News - 2025
ആപ്പിൾ പോഡ്‌കാസ്റ്റ് ചാർട്ടുകളിൽ "ദ റോസറി ഇൻ എ ഇയർ" ഒന്നാമത്
പ്രവാചകശബ്ദം 04-01-2025 - Saturday
വാഷിംഗ്ടണ്‍ ഡിസി: കത്തോലിക്ക പുസ്തകങ്ങളുടെയും ഡിജിറ്റൽ മീഡിയയുടെയും പ്രസാധകരായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'അസെൻഷ'ന്റെ ഏറ്റവും പുതിയ പോഡ്‌കാസ്റ്റ് "ദ റോസറി ഇൻ എ ഇയർ" ആപ്പിൾ പോഡ്‌കാസ്റ്റ് ചാർട്ടുകളിൽ ഒന്നാമതെത്തി. ആപ്പിൾ ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തുന്ന അസെൻഷൻ്റെ മൂന്നാമത്തെ പോഡ്‌കാസ്റ്റാണിത്. 2021-ൽ ഫാ. മൈക്ക് ഷ്മിറ്റ്സിനൊപ്പം "ദ ബൈബിൾ ഇൻ എ ഇയർ" എന്ന ബ്രേക്ക്ഔട്ട് പോഡ്കാസ്റ്റിലൂടെ ചാർട്ടുകളിൽ ഒന്നാമതെത്തിയ അസെന്‍ഷന്‍, പുതുവര്‍ഷത്തില്‍ ഒരാഴ്ച തികയും മുന്‍പ് വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
ഫ്രാൻസിസ്‌ക്കൻ വൈദികനായ ഫാ. മാർക്ക്-മേരി അമേസ് അവതരിപ്പിക്കുന്ന, "ദ റോസറി ഇൻ എ ഇയർ" എന്ന പോഡ്‌കാസ്റ്റ്, ജപമാലയിലെ എല്ലാ ഘടകങ്ങളെയും ആഴത്തില്‍ മനസിലാക്കുന്നതിന് ശ്രോതാക്കളെ നയിക്കുന്ന പ്രതിദിന എപ്പിസോഡുകളാണ് പുറത്തുവിടുന്നത്. 15 മിനിറ്റ് ദൈര്‍ഖ്യമുള്ള പോഡ്കാസ്റ്റ് അതിവേഗം ആപ്പിൾ പോഡ്‌കാസ്റ്റ് ചാർട്ടുകളിൽ ഒന്നാമതെത്തുകയായിരിന്നു. "പ്രാർത്ഥനയുടെ പേശി" വളർത്തിയെടുക്കാൻ പോഡ്കാസ്റ്റിലെ ഓരോ ഘട്ടങ്ങളും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫാ. മാർക്ക് പറഞ്ഞു.
പോഡ്‌കാസ്‌റ്റ് ശ്രവിക്കുന്നവർ അവരുടെ പ്രാർത്ഥനാ ജീവിതത്തിൽ വളരുമെന്നും ജപമാലയിലൂടെ കർത്താവിനെ കണ്ടുമുട്ടുമെന്നു താൻ പ്രതീക്ഷിക്കുന്നതായും ഫാ. മാർക്ക് കൂട്ടിച്ചേര്‍ത്തു. എല്ലാ ദിവസവും അരമണിക്കൂര്‍ മാത്രം ചിലവഴിച്ച് ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ മുഴുവന്‍ വായിക്കുവാനും പഠിക്കുവാനും അവസരം ഒരുക്കുന്ന ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ മലയാളം പതിപ്പ് 'അസെന്‍ഷന്‍' ജനുവരി 1നു അവതരിപ്പിച്ചിരിന്നു. പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് സെഷന്‍ നയിക്കുന്നത്. ഇതും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