Daily Saints. - August 2025
August 29: തിരുഹൃദയത്തിന്റെ വിശുദ്ധ ഏവുപ്രാസ്യാമ്മ
സ്വന്തം ലേഖകന്‍ 29-08-2024 - Thursday
തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി 1877 ഒക്ടോബര്‍ 17-നാണ് റോസ എന്ന ഏവുപ്രാസ്യമ്മ ജനിച്ചത്. പരിശുദ്ധ മാതാവിനോടുള്ള അവളുടെ അമ്മയുടെ അഗാധമായ ഭക്തിയും വിശ്വാസവും കുഞ്ഞു റോസയില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു. അവളുടെ അമ്മ അവളോടു പറഞ്ഞ കഥകളില്‍ നിന്നും പ്രത്യേകിച്ച് ലിമായിലെ വിശുദ്ധ റോസായുടെ കഥയില്‍നിന്നും ചെറുപ്പത്തില്‍ തന്നെ നന്മയില്‍ വളരുവാനും, യേശുവിനു വേണ്ടി സഹനം അനുഭവിക്കുവാനുമുള്ള അപാരമായ ആഗ്രഹം അവളുടെ ഉള്ളില്‍ ജനിച്ചു.
വളരും തോറും ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം ഏറിവന്ന റോസാ ഒമ്പതാം വയസ്സില്‍ പരിശുദ്ധ മാതാവിന്റെ ഒരു ദര്‍ശനത്താല്‍ കന്യാസ്ത്രീയാകുവാന്‍ തീരുമാനിച്ചു. അവളുടെ പിതാവിന്റെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും എവുപ്രാസ്യ നിരന്തരമായ പ്രാര്‍ത്ഥനകളും, ജപമാലകളും, ഉപവാസങ്ങളും തുടര്‍ന്നു കൊണ്ടിരിന്നു. റോസയുടെ ശക്തമായ പ്രാര്‍ത്ഥനയും ഇളയ സഹോദരിയുടെ പെട്ടെന്നുള്ള മരണവും അദ്ദേഹത്തിന്റെ മനസ്സ് മാറാന്‍ കാരണമായി. വാസ്തവത്തില്‍ അവളുടെ പിതാവ് തന്നെയാണ് കര്‍മ്മലീത്താ സഭയുടെ കൂനമ്മാവിലുള്ള മഠത്തില്‍ കൊണ്ട് പോയി ചേര്‍ത്തത്.
അനുദിനം വിവിധ രോഗങ്ങളാല്‍ അവള്‍ സഹനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിന്നു. ഒരിക്കല്‍ ഒരു മാരകമായ രോഗത്തിന്റെ പിടിയിലായ അവളെ മഠത്തിലെ മറ്റ് കന്യാസ്ത്രീകള്‍ തിരിച്ചയക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ തിരുകുടുംബത്തിന്റെ ഒരു ദര്‍ശനം വഴി അവള്‍ക്ക് അത്ഭുതകരമായ രോഗശാന്തി ലഭിച്ചതിനാല്‍ അവളെ അവിടെ തുടരുവാന്‍ അനുവദിക്കുകയായിരുന്നു. 1887 -ല്‍ സ്ഥാപിതമായ തൃശൂര്‍ വികാരിയാത്തിന്റെ അധീനതയില്‍ ആയിരുന്ന കൂനമ്മാവ് കന്യകാമഠം 1896 ലെ രൂപതാ പുനര്‍വിഭജനത്തില്‍ (തൃശൂര്‍, എറണാകുളം, ചങ്ങനാശേരി), എറണാകുളം രൂപതയുടെ കീഴിലായി. തൃശൂര്‍ വികാരിയാത്തിന്റെ പ്രഥമ സ്വദേശീയ മെത്രാനായ മാര്‍ യോഹന്നാന്‍ മേനാച്ചേരി തന്റെ രൂപതയില്‍പ്പെട്ടവരെ തൃശൂരിലേക്കു കൊണ്ടുവരുവാന്‍ പരിശ്രമിച്ചതിന്റെ ഫലമായി 1897 മെയ് ഒമ്പതിനു വിശുദ്ധ യൌസേപ്പിതാവിന്റെ നാമധേയത്തില്‍ അമ്പഴക്കാട് അവിഭക്ത തൃശൂര്‍ രൂപതയിലെ പ്രഥമ കര്‍മലീത്താമഠം സ്ഥാപിതമായി. അപ്രകാരം 1897-ല്‍ അവള്‍ പോസ്റ്റുലന്‍റ് ആകുകയും യേശുവിന്റെ തിരുഹൃദയത്തിന്റെ സിസ്റ്റര്‍ ഏവുപ്രാസ്യ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1898 ജനുവരി 10-ന് സന്യാസവസ്ത്രം സ്വീകരിച്ചു.
