Christian Prayer - April 2024
ദൈവകാരുണ്യ നൊവേന- എട്ടാം ദിവസം
സ്വന്തം ലേഖകന്‍ 05-04-2024 - Friday
ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം.
ധ്യാനം:-
ശുദ്ധീകരണ സ്ഥലത്ത് അടയ്ക്കപ്പെട്ടിരിക്കുന്ന ആത്മാക്കളെ ഇന്ന് എന്‍റെ അടുക്കല്‍ കൊണ്ടുവരിക. എന്‍റെ കരുണാസാഗരത്തില്‍ അവരെ മുക്കിയെടുക്കുക. അവരുടെ നീറുന്ന ജ്വാലകളെ എന്‍റെ രക്തം കൊണ്ടുള്ള അരുവി തണുപ്പിക്കട്ടെ. ഞാന്‍ വളരെ സ്നേഹിക്കുന്നവരാണ് ഈ ആത്മാക്കള്‍. എന്‍റെ നീതിക്ക് പരിഹാരം അനുഷ്ഠിക്കുന്നവരാണവര്‍. അവര്‍ക്ക് ആശ്വാസം നല്‍കുവാനുള്ള ശക്തി നിങ്ങളിലാണുള്ളത്. എന്‍റെ സഭയുടെ നിക്ഷേപാലയത്തിലുള്ള എല്ലാ ദണ്ഡവിമോചനങ്ങളും സമാഹരിച്ച് അവര്‍ക്കുവേണ്ടി സമര്‍പ്പിക്കുക. അവര്‍ സഹിക്കുന്ന വേദനകള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നീ നിന്‍റെ ആത്മാവിന്‍റെ ദാനങ്ങള്‍ അവര്‍ക്കായി സമര്‍പ്പിച്ച് എന്‍റെ നീതിയില്‍ അവരുടെ കടം വീട്ടപ്പെടുമായിരുന്നു.
പ്രാര്‍ത്ഥന:-
ഏറ്റവും കരുണയുള്ള ഈശോ, കരുണയാണ് അങ്ങ് ആഗ്രഹിക്കുന്നതെന്ന് അങ്ങ് തന്നെ അരുളി ചെയ്തിട്ടുണ്ടല്ലോ. ശുദ്ധീകരണ സ്ഥലത്തുള്ള എല്ലാ ആത്മാക്കളേയും അങ്ങയുടെ സഹതാപാര്‍ദ്രമായ ഹൃദയത്തില്‍ ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങേയ്ക്ക് വളരെ പ്രിയപ്പെട്ടവരെങ്കിലും അങ്ങയുടെ നീതി പൂര്‍ത്തിയാക്കേണ്ടവരാണവര്‍. അങ്ങയുടെ ഹൃദയത്തില്‍ നിന്നും പുറപ്പെട്ട രക്തവും ജലവും അഗ്നിജ്വാലകളെ ശമിപ്പിക്കട്ടെ. അങ്ങനെ അങ്ങയുടെ കരുണയുടെ ശക്തി അവിടേയും പുകഴ്ത്തപ്പെടട്ടെ.
നിത്യനായ പിതാവേ, ഈശോയുടെ ദയനിറഞ്ഞ ഹൃദയത്തില്‍ സ്ഥാനമുള്ള ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ മേല്‍ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകേണമേ. ഈശോ സഹിച്ച കയ്പ് നിറഞ്ഞ ക്ലേശങ്ങളെ പ്രതിയും, ഞാന്‍ അങ്ങയോടു യാചിക്കുന്നു. നീതിവിധിക്ക് വിധേയരായിരിക്കുന്ന ആത്മാക്കളുടെമേല്‍ അങ്ങയുടെ കാരുണ്യം വര്‍ഷിക്കണമേ. അങ്ങയുടെ പ്രിയപുത്രനായ ഈശോയുടെ തിരുമുറിവുകളിലൂടെ മാത്രം അങ്ങ് അവരെ നോക്കണമേ. അങ്ങയുടെ ദയയ്ക്കും നന്മയ്ക്കും അതിരുകളില്ലെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
ലുത്തിനിയ:
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ.
ഞങ്ങള്‍ അങ്ങില്‍ ശരണപ്പെടുന്നു
മിശിഹായെ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ.
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായെ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ.
പുത്രനായ ദൈവമേ! ലോകത്തിന്‍റെ വിമോചക! ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ.
സ്രഷ്ടാവിന്‍റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ!
പരിശുദ്ധാത്മാവിന്‍റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ!
പരിശുദ്ധ ത്രിത്വത്തിന്‍റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ!
അത്യുന്നതന്‍റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ!
അമാനുഷ സൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!
ഇല്ലായ്മയില്‍ നിന്നു നമ്മേ വിളിച്ച ദൈവകാരുണ്യമേ!
പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങളില്‍ അമര്‍ത്യത വിതക്കുന്ന ദൈവകാരുണ്യമേ!
അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ!
പാപത്തിന്‍റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ!
സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതികരണമായ ദൈവകാരുണ്യമേ!
ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ!
ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!
കരുണയുടെ മാതാവായ അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ!
ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ!
സാര്‍വത്രിക സഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ!
പരിശുദ്ധ കൂദാശകളില്‍ പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ!
മാമ്മോദീസയിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ!
പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ!
ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ!
പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!
നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ!
വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ!
രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ!
വ്യഥിത ഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ!
എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടേയും അനുഗമിക്കുന്ന ദൈവകാരുണ്യമേ!
പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ!
മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
അനുഗൃഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ!
എല്ലാ വിശുദ്ധരുടേയും കിരീടമായ ദൈവകാരുണ്യമേ!
അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ!
കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള ഏറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്‍റെ കുഞ്ഞാടെ,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചു കൊണ്ടിരിക്കുന ദൈവത്തിന്‍റെ കുഞ്ഞാടെ
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടെ
കര്‍ത്താവേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കര്‍ത്താവേ ദയാപൂര്‍വ്വം ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവിന്‍റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു. കര്‍ത്താവിന്‍റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും.
പ്രാര്‍ത്ഥിക്കാം:
ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്‍റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവിനോടും വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേയ്ക്കും ആമ്മേന്‍.
ദൈവകാരുണ്യ നൊവേനയുടെ ഓരോ ദിവസത്തെയും പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക