News
കത്തോലിക്ക സഭയുടെ സംഭാവനകൾക്ക് നന്ദി അര്‍പ്പിച്ച് സാംബിയൻ പ്രസിഡന്‍റ്
പ്രവാചകശബ്ദം 04-01-2025 - Saturday
ലുസാക്ക: ആഫ്രിക്കന്‍ രാജ്യമായ സാംബിയയ്ക്കു വേണ്ടി കത്തോലിക്ക സഭ നല്കിയ സംഭാവനകൾക്ക് നന്ദി അര്‍പ്പിച്ച് പ്രസിഡന്‍റ് ഹകൈൻഡെ ഹിചിലേമ. രാജ്യത്തിൻ്റെ കടം പുനഃക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ കത്തോലിക്ക സഭയുടെ പങ്ക് അവര്‍ണ്ണനീയമാണെന്ന്‍ ലുസാക്കയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ജാൻലൂക്ക പെരിച്ചിയുമായി നടത്തിയ കൂടിക്കാഴ്ചാവേളയിൽ അദ്ദേഹം പറഞ്ഞു. ഡിസംബർ മുപ്പത്തിയൊന്നാം തീയതിയാണ്, ന്യൂൺഷ്യോയുടെ വസതിയില്‍ നേരിട്ടു എത്തി പ്രസിഡന്റ് നന്ദി പറഞ്ഞത്.
കടം കുറയ്ക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കലിനും വേണ്ടിയുള്ള സാംബിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്ക സഭ വളരെയധികം പിന്തുണ നൽകിയിരുന്നു. ജി20 കടാശ്വാസ ചട്ടക്കൂടിൽ സാംബിയയുടെ സ്ഥാനത്തെ പിന്തുണച്ചതും ഭരണകൂടത്തിന് ഉണര്‍വ് പകര്‍ന്നു. സാംബിയയിലെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ കാര്യമായ സംഭാവന നൽകിയിട്ടുള്ള കത്തോലിക്ക സഭയുമായി അടുത്ത് പ്രവർത്തിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയും സന്നദ്ധതയും പ്രസിഡന്റ് അറിയിച്ചു.
കടം പുനഃക്രമീകരിക്കൽ പ്രക്രിയയിൽ സാംബിയയുടെ ശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ബിഷപ്പ് ജാൻലൂക്ക ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക സന്ദേശം പ്രസിഡന്‍റിന് നൽകി. 2022-ൽ ഹിചിലേമ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. സാംബിയയും വത്തിക്കാനും തമ്മിലുള്ള നയതന്ത്രബന്ധത്തിന് ഈ ജൂബിലി വര്‍ഷത്തില്‍ 6 പതിറ്റാണ്ട് പിന്നിടുകയാണ്. രാജ്യത്തെ 2.06 കോടി ജനസംഖ്യയുടെ ഭൂരിഭാഗവും ക്രൈസ്തവ വിശ്വാസികളാണ്. ഇതില്‍ 75.3% പേരും പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളാണെന്നതും ശ്രദ്ധേയമാണ്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