മാരകമായ രോഗങ്ങള്‍ക്കും, യാതനകള്‍ക്കും വിധേയയായിരുന്ന വിശുദ്ധ അപ്പോഴെല്ലാം പരിശുദ്ധ മാതാവിന്റെ സഹായം അവള്‍ക്ക് ശക്തി നല്‍കികൊണ്ടിരുന്നു. 1900 മെയ് 24-ന് തൃശ്ശൂര്‍ അതിരൂപതയില്‍ സെന്റ് മേരീസ് കന്യാസ്ത്രീ മഠം സ്ഥാപിതമായി. അതേദിവസം തന്നെ വിശുദ്ധ ഏവുപ്രാസ്യമ്മ അവളുടെ നിത്യവൃതം സ്വീകരിക്കുകയും ചെയ്തു. 1904 മുതല്‍ 1913 വരെ ഏവുപ്രാസ്യമ്മ അവിടത്തെ സന്യാസാര്‍ത്ഥികളെ പഠിപ്പിക്കുന്ന ചുമതല നിര്‍വഹിച്ചു പോന്നു. തന്റെ സഭയുടെ ഭാവി അംഗങ്ങളെ വിശുദ്ധ നല്ല രീതിയില്‍ രൂപാന്തരപ്പെടുത്തി. അവളുടെ വിനയവും, ഭക്തിയും, നന്മയും, അനുതാപവും, കാരുണ്യവും അവര്‍ക്ക് അനുകരണീയമായ മാതൃകയായിരുന്നു.
ഏകാന്തപരമായ ഒരു ജീവിതമായിരുന്നു സിസ്റ്റര്‍ ഏവുപ്രാസ്യാ ആഗ്രഹിച്ചിരുന്നതെങ്കിലും, ഒല്ലൂരിലെ സെന്റ് മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ ആയി അവള്‍ തിരഞ്ഞെടുക്കപ്പെട്ടു. 1913 മുതല്‍ 1916 വരെ വിശുദ്ധ തന്റെ ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചുവന്നു. അവളുടെ വിനയവും ഭക്തിയും കണ്ട് പ്രദേശവാസികള്‍ അവളെ 'പ്രാർത്ഥിക്കുന്ന അമ്മ' എന്നും അവിടത്തെ മറ്റ് കന്യാസ്ത്രീകള്‍ ‘സഞ്ചരിക്കുന്ന ആരാധനാലയം’ എന്നുമാണ് വിശുദ്ധയെ വിളിച്ചിരുന്നത്. കാരണം അവളിലെ ദൈവീക സാന്നിധ്യം അവള്‍ക്ക് ചുറ്റുമുള്ളവരിലേക്കും പ്രസരിച്ചിരുന്നു.
