News - 2025

സ്പാനിഷ് ചാനലിലെ തിരുഹൃദയ അവഹേളനത്തിനെതിരെ മെത്രാന്മാര്‍ ഒന്നടങ്കം രംഗത്ത്

പ്രവാചകശബ്ദം 04-01-2025 - Saturday

മാഡ്രിഡ്: സ്പാനിഷ് ടെലിവിഷനില്‍ പുതുവത്സരാഘോഷത്തിനിടെ യേശുവിന്റെ തിരുഹൃദയത്തെ അവഹേളിച്ചുള്ള പ്രക്ഷേപണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സ്പാനിഷ് മെത്രാന്‍ സമിതി. വിവാദചിത്രത്തിൽ താൻ ദുഃഖിതനാണെന്ന് സ്പെയിനിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ലൂയിസ് ആർഗ്വെല്ലോ പറഞ്ഞു. ഏവര്‍ക്കും പ്രിയപ്പെട്ട തിരുഹൃദയത്തെ TVE ചാനല്‍ കളിയാക്കുകയാണ് ചെയ്തതെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെയും ആഘോഷങ്ങളുടെ അതിരുകടന്ന പ്രകടനമാണിതെന്നും ഉത്തരവാദിത്തപ്പെട്ടവർ തന്നെ ഏറ്റവും നിന്ദ്യമായ കാര്യം ചെയ്യുന്നത് ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



2024-നോട് വിട പറഞ്ഞ് 2025 സ്വാഗതം ചെയ്യുന്ന മാഡ്രിഡില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണത്തിനിടെയാണ് വിവാദ ദൃശ്യമുണ്ടായത്. പരിപാടിയ്ക്കിടെ അവതാരിക പ്രോഗ്രാമിൻ്റെ ചിഹ്നമായി കാളയെ യേശുവിന്റെ തിരുഹൃദയ ചിത്രമാക്കി ഉയര്‍ത്തിക്കാണിക്കുകയായിരിന്നു. തിരുഹൃദയ ചിത്രത്തിലെ ഈശോയുടെ ശിരസ് ഉള്‍പ്പെടുന്ന ഭാഗത്ത് കാളയുടെ ചിത്രം ഒട്ടിച്ച് ചേര്‍ത്തതായിരിന്നു ദൃശ്യം. സെവില്ലെയിലെ ആർച്ച് ബിഷപ്പ്, ജോസ് ഏഞ്ചൽ സൈസ് സംഭവത്തെ അപലപിച്ചു. എത്ര കാലം ഇവര്‍ നമ്മുടെ ക്ഷമയെ ചൂഷണം ചെയ്യുമെന്ന് അദ്ദേഹം ചോദ്യമുയര്‍ത്തി. അവതാരിക മുഹമ്മദിൻ്റെ ചിത്രത്തിനൊപ്പം ഇത് ചെയ്യാൻ ശ്രമിച്ചാൽ, അത് ഒട്ടും തമാശയല്ലാതാകുമായിരിന്നുവെന്ന് ഒവിഡോയിലെ ആർച്ച് ബിഷപ്പ്, ജീസസ് സാൻസ് മോണ്ടസ് പറഞ്ഞു.



കത്തോലിക്കർ രാജ്യത്തെ രണ്ടാംതരം പൗരന്മാരല്ലായെന്ന് വിറ്റോറിയയിലെ ബിഷപ്പ് ജുവാൻ കാർലോസ് എലിസാൽഡെ പറഞ്ഞു. മറ്റ് ടെലിവിഷൻ ചാനലുകള്‍ തിരഞ്ഞെടുത്ത് സംഭവത്തിൽ പ്രതിഷേധിക്കാൻ ബിൽബാവോയിലെ ബിഷപ്പ് ഫെർണാണ്ടോ പ്രാഡോ വിശ്വാസികളോട് ആഹ്വാനം ചെയ്തു. അതേസമയം അധികൃതര്‍ക്കെതിരെ സ്പാനിഷ് ഫൗണ്ടേഷൻ ഓഫ് ക്രിസ്ത്യൻ ലോയേഴ്‌സ് പരാതി നൽകിയിട്ടുണ്ട്. സ്പാനിഷ് പീനൽ കോഡിലെ ആർട്ടിക്കിൾ 510, മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനെതിരെ ആർട്ടിക്കിൾ 525 എന്നിവ ചൂണ്ടിക്കാട്ടി വിദ്വേഷ കുറ്റകൃത്യത്തിനു അവതാരകയ്ക്കും സ്പാനിഷ് റേഡിയോ ആൻഡ് ടെലിവിഷൻ പ്രസിഡന്‍റിനുമെതിരെ കേസെടുക്കുവാനാണ് സ്പാനിഷ് ഫൗണ്ടേഷൻ ഓഫ് ക്രിസ്ത്യൻ ലോയേഴ്‌സ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »