ പ്രദേശങ്ങളിൽ നിന്നും ഇതിനകം 15000-ത്തോളം വരുന്ന അഭയാർത്ഥികൾ ഹോംസിലെത്തിയതായി ആർച്ച് ബിഷപ്പ് അറിയിച്ചു.
സദാദിൽ സിറിയൻ സൈന്യം താവളമടിച്ചിട്ടുണ്ടെങ്കിലും പട്ടണത്തിന്റെ സുരക്ഷ സംശയത്തിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഹോംസ് രൂപതയിലെ ഏറ്റവും വലിയ ക്രൈസ്തവ കേന്ദ്രമാണ് സദാദ്. 2013-ൽ ഈ പട്ടണം മുസ്ലീം ഭീകരസംഘടനകളുടെ കൈയ്യിലകപ്പെട്ടിരുന്നു.അന്ന് ജിഹാദികൾ 45 ക്രിസ്ത്യാനികളെ വധിക്കുകയുണ്ടായി. ക്രൈസ്തവ ഭവനങ്ങൾക്കും ദേവാലയങ്ങൾക്കും അവർ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.അതിനിടയിൽ, ISIS നിയന്ത്രിതമേഖലയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ, ആറ് കുട്ടികൾ ഉൾപ്പടെ 71 പേർ കൊല്ലപ്പെട്ടുവെന്ന്, സിറിയൻ മനുഷ്യാവകാശസംഘടന (Syrian Observatory for Human Rights) അറിയിച്ചു.