India - 2024

തയ്യല്‍ക്കാരനില്‍ നിന്ന് വൈദികനിലേക്ക്: ഗോഡ്വിന്‍ അച്ചന്റെ ദൈവവിളി ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകന്‍ 16-01-2017 - Monday

നെയ്യാറ്റിന്‍കര: ഒരു തയ്യല്‍ക്കാരന്‍ വൈദികനാകുക. അതും നാല്‍പ്പത്തി മൂന്നാമത്തെ വയസ്സില്‍. ഇത് ഒരു കഥയല്ല. മറിച്ച് നെയ്യാറ്റിന്‍കരയിലെ ഗോഡ്വിന്‍ അച്ചന്റെ ജീവിതമാണ്. ഒരു കാലത്ത് നാട്ടുകാരുടെ പ്രിയപ്പെട്ട തയ്യല്‍ക്കാരനായിരിന്ന ഗോഡ്വിന്‍ ഇന്നലെ അതേ നാടിനെയും നാട്ടുകാരെയും സാക്ഷി നിര്‍ത്തിയാണ് തിരൂപട്ടം സ്വീകരിച്ചു പൌരോഹിത്യ ജീവിതത്തിലേക്ക് കടന്നത്.

മാതൃഇടവകയായ പനയറക്കല്‍ സെന്റ് മേരീസ് ദേവാലയത്തിലായിരിന്നു മലങ്കര കത്തോലിക്കാസഭയിലെ അംഗമായ ഈ നവപുരോഹിതന്റെ പ്രഥമ ദിവ്യബലിയര്‍പ്പണം. നാലാഞ്ചിറ നവജീവനില്‍ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബീഷപ്പ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഫാ.ഗോഡ്വിന്റെ പൗരോഹിത്യ സ്വീകരണം നടന്നത്. തുടര്‍ന്നാണ് ഇടവക ദേവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചത്.

പാറശ്ശാല പനയ്ക്കല്‍ പരേതരായ ക്രിസ്തുദാസ്, ജെസ്സി ദമ്പതികളുടെ ആറാമത്തെ മകനായാണ് ഗോഡ്വിന്റെ ജനനം. ജീവിതത്തിന്റെ പ്രാരാബ്ദവും കുടുംബത്തിന്റെ അവസ്ഥയും മനസ്സിലാക്കിയാണ് തന്റെ പത്താം ക്ലാസില്‍ പഠനം നിര്‍ത്തി ഗോഡ്വിന്‍ തയ്യല്‍ക്കാരനായത്. ആദ്യം സഹോദരന്റെ കൂടെയും പിന്നീട് സ്വന്തമായും തയ്യല്‍ ജോലി ചെയ്തു. എന്നാല്‍ ഗോഡ്വിന്റെ വിളി മറ്റൊന്നായിരിന്നു. പനയറയ്ക്കല്‍ സെന്റ് മേരീസ് ദേവാലയത്തോട് ചേര്‍ന്നുള്ള ചെറിയ കടയില്‍ ജോലിയില്‍ വ്യാപൃതനായിരിക്കേയാണ് ഗോഡ്വിന്‍ തന്റെ ദൈവവിളി തിരിച്ചറിയുന്നത്.

കുടുംബത്തിനായി തയ്യല്‍ ജോലിയിലേക്കിറങ്ങിയ ഗോഡ്വിന്‍ ക്രിസ്‌റ്റോ 29ാം വയസ്സില്‍ തന്റെ ദൈവവിളി തിരിച്ചറിഞ്ഞു. തുടര്‍ന്നു ഗോഡ്വിന്‍ സെമിനാരിയില്‍ ചേരുകയായിരിന്നു. 2003ല്‍ നാലാഞ്ചിറ ബഥനി ആശ്രമത്തില്‍ വൈദിക വിദ്യാര്‍ത്ഥിയായി പഠനം ആരംഭിച്ചു. ബഥനി കോളജില്‍ നിന്ന് ബിരുദ പഠനവും പൂര്‍ത്തിയാക്കി. പൂനെയില്‍ നിന്നാണ് ഫിലോസഫി പൂര്‍ത്തിയാക്കിയത്. 14 വര്‍ഷത്തെ സെമിനാരി പഠനത്തിനു ശേഷം കര്‍ത്താവിന്റെ അഭിഷിക്തനായി പൌരോഹിത്യ ജീവിതത്തിലേക്ക് പ്രവേശിച്ച ഗോഡ്വിന്‍ അച്ചന്‍ ദൈവവിളിയുടെ മറ്റൊരു സാക്ഷ്യം കൂടിയായി മാറുകയാണ്.


Related Articles »