വിശുദ്ധയുടെ ആത്മീയജീവിതത്തിന്റെ തുടക്കം മുതലേ അവള്‍ക്ക് മെത്രാനായിരുന്ന ജോണ്‍ മേനാച്ചേരിയുടെ അനുഗ്രഹവും, ആത്മീയ മാര്‍ഗ്ഗദര്‍ശിത്വവും ലഭിച്ചിരുന്നു. തന്റെ ആത്മീയ ജീവിതത്വത്തിന്റെ എല്ലാ വശങ്ങളും തനിക്ക് വെളിപ്പെടുത്തണമെന്ന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും, അവളുടെ എല്ലാ എഴുത്തുകളും അദ്ദേഹം ബുദ്ധിപൂര്‍വ്വം സൂക്ഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന മാര്‍ ജോര്‍ജ് ആലപ്പാട്ട് വിരമിച്ചപ്പോള്‍ അദ്ദേഹം ഈ എഴുത്തുകള്‍ തൃശ്ശൂരിലെ കര്‍മ്മലീത്താ സഭയുടെ സുപ്പീരിയറിനെ ഏല്‍പ്പിക്കുകയും “നിങ്ങള്‍ക്കിത് ആവശ്യം വരും” എന്ന് പ്രവചനാത്മകമായി പറയുകയും ചെയ്തു.
എവുപ്രാസ്യാമ്മ തന്റെ സമയത്തിന്റെ ഭൂരിഭാഗവും കോണ്‍വെന്റിലെ അള്‍ത്താരക്ക് മുന്നിലായിരുന്നു ചിലവഴിച്ചിരുന്നത്. സ്വാഭാവികമായും അവള്‍ വിശുദ്ധ കുര്‍ബ്ബാനയുടേയും, ജപമാലയുടേയും വലിയൊരു അപ്പസ്തോലികയായി തീര്‍ന്നു. ക്രൂശിതനായ കര്‍ത്താവിനു അവള്‍ തന്നെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുകയും, കര്‍ത്താവില്‍ നിന്നും അവള്‍ക്ക് നിരന്തരം ആശ്വാസം ലഭിക്കുകയും ചെയ്തു കൊണ്ടിരുന്നു. തനിക്ക് ചെയ്യുന്ന ചെറിയ സഹായങ്ങള്‍ക്ക് വരെ “ഞാന്‍ ഇത് ഒരിക്കലും മറക്കുകയില്ല, എന്റെ മരണത്തിനു ശേഷവും” എന്ന് പറഞ്ഞുകൊണ്ട് നന്ദിപ്രകാശിപ്പിക്കുക അവളുടെ പതിവായിരുന്നു.
തിരുസഭയോട് ഏവുപ്രാസ്യാമ്മക്ക് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ടായിരുന്നു. സഭ നേരിടുന്ന പല പ്രശ്നനങ്ങളും അവളെ വ്യക്തിപരമായി ദുഃഖത്തിലാഴ്ത്തിയിരുന്നു. ശീശ്മമാ വാദികളുടെ മാനസാന്തരത്തിനായി അവള്‍ സഹനങ്ങള്‍ അനുഭവിക്കുകയും അവരുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറ്റുള്ളവരോടു ആവശ്യപ്പെടുകയും ചെയ്തു. സഭാപിതാക്കന്‍മാര്‍ക്കും, മെത്രാന്‍ മാര്‍ക്കും പുരോഹിതര്‍ക്കും വേണ്ടി അവള്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
തന്റെ ജീവിതം പൂര്‍ണ്ണമായും ദൈവസേവനത്തിനായി സമര്‍പ്പിച്ച ഏവുപ്രാസ്യാമ്മ 1952 ഓഗസ്റ്റ് 29ന് ദൈവേഷ്ടത്തിനു കീഴടങ്ങികൊണ്ട് ദൈവസന്നിധിയിലേക്ക് യാത്രയായി. ഏവുപ്രാസ്യാമ്മയുടെ മാധ്യസ്ഥതയില്‍ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ പ്രഥമമായത് ഒല്ലൂരിലെ അഞ്ചേരിയിലെ തോമസ് തരകന്‍ എന്ന കാന്‍സര്‍ രോഗിയുടെ രോഗശാന്തിയാണ്. തൃശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ കിടപ്പിലായ തോമസിന് കാന്‍സര്‍ രോഗമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ശസ്ത്രക്രിയക്ക് ഒരാഴ്ച മുന്‍പ് സ്കാന്‍ ചെയ്തപ്പോള്‍ യാതൊരു രോഗലക്ഷണവും കണ്ടില്ല. ഇത് ഏവുപ്രാസ്യാമ്മയോടുള്ള പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് അദ്ദേഹത്തിന്റെ സഹോദരിയായ റോസി സാക്ഷ്യപ്പെടുത്തി.
രണ്ടാമത്തേത് തൃശ്ശൂര്‍ ജില്ലയിലെ ആളൂരിലുള്ള ഏഴ് വയസ്സ്കാരനായ ജുവലിന്റേതാണ്. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച അവന് ഭക്ഷണമിറക്കുവാന്‍ ബുദ്ധിമുട്ടനുഭവിച്ചിരിന്നു. തൃശ്ശൂര്‍ ജില്ലയിലെ ധന്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇത് സുഖപ്പെടുത്തുവാന്‍ കഴിയില്ലെന്ന് വിധിയെഴുതി. ദരിദ്രരായ അവന്റെ കുടുംബം പ്രാര്‍ത്ഥിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലായിരുന്നു. അവന്റെ അമ്മൂമ്മ ഏവുപ്രാസ്യാമ്മയോട് മനമുരുകി പ്രാര്‍ത്ഥിച്ചു. ധന്യ ആശുപത്രിയിലെ ഡോക്ടറായ ശശികുമാര്‍ പിന്നീട് പരിശോധിച്ചപ്പോള്‍ അവന്റെ മുഴ അപ്രത്യക്ഷമായതായി കണ്ടു. മറ്റ് പല ഡോക്ടര്‍മാര്‍ അവനെ പരിശോധിക്കുകയും, വൈദ്യശാസ്ത്രപരമായ സഹായം കൂടാതെയാണ് ആ ആണ്‍കുട്ടി സുഖംപ്രാപിച്ചതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
1986 സെപ്റ്റംബര്‍ 27-നാണ് ഏവുപ്രാസ്യാമ്മയുടെ വിശുദ്ധീകരണ നടപടികള്‍ക്ക് ഒല്ലൂരില്‍ തുടക്കമായത്. 1987 ഓഗസ്റ്റ് 29ന് ഏവുപ്രാസ്യമ്മയെ ‘ദൈവദാസിയായി’ പ്രഖ്യാപിച്ചു. 1990-ല്‍ അവളുടെ കല്ലറ തുറക്കുകയും തിരുശേഷിപ്പുകള്‍ സെന്റ് മേരീസ് കോണ്‍വെന്റിലേക്ക് മാറ്റുകയും ചെയ്തു. 2002 ജൂലൈ 5ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഏവുപ്രാസ്യാമ്മയെ ധന്യയായി പ്രഖ്യാപിച്ചു. 2006 ഡിസംബര്‍ 3ന് അവളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. 2014 ഏപ്രില്‍ 23നാണ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഏവുപ്രാസ്യാമ്മയെ ഉയര്‍ത്തിയത്.
ഇതര വിശുദ്ധര്‍
1. ഫ്രാന്‍സിലെ അഡെല്‍ഫൂസ്
2. സര്‍സീനായിലെ ആല്‍ബെറിക്ക്
3. ഹൈപേഷിയസ്സും ആന്‍ഡ്രൂസും
4. പെരുജിയായില്‍ വച്ചു മരിച്ച റോമന്‍ എവുത്തിമിയൂസ്
5. ഫ്രാന്‍സിലെ മെദെരിക്കൂസ്
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക